ഗിഫ്റ്റ് സിറ്റി പദ്ധതി: 500ഓളം കുടുംബങ്ങൾ തിരി തെളിയിച്ച് പ്രതിഷേധിച്ചു
text_fieldsകാലടി: അയ്യമ്പുഴയിൽ വരുന്ന ഗിഫ്റ്റ് സിറ്റി പദ്ധതിക്കെതിരെ പ്രതിഷേധം ശക്തമാവുന്നു. 500ഓളം കുടുംബങ്ങൾ അഞ്ച് കിലോമീറ്ററിൽ തിരിനാളം തെളിയിച്ച് പദ്ധതിക്കെതിരെ പ്രതിഷേധിച്ചു. കൊച്ചി ബംഗളൂരു ഇൻഡസ്ട്രിയൽ കോറിഡോറിെൻറ ഭാഗമായാണ് ഗിഫ്റ്റ് സിറ്റി പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത്. ഇതിനായാണ് പഞ്ചായത്തിലെ വിവിധ വാർഡുകളിൽ നിന്നായി 220 ഓളം ഹെക്ടർ ഭൂമി ഏറ്റെടുക്കാനായി സർക്കാർ ഉദ്യോഗസ്ഥതലത്തിൽ നീക്കം നടക്കുന്നത്.
വില്ലേജിൽനിന്ന് ലഭിച്ച സർവേ നമ്പറുകൾ പ്രകാരം 300 ഓളം വീടുകളാണ് നിർദിഷ്ട പദ്ധതി പ്രദേശത്ത് ഉൾപെടുന്നത്. ഇവരെ കുടിയിറക്കി വിടാനുള്ള നീക്കത്തിനെതിരായാണ് നാട്ടുകാർ ഒന്നടങ്കം പ്രതിഷേധത്തിനിറങ്ങിയത്. ജനപ്രതിനിധികളൊ പഞ്ചായത്തോ അറിയാതെ ഇത്രയും വലിയ പദ്ധതി വരുന്നതിൽ നിഗൂഢതയുണ്ടെന്ന് പ്രദേശവാസികൾ ആരോപിച്ചു. പദ്ധതി വന്നാൽ പ്രദേശത്തെ പരിസ്ഥിതി വന നശീകരണങ്ങൾ മാത്രമല്ല ജനങ്ങളുടെ കുടിവെള്ള പ്രശ്നവും രൂക്ഷമാകും. ഇത് വലിയ പ്രകൃതി ദുരന്തങ്ങൾക്ക് വഴിവെക്കാനും സാധ്യതയുണ്ടെന്നും അവർ കൂട്ടിച്ചേർത്തു. വ്യാഴാഴ്ച രാവിലെ പദ്ധതി സംബന്ധിച്ച വിവര ശേഖരണത്തിനായി ലാൻഡ് അക്വിസിഷൻ സബ് കലക്ടർ, ഗിഫ്റ്റ് പദ്ധതിയുമായി ബന്ധപ്പെട്ട സപെഷൽ തഹസിൽദാർ, കിൻഫ്ര ഉദ്യോഗസ്ഥർ എന്നിവർ സ്ഥലത്തെത്തിയപ്പോൾ ജനങ്ങൾ ഒത്തുകൂടി ഉദ്യോഗസ്ഥരെപരാതി ബോധിപ്പിച്ചിരുന്നു.
തുടർന്നാണ് രാത്രിയോടെ സ്ത്രീകളും കുട്ടികളുമടക്കം നിരവധി പേർ തിരിനാളം കത്തിച്ച് പ്രതിഷേധത്തിനായി അണിചേർന്നത്. പ്രകൃതിയെ നശിപ്പിക്കുന്ന ഒരു വ്യവസായത്തിനും കൂട്ടുനിൽക്കില്ലെന്നും പ്രതിഷേധ പരിപാടികളുമായി മുന്നോട്ടുപോകുമെന്നും സമര സമിതി ഭാരവാഹികളായ ബിജോയ് ചെറിയാൻ, ജോസ് ചുള്ളിക്കാരൻ, ഡേവിസ് പാലാട്ടി, തോമസ് മൂലൻ, ജിബിൻ ജോസ് എന്നിവർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.