മലയാറ്റൂരിനെ ഞെട്ടിച്ച് ഉഗ്രസ്ഫോടനം
text_fieldsകാലടി: മലയാറ്റൂർ-നീലീശ്വരം ഗ്രാമപഞ്ചായത്തിലെ ഇല്ലിത്തോട്ടിൽ പാറമടക്ക് സമീപത്തെ കെട്ടിടത്തിലെ സ്ഫോടനം ഗ്രാമവാസികളെ ഞെട്ടിച്ചു. ഉഗ്രശബ്ദത്തിനു പിന്നാലെ പ്രദേശത്ത് പുക പരന്നു. ഉരുൾപൊട്ടൽ ആണെന്ന ധാരണയിൽ പലരും ഉറക്കച്ചടവ് വിട്ട് വീട്ടിൽനിന്ന് ഇറങ്ങിയോടി. പിന്നീടാണ് പാറമടയിലേക്ക് കൊണ്ടുവന്ന സ്ഫോടക വസ്തുക്കളാണ് പൊട്ടിയതെന്ന് മനസ്സിലായത്.
കെട്ടിടം പൂർണമായും മിനിറ്റുകൾക്കകം നിലംപൊത്തിയത് ആളുകളെ ആശങ്കയിലാഴ്ത്തി. രക്തംവാർന്ന് കിടക്കുന്ന ഇതര സംസ്ഥാനക്കാരുടെ മൃതദേഹങ്ങൾ ഇപ്പോഴും ഇവരുടെ കണ്ണിൽനിന്ന് മാഞ്ഞിട്ടില്ല. ഈ ഭാഗത്തെ ചില വീടുകൾക്കും സ്ഫോടനത്തിൽ കേടുപാട് സംഭവിച്ചിട്ടുണ്ട്. മണ്ണുമാന്തി ഉപയോഗിച്ച് നടത്തിയ പരിശോധനയിലാണ് രണ്ട് മൃതദേഹം കണ്ടെത്തിയത്. ഒരാളുടെ മൃതദേഹം 500 മീറ്ററോളം ദൂരത്തിൽ ചിന്നിച്ചിതറിയാണ് കിടന്നത്.
സംഭവസ്ഥലത്തുനിന്ന് കുറച്ച് മാറിയുള്ള കുടിവെള്ള ടാങ്കിനും കേടുപാട് സംഭവിച്ചു. പഞ്ചായത്തിെൻറ പകുതി പ്രദേശങ്ങളിലും വെള്ളം എത്തിക്കുന്ന ടാങ്കാണിത്. കെട്ടിടത്തിൽ സ്ഫോടക വസ്തുക്കൾ സൂക്ഷിക്കാൻ അനുമതി ഇല്ലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. സംഭവത്തിൽ ദൂരുഹതയുണ്ടോയെന്ന് അന്വേഷിക്കുന്നുണ്ട്. സ്ഥാപന ഉടമ ഉൾപ്പെടെ രണ്ട് പേർക്കെതിരെ കേസെടുത്തതായി സി.ഐ എം.ബി. ലത്തീഫ് അറിയിച്ചു.
മജിസ്റ്റീരിയൽ അന്വേഷണത്തിന് കലക്ടറുടെ ഉത്തരവ്
കൊച്ചി: മലയാറ്റൂർ ഇല്ലിത്തോട് തിങ്കളാഴ്ച പുലർച്ച സ്ഫോടനത്തിൽ കെട്ടിടം തകർന്ന് രണ്ട് അന്തർസംസ്ഥാന തൊഴിലാളികൾ മരിക്കാനിടയായ സംഭവത്തിൽ മജിസ്റ്റീരിയൽ അന്വേഷണത്തിന് ജില്ല കലക്ടർ ഉത്തരവിട്ടു.
അഡീഷനൽ ജില്ല മജിസ്ട്രേറ്റ് സ്ഫോടനത്തെക്കുറിച്ച് അന്വേഷിക്കും. തഹസിൽദാറുടെ പ്രാഥമിക റിപ്പോർട്ടിെൻറ അടിസ്ഥാനത്തിൽ എക്സ്േപ്ലാസിവ്സ് ആക്ട് വകുപ്പ് ഒമ്പത് പ്രകാരമാണ് അന്വേഷണം. ഫോർട്ട്കൊച്ചി സബ് കലക്ടർ ഡോ. ഹാരിസ് റഷീദ് സംഭവസ്ഥലം സന്ദർശിച്ചിരുന്നു.
ഇല്ലിത്തോട് വിജയ ക്വാറിക്ക് സമീപത്തെ കെട്ടിടത്തിലാണ് സ്ഫോടനമുണ്ടായത്. അനധികൃതമായും മതിയായ സുരക്ഷ ഇല്ലാതെയും കെട്ടിടത്തിൽ സ്ഫോടകവസ്തുക്കൾ സൂക്ഷിച്ചതിൽ ക്വാറി ഉടമസ്ഥർക്ക് വീഴ്ച സംഭവിച്ചതായി പ്രാഥമിക റിപ്പോർട്ടിൽ പറയുന്നു.
ബെന്നി എന്നയാളുടെ സ്ഥലത്താണ് കെട്ടിടം സ്ഥിതി ചെയ്തിരുന്നത്. മഴയെത്തുടർന്ന് താലൂക്ക് ഓഫിസിൽ നിന്നുള്ള നിർദേശപ്രകാരം ക്വാറിയുടെ പ്രവർത്തനം നിർത്തിെവച്ചിരുന്നു. ക്വാറിക്കാവശ്യമായ സ്ഫോടകവസ്തുക്കൾ സൂക്ഷിച്ചിരുന്ന മാഗസിൻ, മൂന്ന് കിലോമീറ്റർ അകലെയുള്ള കണിമംഗലത്താണ് സ്ഥിതി ചെയ്യുന്നത്. ലൈസൻസോടെയാണ് ക്വാറി പ്രവർത്തിച്ചിരുന്നതെന്നും പ്രാഥമിക റിപ്പോർട്ടിൽ വ്യക്തമാക്കി. സംഭവത്തെക്കുറിച്ച് പൊലീസിൽനിന്ന് റിപ്പോർട്ട് തേടിയതായി ജില്ല കലക്ടർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.