സി.സി.ടി.വികൾ നോക്കുകുത്തി; പ്രതികളെ പിടികൂടാനാകാതെ പൊലീസ്
text_fieldsകളമശ്ശേരി: സി.സി.ടി.വി കാമറകൾ നോക്കുകുത്തി ആയതിനാൽ ജ്വല്ലറി മോഷണം, കുത്തിപ്പരിക്കേൽപിക്കൽ, കോവിഡ് പ്രതികളുടെ ചാട്ടം തുടങ്ങിയ കേസുകളുടെ തുമ്പില്ലാതെ പൊലീസ് ഇരുട്ടിൽ തപ്പുന്നു. ഒരാഴ്ചക്കിടെ കളമശ്ശേരി, ഏലൂർ സ്റ്റേഷൻ പരിധിയിൽ നടന്ന കേസുകളിൽ പ്രതികളെ പിടികൂടാനായിട്ടില്ല.
ട്രാഫിക് ലംഘനങ്ങളും കുറ്റകൃത്യങ്ങളും കണ്ടെത്തുന്നതിന് ദേശീയപാത കളമശ്ശേരിയിൽ 14 ലക്ഷത്തോളം മുടക്കി 43 പോസ്റ്റിൽ 25 കാമറ സ്ഥാപിച്ച് വർഷങ്ങളായിട്ടും നോക്കുകുത്തിയാണ്. കോവിഡ് ചികിത്സയിലിരുന്ന പ്രതികൾ ചാടിപ്പോയ എറണാകുളം ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ 140ഓളം കാമറ ഉണ്ടെന്നാണ് പറയുന്നത്. എന്നാൽ, മെഡിക്കൽ കോളജ് ആശുപത്രിയിൽനിന്ന് കഴിഞ്ഞ ദിവസം ചാടിപ്പോയ പ്രതികളെ കാമറയിൽ പതിഞ്ഞില്ല എന്നാണ് പൊലീസ് പറഞ്ഞത്.
വർഷങ്ങൾക്കുമുമ്പ് ഏലൂർ പാതാളം പാലത്തിന് സമീപം സ്ഥാപിച്ച കാമറയോടെയുള്ള നിരീക്ഷണകേന്ദ്രം നശിക്കുകയാണ്. സ്പോൺസർഷിപ്പിൽ സ്ഥാപിച്ച കേന്ദ്രത്തിൽനിന്ന് കമ്പ്യൂട്ടർ ഉപകരണങ്ങൾ പൊലീസ് എടുത്തുമാറ്റിയെങ്കിലും കേന്ദ്രം തകർന്ന് ഇന്ന് കരിക്ക് കച്ചവടസ്ഥലമായി.
ഫാക്ട് ജങ്ഷനിലെ ജ്വല്ലറിയിൽ നടന്ന വൻമോഷണത്തിലെ സാഹചര്യങ്ങൾ തേടി പല സി.സി.ടി.വികളും പൊലീസ് നിരീക്ഷിച്ചെങ്കിലും ഒന്നും കണ്ടെത്താനായില്ലെന്നാണ് പറയുന്നത്. രണ്ടുദിവസം മുമ്പ് നോർത്ത് കളമശ്ശേരിയിൽ യുവാവിനെ രണ്ടുപേർ കുത്തിപ്പരിക്കേൽപിച്ചവരെയും പിടികൂടാനായിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.