വരുമാനം ഉയർന്നില്ല; കൊച്ചി കോർപറേഷന് ബാധ്യത 90 കോടി
text_fieldsകൊച്ചി: കോവിഡ് പശ്ചാത്തലത്തിൽ നികുതി വരുമാനങ്ങൾ ഉൾപ്പെടെ ഇടിഞ്ഞതോടെ കൊച്ചി കോർപറേഷന് 90 കോടിയോളം രൂപയുടെ കടബാധ്യത. ജീവനക്കാരുടെ ശമ്പളം, വൈദ്യുതി ചാർജ് ഉൾപ്പെടെ ദൈനംദിന െചലവുകൾക്ക് 11കോടിയോളം രൂപയാണ് വേണ്ടിവരുന്നത്. എന്നാൽ, കോർപറേഷെൻറ ബാങ്ക് ബാലൻസ് അഞ്ചരക്കോടി മാത്രമാണ്. കരാറുകാരുടെ ബിൽ കുടിശ്ശിക നൽകാൻ മാത്രം 44 കോടി അടിയന്തരമായി ആവശ്യമുണ്ട്. ഇതിന് പുറമെ ബ്രഹ്മപുരം പ്ലാൻറ് പ്രവർത്തിപ്പിക്കാനും പണം നൽകണം. ഒന്നിനും മാർഗമില്ലാത്ത അവസ്ഥയാണെന്ന് കോർപറേഷെൻറ സാമ്പത്തിക സ്ഥിതിവിവരക്കണക്ക് വെളിപ്പെടുത്തുന്നു.
പി.എം.എ.വൈ ലൈഫ് പദ്ധതിയുടെ ഡി.പി.ആർ പ്രകാരം 69.64 കോടി രൂപ കോർപറേഷൻ കണ്ടെത്തണം. ഇതിന് 34.4 കോടി വായ്പയെടുക്കും. ബാക്കി 35.2 കോടി എങ്ങനെ കണ്ടെത്തും എന്നതിൽ തീരുമാനം ഉണ്ടായിട്ടില്ല. അടിയന്തരഘട്ടങ്ങളിൽ ജില്ല ആസൂത്രണസമിതിയുടെ അംഗീകാരമില്ലാതെ പൊതുമരാമത്ത് ജോലികളിൽ ആകെ വകയിരുത്തുന്ന തുകയുടെ 25 ശതമാനം തനത് ഫണ്ടിൽനിന്ന് ചെലവഴിക്കാം. 50.25 കോടിയാണ് കോർപറേഷെൻറ തനത് ഫണ്ട്. 25 ശതമാനമാകുേമ്പാൾ 12.56 കോടി ചെലവിടാനാകും.
എന്നാൽ, അടിയന്തരമായി തുക അനുവദിച്ച പദ്ധതികൾക്ക് മുൻഗണന നൽകിയതിനാൽ തുക വകമാറ്റുന്നത് അപ്രായോഗികമാകുമെന്നും റിേപ്പാർട്ട് ചൂണ്ടിക്കാട്ടുന്നു. അതിെൻറ അടിസ്ഥാനത്തിൽ ഇനി നടപ്പാക്കേണ്ട പദ്ധതികൾക്കെല്ലാം ഡി.പി.സി കൂടി മാത്രമേ അംഗീകാരം നൽകാവൂവെന്ന് സർക്കാർ നിർദേശവുമുണ്ട്. അതിനാൽ പദ്ധതി വിനിയോഗവും പ്രതിസന്ധിയിലാണ്. കോവിഡുമായി ബന്ധപ്പെട്ട് പ്രഖ്യാപിച്ച ലോക്ഡൗൺ കോർപറേഷെൻറ എല്ലാ വരുമാനമാർഗങ്ങളെയും തളർത്തിയെന്ന് ഡെപ്യൂട്ടി മേയറും ധനകാര്യ സ്ഥിരം സമിതി അധ്യക്ഷനുമായ കെ.ആർ. പ്രേമകുമാർ ചൂണ്ടിക്കാട്ടി.
ഇ-ഗവേണൻസ് സംവിധാനം പ്രവർത്തനക്ഷമമാകാത്തതും ഒാൺലൈൻ വഴിയുള്ള നികുതി വരുമാനമടക്കം മുടങ്ങാൻ കാരണമായി. അധികവരുമാനം ലക്ഷ്യമിട്ട് കോർപറേഷൻ നികുതി ഘടനയിൽ പുനഃക്രമീകരണം നടത്തിയിരുന്നു. 45 കോടിയോളം രൂപയാണ് ഇതിലൂടെ പ്രതീക്ഷിച്ചത്. കോവിഡും ലോക്ഡൗണും കാരണം എല്ലാം പ്രതിസന്ധിയിലായി. എന്നാൽ, ഇപ്പോൾ നില മെച്ചപ്പെട്ടുവരുകയാണെന്നും വരുംമാസങ്ങളിൽ തനത് വരുമാനത്തിൽ കാര്യമായ വർധന ഉണ്ടാകുമെന്നും അദ്ദേഹം പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.