സ്ത്രീയെ പൂട്ടിയിട്ട് സ്വർണം കവർന്ന കേസിൽ പ്രതികൾ പിടിയിൽ
text_fieldsകൊച്ചി: വസ്തു ഇടപാടുകാരിയായ എറണാകുളം സ്വദേശിനിയെ പൂട്ടിയിട്ട് സ്വർണം കവർന്ന കേസിൽ പ്രതികൾ പിടിയിൽ. ചേർത്തല പാണാവള്ളി പുതുവിൽനികത്ത് വീട്ടിൽ അശ്വതി (27), തിരുവനന്തപുരം പേട്ട വയലിൽ വീട്ടിൽ കണ്ണൻ (21), അരൂക്കുറ്റി വടുതല വേലിപറമ്പ് വീട്ടിൽ മുഹമ്മദ് ബിലാൽ (25), നോർത്ത് പറവൂർ കാട്ടിക്കളം അന്താരകുളം വീട്ടിൽ ഇന്ദു (32) എന്നിവരെയാണ് സെൻട്രൽ പൊലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ അഞ്ചിനായിരുന്നു കേസിന് ആസ്പദസംഭവം. വാടകവീട് കാണിച്ചുതരാമെന്ന് പറഞ്ഞ് പരാതിക്കാരിയെ എറണാകുളം ജങ്ഷൻ റെയിൽവേ സ്റ്റേഷന് സമീപത്തെ മൊണാസ്ട്രി റോഡിൽ പ്രതികൾ വിളിച്ചുവരുത്തിയാണ് കവർച്ച നടത്തിയത്. മുറികൾ കാണിക്കാം എന്ന വ്യാജേനയാണ് സ്ത്രീയെ വീടിനകത്ത് കയറ്റിയത്. പിന്നീട് പൂട്ടിയിട്ട് ദേഹോപദ്രവം ഏൽപിച്ച് ഒന്നര പവൻ മാല, അരപ്പവൻ കമ്മൽ, അരപ്പവൻ മോതിരം എന്നിവ അഴിച്ചെടുക്കുകയും വിവരം പൊലീസിൽ അറിയിച്ചാൽ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. പരാതിക്കാരി സെൻട്രൽ പൊലീസ് സ്റ്റേഷനിൽ എത്തി വിവരം അറിയിച്ചതോടെ കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
പ്രതികൾ കണ്ണാടിക്കാട് വീട് വാടകക്കെടുത്ത് ഒളിച്ചുതാമസിക്കുകയാണെന്ന വിവരം ലഭിച്ചതോടെ സ്ഥലത്തെത്തിയ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. ചോദ്യം ചെയ്യലിൽ കവർച്ച ചെയ്ത മുതലുകൾ പൂച്ചാക്കലിലെ ഒരുസ്ഥാപനത്തിൽ പണയം വെച്ചതായി കണ്ടെത്തി. പൊലീസ് ഇത് കണ്ടെടുക്കുകയും ചെയ്തു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
എറണാകുളം അസിസ്റ്റൻറ് കമീഷണർ കെ. ലാൽജിയുടെ നിർദേശപ്രകാരം സെൻട്രൽ െപാലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ എസ്. വിജയശങ്കറിെൻറ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്. എസ്.ഐ വിപിൻ കുമാർ, തോമസ് പള്ളൻ, ആനന്ദവല്ലി, സീനിയർ സിവിൽ െപാലീസ് ഓഫിസർമാരായ അനീഷ്, ബീന, സിവിൽ െപാലീസ് ഓഫിസർ ഇഗ്നേഷ്യസ്, അജിത്ത് എന്നിവരും അന്വേഷണസംഘത്തിലുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.