സി.പി.ഐ പ്രവർത്തകനെ സി.പി.എമ്മുകാർ ആക്രമിച്ചെന്ന്
text_fieldsകോതമംഗലം: സി.പി.ഐ തൃക്കാരിയൂർ ലോക്കൽ കമ്മിറ്റി അംഗം തങ്കളം ആർത്തുങ്കൽ പ്രദീപിനെ സി.പി.എം പ്രവർത്തകർ ആക്രമിച്ചതായി പരാതി. നെല്ലിക്കുഴി പഞ്ചായത്ത് ഏഴാം വാർഡിലെ സ്ഥാനാർഥി നിർണയവുമായി ബന്ധപ്പെട്ട തർക്കമാണ് അക്രമത്തിൽ കലാശിച്ചത്.
കഴിഞ്ഞ തെരഞ്ഞെടുപ്പിൽ സി.പി.ഐ ജയിച്ച വാർഡ് കേരള കോൺഗ്രസ് മാണി വിഭാഗത്തിന് നൽകാൻ സി.പി.എം ആവശ്യം നിരസിച്ച് റിയ റിജുവിനെ സ്ഥാനാർഥിയാക്കി സി.പി.ഐ പ്രചാരണം ആരംഭിച്ചു.
എന്നാൽ, മുൻപഞ്ചായത്ത് അംഗം ശ്രീദേവി ബാബുവിനെ എൽ.ഡി.എഫ് സ്ഥാനാർഥിയാക്കി സി.പി.എം തൃക്കാരിയൂർ ലോക്കൽ കമ്മിറ്റി മുന്നോട്ട് വരികയും ചെയ്തു. രണ്ടുപേർക്കും വേണ്ടിയുള്ള പ്രചാരണ പ്രവർത്തനങ്ങൾ ആരംഭിച്ചതിെൻറ ഭാഗമായുള്ള തർക്കമാണ് ആക്രമണത്തിൽ കലാശിച്ചത്. പ്രചാരണ പ്രവർത്തനങ്ങൾക്ക് ശേഷം ശനിയാഴ്ച രാത്രി 11 ഓടെ വീട്ടിലെത്തിയ പ്രദീപിനെ ഒരു സംഘം ആക്രമിക്കുകയായിരുന്നു. തലക്ക് പരിക്കേറ്റ പ്രദീപിനെ കോതമംഗലം മാർ ബസേലിയോസ് മെഡിക്കൽ മിഷൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സി.പി.ഐയിൽനിന്ന് പുറത്താക്കിയ ഒരു പറ്റം ആളുകൾ യാതൊരു പ്രകോപനവും കൂടാതെ ആക്രമിക്കുകയായിരുന്നുവെന്ന് ലോക്കൽ സെക്രട്ടറി എം.ജി. പ്രസാദ് പറഞ്ഞു. പ്രദീപിനെ മർദിച്ചവർക്കെതിരെ കോതമംഗലം പൊലീസിൽ പരാതി നൽകി. മർദിച്ചവരെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് സി.പി.ഐ മണ്ഡലം കമ്മിറ്റി കോതമംഗലം നഗരത്തിൽ പ്രതിഷേധ പ്രകടനം നടത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.