വടാട്ടുപാറ റോഡിൽ ഒറ്റയാൻ; പടിപ്പാറയിൽ കൃഷി നശിപ്പിച്ചു
text_fieldsകോതമംഗലം: വടാട്ടുപാറ റോഡിൽ ഒറ്റയാൻ ഇറങ്ങുന്നു. ഇതുവഴിയുള്ള യാത്രക്കാർ ഭീതിയിൽ. ഭൂതത്താൻകെട്ട്^വടാട്ടുപാറ റോഡിൽ തുണ്ടം റേഞ്ച് ഓഫിസിന് സമീപമാണ് സ്ഥിരമായി ഇറങ്ങുന്നത്. തുണ്ടം വനത്തിൽനിന്ന് റോഡിന് സമീപത്തേക്ക് ഇറങ്ങുന്ന കാട്ടാന ഏറെ സമയം റോഡിലും സമീപത്തുമായി തങ്ങുന്നതാണ് യാത്രക്കാരെ ഭയപ്പെടുത്തുന്നത്.
വൈകുന്നേരങ്ങളിൽ കാട്ടാനക്കൂട്ടം റോഡ് മുറിച്ചുകടക്കുന്നത് പതിവുകാഴ്ചയാണ്. ഒറ്റയാെൻറ സാന്നിധ്യമേറിയതോടെ വടാട്ടുപാറയിലേക്കുള്ള നാട്ടുകാരും ഇടമലയാർ പദ്ധതി പ്രദേശത്തേക്കുള്ള വൈദ്യുതി ബോർഡ് ജീവനക്കാരും ഏറെ ഭയത്തോടെയാണ് ഇതുവഴി വാഹനങ്ങളിൽ കടന്നുപോകുന്നത്.
റോഡരികിൽ എത്തുന്ന ഒറ്റയാൻ ഏറെ നേരം തങ്ങുന്നതിനാൽ വാഹനങ്ങൾ നിർത്തിയിടാറാണ് പതിവ്. പിന്നീട് വനപാലകർ എത്തി ആനയെ തുരത്തിശേഷം വേണം കടന്നുപോകാൻ.
പടിപ്പാറയിൽ കൃഷി നശിപ്പിച്ചു
കോതമംഗലം: പിണ്ടിമന പഞ്ചായത്തിലെ വേട്ടാംപാറ പടിപ്പാറയിൽ ജനവാസ മേഖലയിലെത്തിയ കാട്ടാനക്കൂട്ടം കൃഷി നശിപ്പിച്ചു. ശനിയാഴ്ച രാത്രി കാട്ടാനക്കൂട്ടം താമരുകുടിയിൽ ഷാജിയുടെ 500 ചുവട് കപ്പ, ഏത്തവാഴ എന്നിവയും പള്ളത്തുപാറ പി.എം. മൈതീെൻറ റബർ മരങ്ങളും പൈനാപ്പിൾ കൃഷിയും നശിപ്പിച്ചു.
ലക്ഷങ്ങളുടെ നഷ്ടമാണ് കർഷകർക്കുണ്ടായത്. ഷാജി ബാങ്ക് വായ്പയെടുത്താണ് കൃഷിയിറക്കിയത്. കാട്ടാനകളെ തടയുന്നതിന് വൈദ്യുതിവേലി ഉണ്ടെങ്കിലും ഇവ ഫലപ്രദമല്ല. കാട്ടാന ശല്യം പതിവായതോടെ നാട്ടുകാർ ഭീതിയോടെയാണ് കഴിയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.