പീസ്വാലിയുടെ കരുതൽ തുണയായി; അസം സ്വദേശിനിയും മക്കളും നാട്ടിലേക്ക്
text_fieldsകോതമംഗലം: ഭർത്താവ് ഉപേക്ഷിച്ചതിനെ തുടർന്ന് കോതമംഗലം പീസ്വാലിയിൽ അഭയം നൽകിയ അസം യുവതിയും നവജാതശിശുവും അഞ്ചുവയസ്സുള്ള പെൺകുട്ടിയും ബന്ധുക്കളോടൊപ്പം നാട്ടിലേക്ക് മടങ്ങുന്നു.
ലോക്ഡൗൺ കാലത്ത് പെരുമ്പാവൂർ മുടിക്കലിലെ ഒറ്റമുറി വാടകവീട്ടിൽ പ്രസവിച്ച മണിരാൻ നെസ്സ എന്ന യുവതിയുടെ ദുരിതം കുറച്ചുമാസംമുമ്പ് വാർത്തകളിൽ നിറഞ്ഞിരുന്നു.
കഴിഞ്ഞ മാർച്ച് 26ന് പുലർച്ചയാണ് ഇവർ ആൺകുഞ്ഞിന് ജന്മം നൽകിയത്. പ്രസവത്തെ തുടർന്ന് അമിത രക്തസ്രാവം ഉണ്ടായി അബോധാവസ്ഥയിലായി.
തുടർന്ന് പഞ്ചായത്ത് അംഗത്തിെൻറ നേതൃത്വത്തിൽ ചോരക്കുഞ്ഞിനെയും അമ്മയെയും പെരുമ്പാവൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും സ്ഥിതി ഗുരുതരമായതിനെത്തുടർന്ന് എറണാകുളം ജനറൽ ആശുപത്രിയിലേക്ക് എത്തിച്ച് രക്ഷിക്കുകയായിരുന്നു.
നവജാതശിശുവിന് ആവശ്യമായ പോഷകാഹാരങ്ങളോ പരിചരണമോ ലഭിക്കാതെ കുഞ്ഞിെൻറയും യുവതിയുടെയും ആരോഗ്യം മോശമായി വന്ന സാഹചര്യത്തിൽ പരിചരണവും സംരക്ഷണവും ലഭ്യമാക്കാൻ ഉദ്ദേശിച്ച് വാഴക്കുളം പഞ്ചായത്ത് അധികൃതർ കോതമംഗലം പീസ് വാലിയുമായി ബന്ധപ്പെടുകയായിരുന്നു.
ഭർത്താവ് മറ്റൊരു സ്ത്രീയെ വിവാഹം കഴിച്ച് ബംഗാളിലേക്ക് പോയിരുന്നു. ബന്ധുക്കളെ കണ്ടെത്താൻ പീസ് വാലി നടത്തിയ ശ്രമങ്ങളുടെ ഫലമായി യുവതിയുടെ നാട്ടിൽ വിവരം അറിയിക്കുകയും തുടർന്ന് ബന്ധുക്കൾ എത്തുകയുമായിരുന്നു.
പെരുമ്പാവൂർ പൊലീസ് മുമ്പാകെ യുവതിയെയും ബന്ധുക്കളെയും എത്തിച്ച് നടപടിക്രമങ്ങൾ പൂർത്തീകരിച്ച് നാട്ടിലേക്ക് അയച്ചു. പീസ്വാലി ചെയർമാൻ പി.എം. അബൂബക്കർ, ഭാരവാഹികളായ എം.എം. ശംസുദ്ദീൻ, സി.എം. ഷാജുദ്ദീൻ എന്നിവർ സന്നിഹിതരായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.