നെട്ടൂർ മാടവന ജങ്ഷനിൽ സിഗ്നൽ തകരാറായിട്ട് മാസങ്ങൾ അപകടം തുടർക്കഥ
text_fieldsമരട്: സിഗ്നൽ തകരാറായിട്ട് മാസങ്ങളായ മാടവന ജങ്ഷനിൽ വീണ്ടും അപകടം. കാറിൽ മിനി ബസ് ഇടിച്ച് കാർ യാത്രികനായ പനങ്ങാട് സ്വദേശി നാസറിനാണ് പരിക്കേറ്റത്. ഇയാളെ നെട്ടൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പനങ്ങാട് നിന്നും വന്ന കാർ വൈറ്റില ഭാഗത്തേക്ക് തിരിയാൻ ശ്രമിക്കുന്നതിനിടെ അരൂർ ഭാഗത്തുനിന്ന് വരികയായിരുന്ന മിനി ബസ് ഇടിക്കുകയായിരുന്നു. ചൊവ്വാഴ്ച രാവിലെ 7.15 ഓടെയായിരുന്നു അപകടം.
കാറിൽ രണ്ട് പേരാണ് ഉണ്ടായിരുന്നത്. ഇടത് വശത്തെ മുൻ സീറ്റിലിരിക്കുകയായിരുന്നു നാസർ. കാറിന്റെ ഇടതുവശം പൂർണമായും തകർന്നു. മിനി ബസ് അമിത വേഗത്തിലായിരുന്നുവെന്ന് പ്രദേശത്തുണ്ടായിരുന്നവർ പറഞ്ഞു. സിഗ്നൽ സംവിധാനം തകരാറിലായ മാടവന ജങ്ഷനിൽ മനുഷ്യ ജീവന് പുല്ലുവിലയാണ് അധികൃതർ നൽകുന്നത്. ഇവിടെ അപകടം തുടർക്കഥയായിരിക്കുകയാണ്.
കഴിഞ്ഞ ദിവസങ്ങളിലെല്ലാം അപകടങ്ങൾ നടന്നതായി പ്രദേശവാസി ഒ.എ. ബഷീർ പറഞ്ഞു. തിരേക്കേറിയ ദേശീയപാതയിലെ മാടവന ജങ്ഷനിലെ സിഗ്നൽ പോസ്റ്റ് കെ.എസ്.ആർ.ടി.സി ബസ് ഇടിച്ച് തകർന്ന് ഒരു മാസം ആയിട്ടും സിഗ്നൽ പുനഃസ്ഥാപിക്കാത്തതിൽ പ്രതിഷേധം ശക്തമാണ്. ഒരു വശത്തെ സിഗ്നൽ തകർന്നതിന് ശേഷം നിരവധി അപകടങ്ങൾ സംഭവിച്ചിട്ടും അധികൃതർ സിഗ്നൽ പുനഃസ്ഥാപിക്കാൻ തയാറായിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.