അപകടത്തിന് കാത്ത് അധികൃതര്‍; കുണ്ടന്നൂര്‍ ജങ്ഷനിലെ കുഴികളിൽപെട്ട് യാത്രക്കാര്‍ വലയുന്നു
text_fieldsമരട്: കുണ്ടന്നൂര്‍ ദേശീയപാത മേല്‍പ്പാലത്തിന് സമീപത്തെ സര്‍വീസ് റോഡിലൂടെ യാത്ര ചെയ്യുമ്പോള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ കാത്തിരിക്കുന്നത് വന്‍ അപകടം.
കുണ്ടന്നൂര്‍ ഫ്ലൈ ഓവര്‍ യാഥാര്‍ഥ്യമാകുന്നതിനു മുമ്പ് ദേശീയപാതയിലൂടെ സഞ്ചരിച്ചിരുന്ന റോഡാണ് തകര്‍ന്ന് ഇരുചക്ര വാഹനയാത്രികരെ അപകടത്തിലാക്കുന്ന തരത്തില്‍ ഭീഷണിയായിരിക്കുന്നത്. ടാര്‍ ചെയ്ത ഭാഗങ്ങള്‍ ഇളകി കുഴികളായതോടെയാണ് മേല്‍പ്പാലത്തിനു സമീപത്തെ സര്‍വീസ് റോഡുകളില്‍ ടൈല്‍ വിരിച്ചത്. എന്നാല്‍, ടൈലുകള്‍ ചില ഭാഗങ്ങളില്‍ ഇളകാന്‍ തുടങ്ങിയതോടെ ഈ ഭാഗങ്ങളില്‍ വീണ്ടും ടാര്‍ ചെയ്തു. ഈ ടാറും ഇളകി ചെറിയ കട്ടകളായി മാറിയ സ്ഥിതിയാണ് നിലവിലുള്ളത്.
ഇതിലൂടെ സഞ്ചരിക്കുന്ന ഇരുചക്ര വാഹന യാത്രികര്‍ ഇളകിയ ടാറിന്റെ വശങ്ങളില് കയറുമ്പോള്‍ നിയന്ത്രണം തെറ്റി അപകടത്തില്‍പ്പെടുന്നതും പതിവാണ്.
മരട്, തേവര ഭാഗങ്ങളില്‍ നിന്ന് വരുന്ന വാഹനങ്ങള്‍ വൈറ്റിലയിലേക്കും ആലപ്പുഴ ഭാഗത്തേക്കും പോകുന്നതിനായി മേല്‍പ്പാലം കയറാതെ ഈ റോഡിലൂടെ വേണം സഞ്ചരിക്കാന്‍. ഈ റോഡാണ് ഇത്തരത്തില്‍ പൊട്ടിപ്പൊളിഞ്ഞത്. റോഡ് തകര്‍ന്ന് മാസങ്ങള്‍ പിന്നിട്ടിട്ടു നടപടിയൊന്നും സ്വീകരിച്ചിട്ടില്ല. വൈറ്റിലയില്‍ നിന്നും കുണ്ടന്നൂരിലേക്ക് പ്രവേശിക്കുന്ന ഭാഗത്തെ ടൈലുകളും ഭൂരിഭാഗവും തകര്‍ന്നു.
മഴ പെയ്താല്‍ ഈ ഭാഗത്ത് വെള്ളക്കെട്ടും രൂക്ഷമാണ്. റോഡിന്റെ ശോച്യാവസ്ഥയും സിഗ്നല്‍ സംവിധാനം നിലവില്‍ ഇല്ലാത്തതും മൂലം വന്‍ ഗതാഗതക്കുരുക്കാണിവിടെ. ചില സമയങ്ങളില്‍ ട്രാഫിക് പൊലീസിനെ നിയമിക്കാറുണ്ടെങ്കിലും കാര്യക്ഷമമല്ലെന്നാണ് യാത്രക്കാര്‍ പറയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.