വീട് ജപ്തി ചെയ്യാൻ ബാങ്ക്; ദുരിതത്തിലായി പണയത്തിന് താമസിക്കുന്ന കുടുംബം
text_fieldsമരട്: മരടിൽ വീട് ജപ്തി ചെയ്യാനെത്തിയതോടെ ദുരിതത്തിലായി പണയത്തിന് താമസിക്കുന്ന കുടുംബം. മരട് സ്വദേശികളായ സുരേഷ് - സുമ ദമ്പതികൾ ഒരു വർഷത്തിലധികമായി പണയത്തിന് താമസിക്കുന്ന വീടാണ് ബാങ്ക് ഉദ്യോഗസ്ഥർ പൊലീസ് ഉദ്യോഗസ്ഥരുമായി ജപ്തി ചെയ്യാനെത്തിയത്.
നഗരസഭയുടെ അതി ദരിദ്രകുടുംബത്തിന്റെ പട്ടികയിലുള്ള കുടുംബമാണിത്. പ്രമേഹ രോഗികയായ സുരേഷിന്റെ ഒരു കാല് മുട്ടിന് താഴെ മുറിച്ച് കളയുകയും മറ്റൊരു കാല് പാദം പഴുപ്പ് കയറി നടക്കാൻ കഴിയാത്ത അവസ്ഥയിലുമാണ്. ഭാര്യ സുമ അർബുദ രോഗിയുമാണ്. ഏകമകൻ പഠനത്തോടൊപ്പം ജോലിക്ക് പോയിട്ടാണ് കുടുംബം കഴിയുന്നത്.
കരുവേലിപ്പടി സ്വദേശി അഷ്കറിന്റെ ഉടമസ്ഥതയിലുള്ള മരട് നഗരസഭയിലെ രണ്ടാം ഡിവിഷനിലുള്ള വീട്ടിലാണ് ഇവർ പണയത്തിന് കഴിയുന്നത്. ജപ്തി ചെയ്യാൻ ഉദ്യോഗസ്ഥർ ഉച്ചയോടെ എത്തിയെങ്കിലും ഇവർ വാതിൽ തുറന്നില്ല. തങ്ങൾ വീട്ടുടമസ്ഥനായ അഷ്കറിന് നൽകിയ ആറ് ലക്ഷം രൂപ ലഭിച്ചാൽ ഇറങ്ങാൻ തയ്യാറാണെന്ന് സുരേഷ്-സുമ ദമ്പതികൾ പറഞ്ഞു. എന്നാൽ ഫോൺ വിളിച്ചിട്ട് വീട്ടുടമസ്ഥൻ എടുക്കാൻ തയാറായില്ല.
ലോൺ എടുത്തിട്ട് പിഴയടക്കം 43 ലക്ഷം രൂപയിലധികം അഷ്കർ അടക്കാനുണ്ടെന്നും 15 വർഷത്തിലധികമായി പണം അടക്കാത്തതിനാലാണ് കോടതി നടപടിയുമായിട്ടാണ് മുന്നോട്ട് പോകുന്നതെന്നും ബാങ്ക് അധികൃതർ പറഞ്ഞു. നാലു തവണ ജപ്തി നടപടിയുമായി വന്നിട്ടുണ്ട്. ഒരു വർഷത്തോളമായി ബാങ്ക് ഉദ്യോഗസ്ഥർ പണയത്തിന് താമസിക്കുന്നവരെ ബുദ്ധിമുട്ടിക്കാൻ തുടങ്ങിയതോടെ മരട് പൊലീസ് സ്റ്റേഷനിൽ വീട്ടുടമസ്ഥനെതിരെ പരാതി നൽകി.
തുടർന്ന് പൊലീസ് സ്റ്റേഷനിൽ അഷ്കറിനെ വിളിച്ച് വരുത്തുകയും ജനുവരി 31 നകം പണം നൽകി ഒഴിവാക്കാമെന്നും ഏറ്റിരുന്നു. എന്നാൽ പിന്നീട് ഇയാൾ ഫോണെടുക്കുന്നില്ലെന്നും ഞങ്ങൾ പണം ലഭിച്ചാൽ മാത്രമേ ഇറങ്ങുകയുള്ളൂവെന്നും സുമ പറഞ്ഞു. ഉച്ചക്ക് 2.30 യോടെ ജപ്തി ചെയ്യാനെത്തിയെങ്കിലും തൽക്കാലം ജപ്തി നടപടികൾ നിർത്തിവെച്ച് നാലു മണിയോടെ സംഘം മടങ്ങുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.