അടഞ്ഞുകിടന്ന വീട്ടില്‍ രക്തക്കറ; മോഷണശ്രമമെന്ന് പൊലീസ്
text_fieldsമരട്: വര്‍ഷങ്ങളായി അടഞ്ഞുകിടക്കുന്ന വീട്ടില്‍ രക്തക്കറ കണ്ടതില്‍ ദുരൂഹത. കഴിഞ്ഞ ശനിയാഴ്ചയാണ് സംഭവം. മരട് ഉപാസന റോഡിലുള്ള അഭിഭാഷകന്റെ വീട്ടിലാണ് രക്തക്കറ കണ്ടെത്തിയത്. സമീപത്ത് ഫുട്ബാള്‍ കളിക്കുകയായിരുന്ന യുവാക്കള്‍ പന്തെടുക്കാന്‍ വീടിന്റെ പരിസരത്ത് കയറിയപ്പോള്‍ വാതിലും ജനലും തുറന്നിട്ടനിലയിലായിരുന്നു.
സംശയം തോന്നിയ ഇവര്‍ ജനലിലൂടെ നോക്കിയപ്പോഴാണ് മുറിക്കുള്ളില്‍ രക്തം തളംകെട്ടിക്കിടക്കുന്നതും മറ്റും കണ്ടത്. ഉടൻ കണ്ട്രോള് റൂമില്‍ അറിയിച്ചതിനെത്തുടര്‍ന്ന് മരട് പൊലീസും ഫോറന്‍സിക് വിദഗ്ധരും വിരലടയാള വിദഗ്ധരുമെത്തി സാമ്പിള്‍ ശേഖരിച്ചു. മോഷണശ്രമം നടന്നതാകാമെന്ന നിഗമനത്തിലാണ് പൊലീസ്.
മോഷണശ്രമത്തിനിടെ പരിക്കേറ്റയാളുടെ ചോരയായിരിക്കാമെന്നാണ് സംശയിക്കുന്നത്. മുറിവേറ്റ ഭാഗം കഴുകാന്‍ വീടിനുള്ളിലെ പൈപ്പുകള്‍ തുറക്കാന്‍ ശ്രമിച്ചിട്ടുണ്ട്. ഇയാള്‍ സമീപത്തെ വീട്ടിലെത്തി മുറിവേറ്റ ഭാഗം കഴുകിയശേഷം കാലില്‍ കെട്ടിയ തുണി ഉപേക്ഷിച്ച് സ്ഥലംവിട്ടതായാണ് കരുതുന്നത്.
പ്രദേശത്ത് സി.സി ടി.വി ഇല്ലാത്തതിനാല്‍ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. പത്തുവര്‍ഷംമുമ്പ് ഈ വീട്ടിലെ സുരക്ഷ ജീവനക്കാരന് കൊല്ലപ്പെട്ടിരുന്നു. കൊച്ചി സിറ്റി പൊലീസിന്റെ മേല്‍നോട്ടത്തിലാണ് അന്വേഷണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.