നെട്ടൂരിലെ കടയിൽനിന്ന് പഴകിയ മാംസം പിടികൂടി
text_fieldsമരട്: നെട്ടൂരിൽ അനധികൃതമായി പ്രവർത്തിച്ച കടയിൽനിന്ന് പഴകിയ മാംസം പിടികൂടി. നെട്ടൂർ സ്വദേശി ശരീഫിന്റെ ഉടമസ്ഥതയിലുള്ള കടയിൽനിന്നാണ് എട്ടുകിലോ പഴകിയ ദുർഗന്ധം വമിക്കുന്ന മാംസം പിടികൂടിയത്. പുതിയതും പഴകിയതും കൂട്ടിക്കലർത്തിയാണ് വിൽപന നടത്തിയിരുന്നത്. ലൈസൻസോ മറ്റ് രേഖകളോ ഇല്ലാതെയാണ് കട പ്രവർത്തിച്ചിരുന്നത്.
ഞായറാഴ്ച രാവിലെ ഇറച്ചി വാങ്ങാനെത്തിയ അസ്ലം എന്ന പൊലീസുകാരൻ വീട്ടിലെത്തി പരിശോധിച്ചപ്പോഴാണ് ഇറച്ചിയിൽനിന്ന് ദുർഗന്ധം വരുകയും നിറവിത്യാസവും അനുഭവപ്പെട്ടത്. ഉടൻ പൊലീസിൽ പരാതി നൽകി. പൊലീസ് മരട് നഗരസഭ ആരോഗ്യ വിഭാഗത്തെ അറിയിക്കുകയും കൊച്ചി ഭക്ഷ്യസുരക്ഷ വിഭാഗം ഓഫിസർ ഡോ. നിമിഷയുടെ നേതൃത്വത്തിൽ പരിശോധന നടത്തുകയും പഴകിയ ഇറച്ചിയാണ് വിൽപനക്ക് വെച്ചിരുന്നതെന്നും കണ്ടെത്തുകയുമായിരുന്നു. സാമ്പിൾ പരിശോധന ഫലം ലഭിച്ചശേഷം തുടർനടപടികൾ സ്വീകരിക്കുമെന്ന് ഭക്ഷ്യസുരക്ഷ വിഭാഗം അറിയിച്ചു. കട അടച്ചുപൂട്ടാനും ഉത്തരവിട്ടു.
അതേസമയം, നഗരസഭ കെട്ടിടം സ്ഥിതി ചെയ്യുന്നതിന് സമീപത്തായി നെട്ടൂർ മേൽപാലം ജങ്ഷനു കിഴക്കുഭാഗത്തായുള്ള സൂപ്പർ മാർക്കറ്റിനടുത്താണ് ഈ കട പ്രവർത്തിച്ചുവന്നിരുന്നത്. ഒരു വർഷമായി അനധികൃതമായി പ്രവർത്തിച്ചിട്ടും നഗരസഭ നടപടിയെടുക്കാത്തത് മനഃപൂർവമാണെന്ന് നാട്ടുകാർ ആരോപിച്ചു. കുണ്ടന്നൂരിൽ വിൽപനക്ക് എത്തിച്ച നാലായിരത്തിലധികം കിലോ ചീഞ്ഞ മത്സ്യം പിടികൂടി ഒരുമാസം തികയുന്നതിനു മുമ്പേയാണ് സമാന സംഭവം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.