ഉബർ ഓട്ടോ ഓടിയതിന് പിഴ ചുമത്തിയതായി പരാതി
text_fieldsമരട്: ഉബർ ഓട്ടോ തൊഴിലാളിയിൽനിന്ന് പെർമിറ്റില്ലെന്ന കാരണം പറഞ്ഞ് മോട്ടോർ വാഹന വകുപ്പ് പിഴ ചുമത്തി.
മരട് അയിനി ടെമ്പിൾ റോഡിൽ തോമസുപുരത്ത് താമസിക്കുന്ന സുനിത്തിൽനിന്നുമാണ് എം.വി.ഡി 3000 രൂപ പിഴ ചുമത്തിയത്. ഓട്ടോ ഡ്രൈവറായ സുനിത് ഓട്ടോ വാങ്ങിയിട്ട് ഒരു വർഷമായിട്ടുള്ളൂ. സ്റ്റാൻഡ് ലഭിക്കാത്തതിനാൽ ഉബർ അറ്റാച് ചെയ്താണ് ഓടിക്കുന്നത്.
തൃപ്പൂണിത്തുറ ആർ.ടി.ഒ പരിധിയിലാണ് പെർമിറ്റ്. വെള്ളിയാഴ്ച വൈകീട്ട് 3.30ന് കാക്കനാട് രാജഗിരി സ്കൂളിന് സമീപത്തുനിന്ന് ഉബർ ട്രിപ് എടുത്ത് പോകുന്നതിനിടെയാണ് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ പെർമിറ്റില്ലെന്ന് കാണിച്ച് 3000 രൂപ പിഴ ചുമത്തിയതെന്ന് സുനിത് പറഞ്ഞു. രേഖകൾ എല്ലാം ശരിയാണെന്നും വാഹനത്തിന് ലോൺ ഉള്ളതായും ഇനിയും പിഴ ചുമത്തുമോ എന്ന പേടിയിൽ വീട്ടിൽ ഇട്ടിരിക്കുകയാണെന്നും അധികാരികൾക്ക് പരാതി നൽകുമെന്നും സുനിത് പറഞ്ഞു.
ജില്ലയിൽ എവിടെ നിന്നും ട്രിപ് എടുക്കാൻ കഴിയുന്ന രീതിയിലാണ് ഉബറിന്റെ പ്രവർത്തനം. പ്രദേശത്തെ ഓട്ടോ തൊഴിലാളികളുടെ പരാതിയിലാണ് നടപടിയെന്നും സ്റ്റാൻഡിന് സമീപത്ത് വാഹനമിട്ട് ഉബർ വഴി ട്രിപ് എടുക്കുന്നത് പതിവാകുകയും മണിക്കൂറുകൾ സ്റ്റാൻഡിൽ കാത്തുകിടക്കുന്നവർ നോക്കി നിൽക്കുന്ന അവസ്ഥയിലുമാണ്.
ഇതിന്റെ അടിസ്ഥാനത്തിൽ ഓട്ടോ തൊഴിലാളികൾ നൽകിയ പരാതിയെ തുടർന്നുണ്ടായ വാഹന പരിശോധനയിലാണ് നടപടിയുണ്ടായതെന്ന് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥൻ രാജേഷ് പറഞ്ഞു.
മറ്റ് ജില്ലകളിൽനിന്ന് വന്ന് ഓട്ടോ സ്റ്റാൻഡിനടുത്തുനിന്നും മറ്റും ഉബർ ഓട്ടോ ട്രിപ് എടുക്കുന്നത് പതിവാണ്. ഭൂരിഭാഗം സ്ഥലങ്ങളിലും ഇത് പതിവായതിനെ തുടർന്ന് താക്കീത് നൽകിയെങ്കിലും നടപടിയുണ്ടായില്ല. ഇതിനെ തുടർന്ന് നിരവധി സ്റ്റാൻഡുകൾ കേന്ദ്രീകരിച്ച് എം.വി.ഡി, ട്രാഫിക്, പൊലീസ് അധികാരികൾക്ക് പരാതി നൽകിയിട്ടുണ്ടെന്ന് പാലാരിവട്ടം സ്റ്റാൻഡ് സി.ഐ.ടി.യു ഓട്ടോ തൊഴിലാളി അൻസാർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.