മരടില്‍ ഡെങ്കിപ്പനി പടരുന്നു; വില്ലൻ വീട്ടിൽ തന്നെ
text_fieldsമരട്: നഗരസഭയില്‍ 23ാം ഡിവിഷനില്‍ ഡെങ്കിപ്പനി റിപ്പോര്‍ട്ട് ചെയ്തതിനെത്തുടര്‍ന്ന് അടിയന്തരമായി യോഗം ചേര്‍ന്നു. മെഡിക്കല്‍ ഓഫിസര്‍മാരായ ഡോ. ജീനാ മോഹന്‍, ഡോ.ബാലു ഭാസി, ഡോ.ഹീര ബാബു എന്നിവരുടെ നേതൃത്വത്തിലാണ് യോഗം വിളിച്ചുകൂട്ടിയത്.
ഡെങ്കിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ നടത്തിയ പരിശോധനകളില്‍നിന്ന് വീടുകളില്‍ ശുദ്ധജലത്തില്‍ വളര്‍ത്തുന്ന അലങ്കാരച്ചെടികള്‍ ഈഡിസ് കൊതുകുകള്‍ക്ക് വളരാന്‍ സാഹചര്യം സൃഷ്ടിക്കുന്നതായി കണ്ടെത്തി. നിലവില്‍ ഡെങ്കിപ്പനി പകരാനുള്ള എല്ലാ സാഹചര്യങ്ങളും പൂർണമായും ഒഴിവാക്കാന്‍ 33 ഡിവിഷനിലെയും ആശ പ്രവര്‍ത്തകര്‍ക്ക് നിര്‍ദേശം നല്കി.
നിലവില്‍ കൊതുകുനശീകരണത്തിന് സ്പ്രേയിങ് ചെയ്തുവരുന്നുണ്ട്. രോഗം സ്ഥിരീകരിച്ച ഡിവിഷനില്‍ മരട് നഗരസഭയുടെ നേതൃത്വത്തില്‍ സ്പ്രേയിങ് കൂടാതെ ഫോഗിങ്ങും അടിയന്തരമായി ചെയ്തു. നിലവില്‍ കാനകളും തോടുകളും വൃത്തിയാക്കിക്കൊണ്ടിരിക്കുകയാണ്.
വീടുകളില്‍ ശക്തമായ ബോധവത്കരണം നല്കാന് വേണ്ടുന്ന എല്ലാ സഹായ സഹകരണവും നഗരസഭയുടെ ഭാഗത്തുനിന്ന് ഉണ്ടാകുമെന്ന് ചെയര്മാന് ആന്റണി ആശാന്‍പറമ്പില്‍ പറഞ്ഞു. നഗരസഭ അധ്യക്ഷന്‍ ആന്റണി ആശാന്‍പറമ്പില്‍ അധ്യക്ഷത വഹിച്ചു. വൈസ് ചെയര്പേഴ്സൻ അഡ്വ. രശ്മി സനില്‍, സ്ഥിരം സമിതി അധ്യക്ഷന്മാരായ ചന്ദ്രകലാധരന്, അജിത നന്ദകുമാര്‍, മിനി ഷാജി, ബെന്ഷാദ് നടുവിലവീട്, ഡിവിഷന് കൗണ്‍സിലര്‍ എ.കെ. അഫ്സല്, എ.ജെ. തോമസ്, എച്ച്.എസ്. ഷാജു, എച്ച്.ഐ. തോമസ് ഹണി എന്നിവര്‍ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.