വളന്തകാട് ദ്വീപിലെ കുടിവെള്ളക്ഷാമം; ഉദ്യോഗസ്ഥര്‍ സ്ഥലം സന്ദര്‍ശിച്ചു
text_fieldsമരട്: വളന്തകാട് ദ്വീപിലെ കുടിവെള്ളക്ഷാമത്തിന് പരിഹാരം കാണാൻ ജല അതോറിറ്റി അധികൃതര്‍ സ്ഥലം സന്ദര്‍ശിച്ചു. കുടിവെള്ളക്ഷാമം രൂക്ഷമായ ദ്വീപ് നിവാസികളുടെ ദുരിതത്തെക്കുറിച്ച് ബുധനാഴ്ച ‘മാധ്യമം’വാര്‍ത്ത നല്‍കിയിരുന്നു.
നഗരസഭ വൈസ് ചെയര്പേഴ്സന് അഡ്വ. രശ്മി സനില്‍, എക്സി. എൻജിനീയര്‍ പി. ജയപ്രകാശ്, അസി. എക്സിക്യൂട്ടീവ് എൻജിനീയര്‍ എ.ആര്. പ്രേമന്, കോണ്ട്രാക്ടര് ദിലീപ് എന്നിവരാണ് പ്രദേശത്തെത്തി സ്ഥിതിഗതികള്‍ വിലയിരുത്തിയത്.
നഗരസഭയില്‍ 22ാം ഡിവിഷനിലെ വളന്തകാട് ദ്വീപിലെ രൂക്ഷമായ കുടിവെള്ളക്ഷാമം പരിഹരിക്കണമെന്നാവശ്യപ്പെട്ട് ദ്വീപ് നിവാസികള്‍ കഴിഞ്ഞ ദിവസം തൃപ്പൂണിത്തുറ ജല അതോറിറ്റിയില്‍ എത്തി പരാതി നല്‍കിയിരുന്നു. ദ്വീപിന്റെ തെക്കേ അറ്റത്തേക്ക് വെള്ളം എത്തിയിട്ട് ഏകദേശം ഒരു വര്‍ഷം ആകുന്നു.
വള്ളത്തില്‍ പാത്രങ്ങള്‍ വെച്ചാണ് നിലവില്‍ വെള്ളം കൊണ്ടുവരുന്നത്. പുഴയിലെ കനത്ത പായലും വള്ളത്തില്‍ പോയി വെള്ളം എടുക്കുവാന്‍ കഴിയാത്ത അവസ്ഥയാണ്. വേനലായതോടെ പ്രശ്നം രൂക്ഷമായി. നിലവിലെ പെപ്പ് നാല് എം.എം. ആക്കി മാറ്റിയാല്‍ പ്രശ്നം പരിഹരിക്കാൻ സാധിക്കുമെന്ന് എക്സിക്യൂട്ടീവ് എൻജിനീയര്‍ പറഞ്ഞു.
കുടിവെള്ളം ലഭ്യമാക്കാൻ സൗജന്യ വാട്ടര്‍ കണക്ഷന് നല്‍കിയിട്ടുണ്ട്. എന്നാല്‍ വെള്ളം ലഭിക്കാതിരുന്നിട്ടും ബില്‍ അടക്കേണ്ട സാഹചര്യമാണ് നിലവിലുള്ളത്. പുതിയ ടാങ്ക് നിറച്ച് നഗരസഭയുടെ നേതൃത്വത്തില്‍ വെള്ളം നിറച്ചുകൊടുക്കുന്നുണ്ടെങ്കിലും വെള്ളമെടുക്കാന്‍ വള്ളത്തില്‍ പാത്രവുമായി വരേണ്ടിവരുന്നതാണ് ദ്വീപ് നിവാസികളെ കൂടുതല്‍ ദുരിതത്തിലാഴ്ത്തുന്നത്.
എത്രയും വേഗം പ്രഷര്‍ കൂട്ടി വെള്ളം ലഭ്യമാക്കാനുള്ള നടപടികള്‍ സ്വീകരിച്ചുവരുന്നതായി കൗണ്‍സിലര്‍ അഡ്വ. രശ്മി സനില്‍ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.