മരടിലും വ്യാപകമായി മത്സ്യങ്ങൾ ചത്തുപൊങ്ങുന്നു
text_fieldsമരട്: മരടിലും വ്യാപകമായി മത്സ്യങ്ങൾ ചത്തുപൊങ്ങുന്നു. കുണ്ടന്നൂർ പുഴയിൽ മത്സ്യ കൃഷി നടത്തുന്ന സ്വാശ്രയ മത്സ്യ കൃഷി സംഘത്തിന്റെ കൂട് മത്സ്യ കൃഷിയിലാണ് മത്സ്യങ്ങൾ ചത്തുപൊങ്ങിയത്. വെള്ളിയാഴ്ച വൈകീട്ടോടെ ചെറിയ രീതിയിൽ ചത്തുപൊങ്ങിയിരുന്നത് ശനിയാഴ്ച വൈകീട്ടോടെയാണ് വ്യാപകമായത്. പുഴയിൽ കൂട് മത്സ്യ കൃഷി നടത്തുന്നയിടങ്ങളിലെല്ലാം മീനുകൾ ഓക്സിജൻ ലഭിക്കാതെ പൊങ്ങിമറിയുകയാണ്. വില്പനക്ക് തയാറായിക്കൊണ്ടിരുന്ന കരിമീനുകളും കാളാഞ്ചിയുമാണ് ചത്തുപൊങ്ങുന്നത്. പത്തിലധികം മത്സ്യ കൂടുകളാണ് ഇവിടെയുള്ളത്. ഇതിൽ ഒരെണ്ണത്തിലെ മത്സ്യങ്ങളെയാണ് ചത്ത് പൊങ്ങിയ നിലയിൽ കണ്ടത്. കുഫോസ് അധികൃതരെ വിവരമറിയിച്ചതുപ്രകാരം അവര്‍ പരിശോധന നടത്തി. മീനുകള്‍ ചത്തതിന് കാരണമെന്താണെന്ന് വ്യക്തമല്ല. രാസമാലിന്യമാണോ കാരണമെന്ന് പരിശോധിക്കുന്നുണ്ട്. വെള്ളത്തിൽ അമോണിയത്തിന്റെ അംശം കൂടുതലാണെന്ന് കുഫോസ് അധികൃതർ പറഞ്ഞു.
കുണ്ടന്നൂർ പുഴയിൽ മരടിലെ പൊളിച്ച ഫ്ലാറ്റുകള്‍ക്ക് സമീപമാണ് മത്സ്യകൃഷി നടത്തുന്നത്. അഞ്ച് വർഷത്തിനിടയിൽ ആദ്യമായാണ് ഇത്തരമൊരു അനുഭവമെന്ന് മത്സ്യകൃഷി നടത്തുന്ന നെട്ടൂർ സ്വദേശി ജാക്സൻ സിമേന്തി പറഞ്ഞു. എട്ട് ലക്ഷം രൂപയുടെ മത്സ്യക്കുഞ്ഞുങ്ങളെയാണ് കൃഷിക്കായി ഇറക്കിയതെന്നും ജാക്സൺ പറഞ്ഞു. ചിത്രപ്പുഴയിലും പെരിയാറിലും മത്സ്യങ്ങള്‍ കൂട്ടത്തോടെ ചത്തുപൊങ്ങിയതിന് പിന്നാലെയാണ് ഇപ്പോഴത്തെ സംഭവം. മത്സ്യകർഷകർക്ക് നഷ്ടപരിഹാരം നൽകണമെന്നും നഗരസഭ ആരോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തിൽ അന്വേഷണം നടത്തി നടപടി സ്വീകരിക്കുമെന്നും നഗരസഭ അധ്യക്ഷൻ ആൻറണി ആശാംപറമ്പിൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.