ആര്‍ക്കും വേണ്ടാതെ മേൽനടപ്പാലങ്ങൾ: ഉപയോഗശൂന്യമായതോടെ തുരുമ്പെടുത്ത് നശിക്കുന്നു
text_fieldsമരട്: കാല്‍നടക്കാര്‍ക്കായി സ്ഥാപിച്ച മേൽനടപാലങ്ങൾ ആരും ഉപയോഗിക്കാതായതോടെ നാശത്തിെൻറ വക്കില്‍. ഏറ്റവും തിരക്കേറിയ ഇടപ്പള്ളി-അരൂര്‍ ദേശീയപാതയിലെ കണ്ണാടിക്കാട്, പനങ്ങാട് എന്നിവിടങ്ങളിലാണ് മേൽനടപ്പാലങ്ങൾ ഉപയോഗിക്കാതായതോടെ സാമൂഹിക വിരുദ്ധരുടെ താവളവും കൂടിയായത്.
ഏറ്റവും കൂടുതല്‍ അപകടസാധ്യത നിലനില്‍ക്കുന്ന ദേശീയപാതയില്‍ റോഡ് മുറിച്ചു കടക്കുന്നതിനിടെയുള്ള അപകടങ്ങള്‍ വർധിച്ചതോടെയാണ് ഈ ആശയം നിലവില്‍ വന്നത്. എന്നാല്‍, പാലം യാഥാർഥ്യമായിട്ടും കാല്‍നടക്കാര്‍ ജീവന്‍പണയംവെച്ച് റോഡിലൂടെ തന്നെയാണ് മുറിച്ചുകടക്കുന്നത്. നിലവില്‍ അറ്റകുറ്റപ്പണി നടത്താത്തതുമൂലവും തുരുമ്പെടുത്ത നിലയിലാണ്.
ഇടപ്പള്ളി, പാലാരിവട്ടം, ചളിക്കവട്ടം, കണ്ണാടിക്കാട്, പനങ്ങാട്, പൊന്നുരുന്നി എന്നിവിടങ്ങളില്‍ എന്‍.എച്ച് 66ന്റെ 16 കിലോമീറ്റര്‍ നീളത്തില്‍ അഞ്ച് അടിയുള്ള മേൽപാലങ്ങളാണ് ദേശീയ പാത അതോറിറ്റി ഓഫ് ഇന്ത്യ മൂന്നു വര്‍ഷം മുമ്പ് കോടികള്‍ ചെലവഴിച്ച് നിര്‍മിച്ചത്. റോഡില്‍നിന്ന് 20 അടി ഉയരത്തില്‍ ഇരുഭാഗത്തുമായി 45 പടികള്‍ വരെയാണ് മേൽപാലത്തിനുള്ളത്. എന്നാൽ, മറുവശത്തേക്ക് കടക്കാൻ സമയം കൂടുതല്‍ വേണ്ടി വരുമെന്നും പ്രായമായവര്‍ക്കും വികലാംഗര്‍ക്കും കയറാന്‍ ബുദ്ധിമുട്ടാണെന്നും യാത്രക്കാര്‍ പറയുന്നു. കേരള യൂനിവേഴ്‌സിറ്റി ഓഫ് ഫിഷറീസ് ആൻഡ് ഓഷ്യന്‍ സ്റ്റഡീസ് വിദ്യാര്‍ഥികളെ ലക്ഷ്യമിട്ടായിരുന്നു പനങ്ങാട് ഫുട്ട് ഓവര്‍ ബ്രിഡ്ജ് നിര്‍മിച്ചത്.
എന്നാല്‍, സെല്‍ഫി എടുക്കാനും വിശ്രമിക്കാനുമല്ലാതെ ആരും തന്നെ റോഡ് മുറിച്ചുകടക്കാൻ ഈ പാലം ഉപയോഗിക്കാറില്ലെന്ന് സമീപത്തെ വ്യാപാരികള്‍ പറയുന്നു. കാല്‍നടക്കാര്‍ റോഡ് മുറിച്ചുകടക്കാതിരിക്കാന്‍ ഹൈവേ മീഡിയനില്‍ അധികൃതര്‍ ബാരിക്കേഡ് സ്ഥാപിച്ചാല്‍ യാത്രക്കാർ മേൽനടപ്പാലങ്ങൾ ഉപയോഗിക്കുമെന്ന് ചുമട്ടുതൊഴിലാളികള്‍ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.