ധനസഹായ പദ്ധതി നിലച്ചു; വൃക്കരോഗികൾ ദുരിതത്തിൽ
text_fieldsമരട്: നഗരസഭയുടെ സൗജന്യ ചികിത്സ സഹായ പദ്ധതി നിലച്ചതോടെ ദുരിതത്തിലായി മരടിലെ വൃക്കരോഗികൾ. 2012 ൽ അഡ്വ. ടി.കെ. ദേവരാജൻ ചെയർമാനായിരുന്നപ്പോൾ സംസ്ഥാനത്തിന് തന്നെ മാതൃകയായി തുടങ്ങിയ പദ്ധതി നിലച്ചിട്ട് മൂന്ന് വർഷമായി. കുണ്ടന്നൂരിലെ സ്വകാര്യ ആശുപത്രിയുമായി ചേർന്ന് മരടിലെ വൃക്ക രോഗികൾക്ക് സൗജന്യമായി ഡയാലിസിസ് ചെയ്യുന്ന പദ്ധതിയാണിത്. നഗരസഭ മൂന്ന് ലക്ഷത്തിലധികം രൂപ കൊടുക്കാനുള്ളത് കൊണ്ടാണ് ആശുപത്രി ഇത് നിർത്തിവെച്ചത്. 26 രോഗികൾ സ്ഥിരമായി ഡയാലിസ് ചെയ്തിരുന്നു.
1,000 രൂപ വീതം മാസം പരമാവധി 4,000 രൂപ ആശുപത്രി വഴി ധനസഹായം ലഭ്യമാക്കുന്ന പദ്ധതി പ്രഖ്യാപിച്ച് വർഷങ്ങൾ കഴിഞ്ഞിട്ടും ഇതിന്റെ പ്രയോജനം ലഭിക്കാതെ ദുരിതക്കയത്തിലായിരിക്കുകയാണ് രോഗികൾ.
ഗുരുതര വൃക്കരോഗം ബാധിച്ചവര്‍ക്കുള്ള ആശ്വാസ പദ്ധതികള്‍ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്താന്‍ തദ്ദേശ സ്ഥാപനങ്ങളും വിമുഖത കാണിക്കുകയാണെന്ന് ആരോപണമുണ്ട്. മാരക വൃക്കരോഗം ബാധിച്ചവര്‍ക്ക് മരുന്നും ഡയാലിസിസും ചെയ്യാന്‍ സര്‍ക്കാര്‍ നാലായിരം രൂപ പ്രതിമാസ ധനസഹായമായി വിതരണം ചെയ്യാന്‍ ഉത്തരവിട്ടിട്ടുണ്ട്. ഒന്നര വര്‍ഷമായിട്ടും ഇതു നടപ്പാക്കാന്‍ ഭൂരിഭാഗം തദ്ദേശ സ്ഥാപനങ്ങളും തയാറായിട്ടില്ല.
മുഖ്യമന്ത്രിക്കും തദ്ദേശവകുപ്പ് മന്ത്രിക്കുമുൾപ്പെടെ പരാതി നൽകിയിട്ടും നടപടിയുണ്ടായിട്ടില്ലെന്ന് പൊതുപ്രവർത്തകനും വൃക്കരോഗിയുമായ നെട്ടൂർ വെളിപറമ്പിൽ വി.എ. സാദിഖ് പറഞ്ഞു. അതേസമയം 18-09-2022 ൽ വൃക്കരോഗികൾക്ക് ഡയാലിസിസിന് ധനസഹായം നൽകുന്ന പദ്ധതിക്ക് സർക്കാർ ഉത്തരവിറക്കിയെങ്കിലും ഒന്നര വർഷം കഴിഞ്ഞിട്ടും ഈ പദ്ധതി നടപ്പാക്കാൻ ഭൂരിഭാഗം തദ്ദേശ സ്ഥാപനങ്ങളും തയാറായിട്ടില്ല. തൃപ്പൂണിത്തുറ, മരട്, തൃക്കാക്കര നഗസഭകളിൽ നടപ്പിലായിട്ടില്ലെന്നതാണ് വിവരം. ഭൂരിഭാഗം തദ്ദേശ സ്ഥാപനങ്ങളിലും ആരാണ് ചുമതല വഹിക്കേണ്ടതെന്ന കാര്യത്തിൽ മെഡിക്കൽ ഓഫിസറും സെക്രട്ടറിയും തമ്മിൽ തർക്കത്തിലാണെന്നും ഇതുമായി ബന്ധപ്പെട്ട് കോടതിയെ സമീപിച്ചിട്ടുണ്ടെന്നും നഗരസഭ ചെയർമാൻ ആന്റണി ആശാംപറമ്പിൽ പറഞ്ഞു
തൃപ്പൂണിത്തുറയിൽ ആശാ വർക്കർമാർ രോഗികളുടെ ലിസ്റ്റ് തയാറാക്കി കൊണ്ടിരിക്കുകയാണെന്നും അടുത്ത മാസം പദ്ധതി ആരംഭിക്കുമെന്നും നഗരസഭ ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷൻ സി എ. ബെന്നി പറഞ്ഞു. അതേസമയം ഉദയംപേരൂർ പഞ്ചായത്ത് ധനസഹായം നൽകുന്നത് കഴിഞ്ഞ വർഷം മുതൽ നടപ്പിലാക്കുന്നുണ്ടെന്ന് പഞ്ചായത്ത് പ്രസിഡന്റ് സജിത മുരളി പറഞ്ഞു. ജില്ല, ബ്ലോക്ക്, കുമ്പളം പഞ്ചായത്തുകൾ സംയുക്തമായി നടപ്പാക്കിയിട്ടുണ്ടെന്നും ഇത്തവണ കുമ്പളം പഞ്ചായത്ത് തനിച്ച് നടപ്പിലാക്കുന്നുണ്ടെന്നും പ്രസിഡന്റ് കെ.എസ്. രാധാകൃഷ്ണൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.