നെട്ടൂരില്‍ അനധികൃത ബോട്ട് സര്‍വിസ് തകൃതി
text_fieldsമരട്: നഗരസഭയുടെ ഉത്തരവിന് പുല്ലുവില കല്പിച്ച് സ്വകാര്യ ടൂറിസ്റ്റ് ബോട്ടുകള്‍ സര്‍വിസ് നടത്തുന്നു. നെട്ടൂരില്‍ അനധികൃതമായി സര്‍വിസ് നടത്തുന്ന സ്വകാര്യ ബോട്ടുടമകള്ക്കാണ് മരട് നഗരസഭ കഴിഞ്ഞ ദിവസം നോട്ടീസ് നല്‍കിയത്. എന്നാല്‍, ഇത് വകവെക്കാതെ വീണ്ടും നിരത്തിലിറക്കി നിയമം ലംഘിക്കുകയാണ് സ്വകാര്യ സ്പീഡ് ബോട്ടുകള്‍.
കഴിഞ്ഞ ദിവസം ലോക്ഡൗണ്‍ ദിനത്തില്‍ നിയന്ത്രണം ലംഘിച്ച് വിനോദസഞ്ചാരികളുമായി സവാരി നടത്തിയ സ്പീഡ് ബോട്ട് കായലില്‍ മുങ്ങിയിരുന്നു. സുരക്ഷസജ്ജീകരണങ്ങള്‍ ഇല്ലാതെ കായലില്‍ ചുറ്റിയ ബ്ലൂ മറൈന്‍ എന്ന സ്വകാര്യ സ്പീഡ് ബോട്ടാണ് കായലില്‍ മുങ്ങിത്താഴുകയും ബോട്ടിലുണ്ടായിരുന്ന ഉത്തരേന്ത്യന്‍ സഞ്ചാരികള്‍ അപകടത്തിൽപെടുകയും ചെയ്തത്.
ഇവരെ മറ്റൊരു ബോട്ടില്‍ രക്ഷപ്പെടുത്തുകയായിരുന്നു. ഓട്ടത്തിനിടെ ബോട്ടിന്റെ അടിപ്പലക ഇളകിപ്പോയതാണ് മുങ്ങാന്‍ കാരണം. ഈ സാഹചര്യത്തിലാണ് മരട് നഗരസഭയുടെ അനുമതിയില്ലാത്ത ബോട്ട് സര്‍വിസുകള്‍ നിര്‍ത്തിവെക്കണമെന്നും അല്ലാത്തപക്ഷം നിയമപ്രകാരം ബോട്ടുകള്‍ പിടിച്ചെടുക്കുമെന്ന് കാണിച്ച് അഞ്ചോളം ബോട്ടുടമകള്‍ക്ക് നോട്ടീസ് നല്‍കിയത്.
ഇത് ലംഘിക്കുന്നവര്‍ക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് പനങ്ങാട് പൊലീസ് സ്റ്റേഷനിലും കത്തു നല്‍കിയിരുന്നു. എന്നാല്‍, ഇത് വകവെക്കാതെ സ്വകാര്യബോട്ടുകള്‍ ചൊവ്വാഴ്ചയും സര്‍വിസ് നടത്തിയിട്ടും പൊലീസ് നടപടിയെടുത്തില്ലെന്നും ആക്ഷേപമുണ്ട്. ഫിറ്റ്നസും സുരക്ഷ ജാക്കറ്റുകളും ഇല്ലാതെ നിരവധി ബോട്ടുകള്‍ ഇത്തരത്തില്‍ അനധികൃതമായി കായലിലൂടെ സര്‍വിസ് നടത്തിവരുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.