മരടിലെ ഫ്ലാറ്റുകള്‍ പൊളിച്ചിട്ട് ഒരുവര്‍ഷം, നഷ്ടപരിഹാരം ഇനിയും അകലെ
text_fieldsമരട്: കേരള ജനത ഒന്നടങ്കം മുള്‍മുനയില്‍നിന്ന് വീക്ഷിച്ച സംഭവമായിരുന്നു മരടിലെ ഫ്ലാറ്റ് പൊളിക്കല്‍. തീരസംരക്ഷണ നിയമങ്ങള്‍ ലംഘിച്ചതിനെത്തുടര്‍ന്ന് എച്ച്.ടു.ഒ ഹോളി ഫെയ്ത്ത്, ആല്‍ഫ സെറിന്‍, ജയിന് കോറല്‍കോവ്, ഗോള്‍ഡന്‍ കായലോരം ഫ്ലാറ്റുകളാണ് നിയന്ത്രിത സ്ഫോടനത്തിലൂടെ തകർത്തത്.
ഈ ഫ്ലാറ്റുകള്‍ ഇരുന്ന സ്ഥലം ഇപ്പോള്‍ കാലിയായി കിടക്കുകയാണ്. എന്നാല്‍, ഇപ്പോഴും ബാക്കിയാകുകയാണ് ചില ചോദ്യങ്ങള്‍. വിധി നടപ്പാക്കിയെങ്കിലും ഫ്ലാറ്റ് ഉടമകളുടെയും സമീപവാസികളുടെയും നഷ്ടപരിഹാരത്തിെൻറ കാര്യത്തില്‍ ഇതുവരെ തീരുമാനമായിട്ടില്ല. വീടുകളില്‍ പലഭാഗങ്ങളിലും വിള്ളലുകള്‍ വീണതിനാല്‍ ആശങ്കയോടെയാണ് ഓരോ ദിവസവും കഴിച്ചുകൂട്ടുന്നത്.
ആല്‍ഫ സെറിന്‍ ഫ്ലാറ്റിനു സമീപം താമസിക്കുന്ന നെട്ടൂര്‍ കണിയാംപിള്ളില് അജിത്തിനും കുടുംബത്തിനും ഇപ്പോഴും ആ ദിവസം ഭീതിയോടെയേ ഓര്‍ത്തെടുക്കാനാകുന്നുള്ളൂ. ആല്‍ഫ സെറിന്‍ ഫ്ലാറ്റില്‍നിന്ന് വെറും 12 മീറ്റര്‍ അകലത്തിലാണ് അജിത്തിെൻറ വീട്. അതുകൊണ്ടുതന്നെ കലക്ടറുടെ നേതൃത്വത്തിലുള്ള സംഘം ഇവരടങ്ങുന്ന നിരവധി കുടുംബങ്ങളെ മാറ്റിപാര്‍പ്പിച്ചു. ചിലര്‍ മടിച്ചെങ്കിലും പിന്നീട് വഴങ്ങേണ്ടിവന്നു. ആരുടെയും വീടുകള്‍ക്ക് കേടുപാടൊന്നും സംഭവിക്കില്ലെന്ന ഉറപ്പും നല്കി.
എന്നാല്‍, സമീപത്തെ വീടുകളില്‍ ഭൂരിഭാഗം വീടുകളിലും ഭിത്തിക്ക് വിള്ളലുണ്ടായി. അജിത്തിെൻറ വീടിെൻറ കിണര്‍ താഴ്ന്നുപോകുകയും ചെയ്തു. മാറിത്താമസിക്കുന്ന സമയങ്ങളിലെ വാടക നല്‍കാമെന്ന് അധികൃതര്‍ പറഞ്ഞിരുന്നു. എന്നാല്‍, ഫ്ലാറ്റ് പൊളിച്ചിട്ടും പൊളിച്ച സ്ഥലത്തെ അവശിഷ്ടം മാറ്റാന്‍ കാലതാമസമുണ്ടായതിനാല്‍ അവരവരുടെ സ്വന്തം വീടുകളിലേക്ക് മാറാന്‍ കഴിഞ്ഞിരുന്നില്ല. പൊടിശല്യം രൂക്ഷമായതാണ് കാരണം. ആ കാലയളവിലും ഇവര്‍ക്ക് വാടകവീട്ടില്‍ കഴിയേണ്ടി വന്നു.
മൂന്നു മാസത്തെ വാടക അഡ്വാന്‍സായി നഗരസഭ ആദ്യം നല്കി. ഒമ്പതു മാസം മാറിത്താമസിക്കേണ്ടിവന്നു. ബാക്കി കിട്ടേണ്ട ആറു മാസത്തെ വാടക ഇപ്പോഴും ലഭിച്ചിട്ടില്ല. നഗരസഭയില്‍ കയറിയിറങ്ങി മടുത്തു. കഴിഞ്ഞ ഭരണസമിതി നഷ്ടപരിഹാരം നല്‍കാമെന്നു പറഞ്ഞെങ്കിലും ഒന്നും നടപ്പായില്ലെന്നും അജിത് പറഞ്ഞു.
വാടക നല്കാന് കഴിയാത്തതിനാല്‍ സഹികെട്ട് ചിലകുടുംബങ്ങള്‍ അവരവരുടെ വീടുകളിലേക്ക് തന്നെ മാറി. ആയിനത്തില്‍ ആറു മാസത്തെ വാടക ഇപ്പോഴും കിട്ടാനുണ്ട്. ഇപ്പോഴും വീട്ടില്‍ കിടന്നുറങ്ങാനാവാത്ത അവസ്ഥയിലാണെന്ന് നെട്ടൂര്‍ സ്വദേശി നെടുമ്പിള്ളില്‍ സുഗുണന് പറയുന്നു. ഫ്ലാറ്റ് തകര്‍ന്നു വീണപ്പോള്‍ ഇവിടെ നിന്ന് 30 മീറ്റര്‍ മാത്രം അകലെയുള്ള സുഗുണെൻറ വീടിനും വിള്ളല്‍ സംഭവിച്ചു.
ടെറസിലെ വിള്ളല്‍ വീണ ഭാഗത്തുനിന്ന് വെള്ളം ചോര്‍ന്നൊലിക്കുകയാണ്. ഇതില്‍നിന്ന് ഒട്ടും മോശമല്ല ആല്‍ഫ സെറിന്‍ ഫ്ലാറ്റിനു സമീപം താമസിക്കുന്ന അഭിലാഷിെൻറ വീടിെൻറയും. വീടിെൻറ പല ഭാഗങ്ങളിലും വിള്ളല്‍ വീണിട്ടുണ്ട്. ആനുകൂല്യങ്ങളൊന്നും ഇതുവരെ ലഭിച്ചിട്ടില്ലെന്നും അഭിലാഷ് പറഞ്ഞു.
മരടിലെ ഫ്ലാറ്റുകള്‍ പൊളിക്കുന്ന സമയത്ത് സമീപപ്രദേശങ്ങളിലുണ്ടാകുന്ന നാശനഷ്ടങ്ങള്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ 67.83 ലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ് പരിരക്ഷ ഉറപ്പാക്കിയിരുന്നു. എന്നാല്‍, ഇന്‍ഷുറന്‍സിെൻറ ഒരുവര്‍ഷത്തെ കാലാവധിയും തിങ്കളാഴ്ചയോടെ അവസാനിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.