നെട്ടൂരിലെ ജൈവവള നിർമാണ കേന്ദ്രം പ്രവർത്തനം നിലച്ചിട്ട് മൂന്നുമാസം
text_fieldsമരട്: നെട്ടൂർ അന്താരാഷ്ട്ര പച്ചക്കറി മാർക്കറ്റിലെ ജൈവവള നിർമാണ കേന്ദ്രം പ്രവർത്തനം നിലച്ചിട്ട് മൂന്നുമാസം. ജീവനക്കാർക്ക് ശമ്പള കുടിശ്ശിക വന്നതും കുടുംബശ്രീയും ജില്ല പഞ്ചായത്തും തമ്മിലുള്ള പ്രശ്നവുമാണ് പ്രവർത്തനം നിലക്കാൻ കാരണമെന്നാണ് വിവരം. മാലിന്യത്തിൽ നിന്ന് വളം നിർമിക്കുന്ന ജൈവവള പദ്ധതി 2022 ആഗസ്റ്റ് നാലിനാണ് മരട് രാജ്യാന്തര പച്ചക്കറി മാർക്കറ്റിൽ കൃഷി മന്ത്രി പി. പ്രസാദ് ഉദ്ഘാടനം ചെയ്തത്. മാർക്കറ്റിൽ കാലങ്ങളായുള്ള മാലിന്യ പ്രശ്നത്തിന് പരിഹാരം കാണാനാകുമെന്ന പ്രതീക്ഷയിലായിരുന്നു തുടക്കം. ജില്ല പഞ്ചായത്തിന്റെ നേതൃത്വത്തിലാണ് പദ്ധതിക്ക് രൂപം കൊടുത്തത്. 35 ലക്ഷം രൂപയാണ് ചെലവിട്ടത്. പഴം, പച്ചക്കറി മാലിന്യം വളമാക്കിയെടുക്കുന്നതാണ് പദ്ധതി.
ജില്ല പഞ്ചായത്തിന്റെ നാല് കൃഷി ഫാമുകളിലേക്ക് വളം വാങ്ങുന്നതിനായി ലക്ഷക്കണക്കിന് രൂപ ഓരോ വർഷവും ആവശ്യമാണ്. ഈ സാഹചര്യത്തിലാണ് മാലിന്യത്തിൽ നിന്ന് വളം നിർമിക്കുന്നതിനെക്കുറിച്ച് ചിന്തിച്ചത്. കുടുംബശ്രീക്കാണ് നടത്തിപ്പ് ചുമതല. വളം കുടുംബശ്രീയിൽ നിന്ന് ജില്ല പഞ്ചായത്ത് പണം നൽകി വാങ്ങി ഫാമുകളിൽ ഉപയോഗിക്കാനായിരുന്നു പദ്ധതി. ഇതോടെ മരട് മാർക്കറ്റിൽ ആരംഭിച്ച നാലാമത്തെ മാലിന്യ പദ്ധതിയാണ് നിലച്ചതെന്ന് മരട് മാർക്കറ്റ് ട്രേഡേഴ്സ് അസോസിയേഷൻ പ്രസിഡൻറ് എസ്.എം. മുഹിയുദ്ദീൻ പറഞ്ഞു.
ജൈവ വള നിർമാണവുമായി ബന്ധപ്പെട്ട ചില സാങ്കേതിക കാരണങ്ങളാലാണ് താൽക്കാലികമായി പ്രവർത്തിപ്പിക്കാത്തതെന്നും മാർക്കറ്റിലെ വളത്തിന് ഈർപ്പം കൂടുതലാണെന്നും ഒരാഴ്ചക്കകം തുറന്ന് പ്രവർത്തിപ്പിക്കുമെന്നും ജില്ല പഞ്ചായത്ത് പ്രസിഡൻറ് മനോജ് മൂത്തേടൻ പറഞ്ഞു. ജൈവവള നിർമാണ യൂനിറ്റ് അടച്ച് പൂട്ടിയിട്ടില്ലെന്നും വളം പരിശോധനക്ക് അയച്ചിരിക്കുകയാണെന്നും വേറെ പ്രശ്നങ്ങളില്ലെന്നും ജില്ല മിഷൻ കോഓഡിനേറ്റർ റജീന പറഞ്ഞു. മാർക്കറ്റിൽ ലക്ഷങ്ങൾ മുടക്കി ഇതിനു മുമ്പ് ആരംഭിച്ച മൂന്ന് മാലിന്യ സംസ്കരണ പ്ലാന്റുകൾ പൂർണമായും പ്രവർത്തനം നിലച്ച് അടച്ചുപൂട്ടിയിരിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.