പനങ്ങാട് ജലോത്സവം; ആവേശപ്പോരാട്ടം 27ന്
text_fieldsമരട്: വെള്ളത്താല്‍ ചുറ്റപ്പെട്ട ചാത്തമ്മ ദ്വീപും ചേപ്പനം കായലും പനങ്ങാട് പ്രദേശത്തെയുമെല്ലാം ലോകഭൂപടത്തില്‍ കയറ്റുന്നതിന്റെ പരിശ്രമത്തിലാണ് ഒരു നാട് മുഴുവന്‍. 27ന് നടക്കുന്ന പനങ്ങാട് ജലോത്സവം കേവലം വെറുമൊരു വള്ളംകളിയല്ല, ഒരു നാടിന്റെ മുഴുവന്‍ വികാരമാണ്.
കോവിഡ് വിഴുങ്ങിയ രണ്ടു വര്‍ഷങ്ങള്‍ക്കിപ്പുറം വ്യത്യസ്തതയോടെയാണ് ഇക്കുറി പനങ്ങാട് ജലോത്സവം നടക്കുക. അതിന്റെ ആദ്യകാഴ്ചയായിരുന്നു കായലിലൂടെ ഒഴുകിനടക്കുന്ന സംഘാടക സമിതി ഓഫിസ്. ഏറെ ചര്‍ച്ച ചെയ്യപ്പെട്ട വ്യത്യസ്ത ഓഫിസ് കാണാന്‍ നിരവധിപേർ വന്നുകൊണ്ടിരിക്കുന്നു. ഇതിനു പിന്നാലെയാണ് ദേശീയപാതയില്‍നിന്ന് പനങ്ങാട്ടേക്ക് പ്രവേശിക്കുന്ന ഭാഗം മുതല്‍ വിവിധ രൂപത്തിലും ഭാവത്തിലുമുള്ള ചിത്രരചനകള്കൊണ്ട് ഓരോ മതിലുകളും ആകര്ഷണമാക്കിയിരിക്കുന്നത്. ചിത്രകാരന്മാരുടെ കൈയൊപ്പ് ചാര്‍ത്തിയാണ് മതിലുകള്‍ ജലോത്സവം നടക്കുന്നയിടത്തേക്ക് കാണികളെ സ്വാഗതം ചെയ്യുന്നത്. കുഞ്ഞുകുട്ടികള്‍ മുതല്‍ വിവിധ ജോലികള്‍ ചെയ്യുന്നവര്‍ വരെ അവരവരുടെ സമയത്തിനനുസരിച്ച് ചുവരുകളില്‍ ചിത്രം വരക്കുന്നു. വരക്കാനുള്ള ചായങ്ങളും ബ്രഷുകളും ജലോത്സവ സംഘാടക സമിതി സൗജന്യമായാണ് നല്‍കുന്നത്.
ടൂറിസ്റ്റുകളെ ആകര്‍ഷിക്കുകയെന്ന ലക്ഷ്യവുമുണ്ട്. 'കായല്‍ വീണ്ടെടുക്കുക, ജീവിതം തിരിച്ചുപിടിക്കുക' എന്ന മുദ്രാവാക്യവുമായാണ് ജലോത്സവ പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്നത്. മത്സ്യത്തൊഴിലാളികളുടെ സഹകരണത്തോടെ കായല്ശുചീകരണ യജ്ഞത്തിനും തുടക്കമിട്ടിരുന്നു. ഇതിന്റെ ഭാഗമായി 100 വള്ളങ്ങള്‍ അണിനിരന്ന പരിശ്രമത്തിലൂടെ 200 കിലോയോളം പ്ലാസ്റ്റിക് മാലിന്യമാണ് കോരിമാറ്റിയത്.
27നാണ് ചുണ്ടന്‍വള്ളങ്ങളുടെയും ഇരുട്ടുകുത്തി വള്ളങ്ങളുടെയും മത്സരം അരങ്ങേറുന്നത്. ടൂറിസം മേഖലയില്‍ വന്‍ കുതിച്ചുചാട്ടത്തിന് വഴിയൊരുക്കുന്നതിന് അക്ഷീണ പ്രയത്നത്തിലാണ് കുമ്പളം പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. രാധാകൃഷ്ണന്, ജലോത്സവം കണ്‍വീനര്‍ വി.ഒ. ജോണി എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.