ഫ്ലാറ്റിനുവേണ്ടി പൈലിങ്: ദുരിതത്തിലായത് ഏഴ് കുടുംബങ്ങൾ; വര്‍ഷം മൂന്നായിട്ടും നഷ്ടപരിഹാരമില്ല
text_fieldsഅമാനുള്ള കാഞ്ഞിരമറ്റം
മരട്: സ്വകാര്യ ഫ്ലാറ്റിെൻറ പൈലിങ് ജോലികള്‍ക്കിടെ കേടുപാട് സംഭവിച്ച വീടുകള്‍ക്ക് പ്രഖ്യാപിച്ച നഷ്ടപരിഹാരം വാക്കുകളിലൊതുങ്ങിയിട്ട് മൂന്നുവര്‍ഷം. 2017 ൽ നെട്ടൂര്‍ മൂത്തേടം റോഡിലെ സ്വകാര്യ ഫ്ലാറ്റിെൻറ നിര്‍മാണങ്ങള്‍ക്കായി പൈലിങ് ആരംഭിച്ചപ്പോഴാണ് സമീപത്തെ വീടുകള്‍ക്ക് വിള്ളല്‍ സംഭവിച്ചത്. ഏഴ് കുടുംബങ്ങളാണ് ഇവിടെ താമസിക്കുന്നത്. തുടക്കത്തില്‍ തന്നെ നിര്‍മാണം നടക്കുന്ന സ്ഥലത്തിനോടു ചേര്‍ന്നുള്ള മതില് ഇടിഞ്ഞുവീഴുകയും ഇത് സമീപവാസികളുടെ വീടുകളിലേക്ക് വന്നു പതിക്കുകയും ചെയ്തു. അന്നുയർന്ന പ്രതിഷേധത്തെ അവഗണിച്ച് നിര്‍മാണപ്രവര്‍ത്തനങ്ങളുമായി കമ്പനി മുന്നോട്ടു പോയതോടെ പ്രദേശവാസികള്‍ കോടതിയെ സമീപിച്ചു. തുടര്‍ന്ന് നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെക്കുകയും ചെയ്തു.
നെട്ടൂര്‍ മൂത്തേടത്ത് രാജമ്മയുടെ (61) വീടിനാണ് കൂടുതല്‍ കേടുപാടുകള്‍ സംഭവിച്ചത്. തൂണിനു വിള്ളല്‍ വീണ് ഒടിഞ്ഞു വീഴാറായ സ്ഥിതിയാണ്. ഇരുമ്പുകാല് കൊണ്ട് താങ്ങി നിര്‍ത്തിയിരിക്കുകയാണ് മേല്‍ക്കൂര. കൂടാതെ മേല്‍ക്കൂരയ്ക്കും ഭിത്തിക്കും വിള്ളല്‍ സംഭവിച്ചിട്ടുണ്ട്. മകന് സന്തോഷ് കൂലിപ്പണിയെടുത്താണ് കുടുംബം പോറ്റുന്നത്. അറ്റകുറ്റപണി സ്വന്തമായി ചെയ്യാൻ കഴിവില്ലാത്തതുകൊണ്ടാണ് ഇപ്പോഴും ഭീതിയോടെ ഇവിടെ കഴിയുന്നതെന്ന് രാജമ്മ പറഞ്ഞു.
തെൻറ വീടിെൻറ ടെറസില്‍ വിള്ളല്‍ വീണതോടെ വെള്ളം ചോര്‍ന്നൊലിക്കുകയാണെന്നും രണ്ടു നിലയുള്ള വീടിെൻറ അടിത്തറയ്ക്ക് ക്ഷതം സംഭവിച്ചിട്ടുണ്ടെന്നും പടമാട്ടുമ്മേല്‍ ജോമോന് പറയുന്നു.
നിര്‍മാണം തുടങ്ങുന്നതിനു മുമ്പായി പ്രദേശവാസികളും കമ്പനിയുമായി കരാര്‍ ഒപ്പിട്ടിരുന്നു. വീടിന് എന്തുകേടുപാടു പറ്റിയാലും പരിഹരിക്കുമെന്ന് ഉറപ്പു നല്‍കിയിരുന്നു. എന്നാല്‍, കരാർ പാലിക്കാനും തയാറായിട്ടില്ല. തുടക്കത്തിൽ രാട്രീയപാര്ട്ടികള് കൂടെ നിന്നെങ്കിലും ഇപ്പോള്‍ ആരുംതിരിഞ്ഞു നോക്കാത്ത അവസ്ഥയാണ്. സ്വന്തം വീട്ടില്‍ ഭീതിയോടെ എത്രകാലം ഇങ്ങനെ കഴിയേണ്ടി വരുമെന്നുള്ള ചോദ്യവും ഇവർ ഉയര്‍ത്തുന്നു.
വീണ്ടും കോടതിയിലേക്ക്...
നിലവില്‍ കേസ് ഹൈക്കോടതിയുടെ പരിഗണനയിലാണ്. കോടതി കമ്മീഷനെ നിയോഗിച്ചതിെൻറ അടിസ്ഥാനത്തില്‍ നഷ്ടപരിഹാരതുക സംബന്ധിച്ച് റിപ്പോര്‍ട്ട് കമീഷന് കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. എന്നാല്‍ ഈ തുക അപര്യാപ്തമാണെന്നാരോപിച്ച് പ്രദേശവാസികള്‍ വീണ്ടും കോടതിയെ സമീപിക്കാനൊരുങ്ങുകയാണെന്ന് നിനവ് റസിഡെൻറ്സ് അസോസിയേഷന് പ്രസിഡെൻറ് അബ്ദുല്‍ റസാക്ക് പറഞ്ഞു.
തങ്ങളുടെ ആവശ്യം പരിഗണിച്ച് തങ്ങള്‍ക്കനുകൂലമായ കോടതിവിധിയുണ്ടാകുമെന്ന പ്രതീക്ഷയിലാണ് പ്രദേശവാസികള്‍.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.