മരടില്‍ ഷിെഗല്ലയെന്ന് സംശയം
text_fieldsമരട്: നഗരസഭയിലെ ആറാം ഡിവിഷനില്‍ കാട്ടിത്തറയില്‍ ഒരാള്‍ക്ക് ഷിഗെല്ലയെന്ന് സംശയം. മരടില്‍ വാടകക്ക് താമസിക്കുന്ന കുടുംബത്തിലെ ഒരുകുട്ടിക്ക് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലെ റിപ്പോര്‍ട്ടില്‍ ഷിഗെല്ലയാണെന്ന് കണ്ടെത്തിയിട്ടുണ്ടെങ്കിലും ജില്ല ആരോഗ്യവിഭാഗം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.
പരിസര പ്രദേശങ്ങളിലും മറ്റും ആരോഗ്യവിഭാഗം ജീവനക്കാര്‍ എത്തി വിവിധ സാംപിളുകള്‍ ശേഖരിച്ച് കോട്ടയം മെഡിക്കല്‍ കോളജിലേക്ക് അയച്ചിട്ടുണ്ടെന്നും ഈ റിപ്പോര്‍ട്ട് അടിസ്ഥാനമാക്കിയേ രോഗം ആരോഗ്യ വിഭാഗം സ്ഥിരീകരിക്കുകയുള്ളൂവെന്നും ഡി.എം.ഒ പറഞ്ഞു.
മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. നഗരസഭ ചെയര്മാന് ആൻറണി ആശാന്‍പറമ്പില്‍, വൈസ് ചെയര്പേഴ്സന് രശ്മി സനല്‍, മരട് നഗരസഭയിലെ വളന്തക്കാട്, പി.എച്ച്.സി ഡോക്ടർമാർ, മെഡിക്കല്‍ ഓഫിസര്‍ ഇന്‍ ചാര്‍ജ് ഡോ. ജീന, ഡോ. വിനോദ് പൗലോസ്, ആരോഗ്യ സ്ഥിരം സമിതി ചെയര്മാന് ചന്ദ്ര കലാധരന്‍, കൗണ്‍സിലര്‍ പി.ഡി. രാജേഷ്, ബെന്ഷാദ് നടുവിലവീട്, അജിത നന്ദകുമാര്‍, മറ്റ് കൗണ്‍സിലര്‍മാര്‍ നഗരസഭയില്‍ അടിയന്തരയോഗം ചേര്‍ന്നു. ഷിെഗല്ലയുണ്ടെന്ന് സംശയിക്കുന്ന പരിസരം ക്ലോറിനേഷന് ചെയ്തു. അടിയന്തര മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കാന്‍ യോഗം തീരുമാനിച്ചു.
പരിസരത്തെ വീടുകളിലെ സാംപിളുകളും റിപ്പോര്‍ട്ടുകളും എടുക്കാനും മറ്റാര്‍ക്കെങ്കിലും രോഗലക്ഷണങ്ങള്‍ ഉണ്ടോയെന്ന് കണ്ടെത്താനും നടപടികള്‍ സ്വീകരിക്കാന്‍ ആശ വര്‍ക്കര്‍മാരെ ഉള്‍പ്പെടെ രംഗത്തിറക്കിയതായി നഗരസഭ ചെയര്മാന് ആൻറണി ആശാന്‍പറമ്പില്‍ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.