ടോള്‍ വെട്ടിക്കാന്‍ കുറുക്കുവഴി: കുമ്പളം ടോള്‍ പ്ലാസയില്‍ അപകടം പതിവ്
text_fieldsമരട്: കുമ്പളം ടോള്‍ പ്ലാസയില്‍ ടോള്‍ ഒഴിവാക്കുന്നതിന് വാഹനങ്ങള്‍ പെട്ടെന്ന് വെട്ടിക്കുന്നതിലൂടെ അപകടം പതിവാകുന്നു. തിങ്കളാഴ്ച രാവിലെയും വൈകീട്ടുമായുണ്ടായ രണ്ട് അപകടത്തില്‍ ബൈക്ക് യാത്രികര്‍ക്ക് പരിക്കേറ്റിരുന്നു. ടോള്‍ ഒഴിവാക്കുന്നതിന് സര്‍വിസ് റോഡിലേക്കു കയറാൻ പെട്ടെന്ന് വാഹനം ഇടതു വശത്തേക്ക് തിരിക്കുന്നതാണ് അപകടത്തിനിടയാക്കുന്നത്.
സിഗ്നല്‍ പോലുമില്ലാതെ മിക്ക വാഹനങ്ങളും തിരിക്കുന്നതുമൂലം ബൈക്ക് യാത്രികർ അപകടത്തിൽപെടുന്നത് നിത്യസംഭവമായി. 300 മീറ്റര്‍ മാത്രം ചുറ്റിയാല്‍ 60 രൂപ ലാഭിക്കാമെന്നതാണ് ഇത്തരത്തില്‍ വാഹനങ്ങള്‍ ടോള്‍ വെട്ടിക്കാൻ കാരണം.
തിങ്കളാഴ്ചയുണ്ടായ അപകടത്തിന്റെ വിഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. രാവിലെത്തെ അപകടത്തില്‍ പറവൂര്‍ സ്വദേശി പോളി പാപ്പച്ചനാണ് പരിക്കേറ്റത്. വൈകീട്ടത്തെ അപകടത്തില്‍ കുമ്പളം സ്വദേശിയാണ് അപകടത്തില്‍പെട്ടത്. ഇരുവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
രാവിലെ വൈറ്റില ഭാഗത്തുനിന്നുവന്ന ഗുഡ്‌സ് വണ്ടി ടോള്‍ കൊടുക്കാതിരിക്കാന്‍ വേണ്ടി തിരിച്ചപ്പോഴാണ് അപകടം. വൈകീട്ടും സമാനരീതിയിലായിരുന്നു അപകടം. വൈറ്റില ഭാഗത്തുനിന്ന് ആലപ്പുഴയിലേക്ക് വരുമ്പോള്‍ ടോള്‍ എത്തുന്നതിന് തൊട്ടുമുമ്പുള്ള ഇടവഴിയിലേക്ക് കയറുന്നതിനായാണ് സര്‍വിസ് റോഡിലേക്കു കയറുന്നത്. തിരിച്ച് സര്‍വിസ് റോഡില്‍നിന്് ദേശീയപാതയിലേക്ക് പ്രവേശിക്കുന്നതിന് അശ്രദ്ധയോടെ വാഹനങ്ങള്‍ എടുക്കുന്നതും അപകടസാധ്യത വര്‍ധിപ്പിക്കുന്നുണ്ട്.
അതേസമയം, അപകടത്തിൽപെട്ടയാളെ ആശുപത്രിയില്‍ എത്തിക്കാന്‍ ആംബുലന്‍സ് കിട്ടാതായതോടെ ഓട്ടോയിലാണ് എത്തിച്ചത്. ടോള്‍ പ്ലാസയോടനുബന്ധിച്ചു ടോള്‍ കൊടുക്കുന്ന റോഡുകളില്‍ ആംബുലന്‍സ് വേണമെന്നാണ് നിയമമെങ്കിലും കുമ്പളത്ത് ടോള്‍ പ്ലാസയുടെ തൊട്ടുമുന്നില്‍ അപകടമുണ്ടായാലും ആംബുലന്‍സ് കിട്ടാറില്ല.
താരതമ്യേന വീതി കുറഞ്ഞ റോഡിലൂടെ ടോള്‍ വെട്ടിച്ചുള്ള വാഹനങ്ങളുടെ യാത്ര ഗതാഗതക്കുരുക്കുമുണ്ടാക്കുന്നു. ഈ വഴി അറിയാവുന്നവര്‍ ഭൂരിഭാഗവും അമിത ടോള്‍ നിരക്കില്‍നിന്ന് രക്ഷപ്പെടാന്‍ ഈ ഇടവഴിയാണ് ഉപയോഗിക്കുന്നത്.
ഈ ഭാഗത്ത് വലിയ വാഹനങ്ങളടക്കം സ്ഥിരമായി വരുന്നതിലൂടെ സമീപവാസികളും ദുരിതത്തിലാണ്. സര്‍വിസ് റോഡിലേക്ക് പ്രവേശിക്കുന്ന ഭാഗത്ത് പൊലീസ് ബാരിക്കേഡ് സ്ഥാപിക്കുകയോ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തുകയോ വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.