ഭീഷണിയായി പോളപ്പായൽ മത്സ്യത്തൊഴിലാളികൾക്ക് വലയും കുറ്റിയും നഷ്ടമായി
text_fieldsമരട്: പോളപ്പായൽ ശല്യം രൂക്ഷമായതോടെ വഞ്ചിയിറക്കാനാകാതെ വലഞ്ഞ് മത്സ്യത്തൊഴിലാളികൾ. പായൽ കൂട്ടമായി വന്നിടിച്ച് വലകീറിയും കുറ്റിയൊടിഞ്ഞും വലിയ നഷ്ടമാണ് തൊഴിലാളികൾക്ക് സംഭവിച്ചിട്ടുള്ളത്. കുമ്പളത്ത് കഴിഞ്ഞ ദിവസം തൊഴിലാളികളുടെ ഊന്നിക്കുറ്റിയും വലയും നശിച്ചു. കുമ്പളം മട്ടംപറമ്പത്ത് ഊന്നിനിരയിൽ മത്സ്യബന്ധനം നടത്തുന്ന രാജപ്പൻ മട്ടംപറമ്പത്ത്, സതീശൻ ചാണിയിൽ, മനോഹരൻ മട്ടംപറമ്പത്ത്, തങ്കപ്പൻ മട്ടംപറമ്പത്ത് എന്നിവരുടെ അഞ്ചുവല പോളപ്പായൽ കയറി ഒഴുക്കിൽപെട്ടുപോയി. കൂടാതെ മറ്റു മത്സ്യത്തൊഴിലാളികളുടെ പത്തോളം വരുന്ന ഊന്നിക്കുറ്റികളും ഒടിഞ്ഞുപോയിട്ടുണ്ട്. ഏകദേശം രണ്ടുലക്ഷം രൂപയോളം നഷ്ടം ഉണ്ടായെന്ന് ഇവർ പറഞ്ഞു. വർഷങ്ങളായുള്ള പായൽശല്യം പരിഹരിക്കുന്നതിന് സർക്കാർ ഭാഗത്തുനിന്ന് നടപടി ഉണ്ടാകണമെന്നും വലയും കുറ്റിയും നശിച്ചവർക്ക് നഷ്ടപരിഹാരം നൽകണമെന്നും മുൻ പഞ്ചായത്ത് അംഗം സി.പി. രതീഷ് ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.