മരട് നഗരസഭയുടെ ഫ്ലാറ്റ് നിർമാണം പൂർത്തിയായി
text_fieldsമരട്: നഗരസഭ എസ്.സി വിഭാഗത്തിൽപ്പെട്ടവർക്കായി പണികഴിപ്പിച്ച ഫ്ലാറ്റ് സമുച്ഛയത്തിന്റെ നിർമാണം പൂർത്തീകരിച്ചു. എസ്.സി വിഭാഗത്തിൽപ്പെട്ട കുടുംബങ്ങൾക്ക് സൗജന്യമായി നൽകാനാണ് മരട് നഗരസഭ 31ാം ഡിവിഷനിൽ ഫ്ലാറ്റ് നിർമിച്ചിരിക്കുന്നത്.
കൃത്യമായ മാനദണ്ഡങ്ങൾ അനുസരിച്ചാകും ഗുണഭോക്താക്കളെ കണ്ടെത്തുക. സ്ഥലം വാങ്ങുന്നതിന് 87.8 ലക്ഷവും നിർമാണ പ്രവർത്തനങ്ങൾക്കായി 2.67 കോടിയും നഗരസഭ ചെലവഴിച്ചിട്ടുണ്ട്.
ഇരുപത് സെന്റോളം സ്ഥലത്താണ് ഫ്ലാറ്റ് നിർമിച്ചിരിക്കുന്നത്. 650 സ്ക്വയർ ഫീറ്റിലായി ഒരു ഹാൾ, ഡൈനിങ് ഏരിയ അറ്റാച്ച്ഡ് ബാത്ത്റൂമോടു കൂടിയ രണ്ട് ബെഡ്റൂമുകൾ, അടുക്കള എന്നിവ അടങ്ങുന്നതാണ് ഒരു വീട്. എട്ട് കുടുംബത്തിന് താമസിക്കാൻ പാകത്തിനാണ് ഫ്ലാറ്റ് നിർമിച്ചിരിക്കുന്നത്. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിധവകൾ, മാരക രോഗബാധിതരായവർ, ഭിന്നശേഷിക്കാർ തുടങ്ങിയവർക്ക് മുൻഗണന ലഭിക്കും.
കൃത്യമായി അപേക്ഷകൾ സ്വീകരിച്ച് അർഹരായ എട്ട് കുടുംബങ്ങളെ കണ്ടെത്തി ഫ്ലാറ്റ് കൈമാറുമെന്ന് നഗരസഭാ ചെയർമാൻ ആന്റണി ആശാംപറമ്പിൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.