പ്രതിഷേധം ഫലം കണ്ടു; കുടിവെള്ള വിതരണം ആരംഭിച്ചു
text_fieldsമരട്: കുടിവെള്ളക്ഷാമത്തിന് പരിഹാരമായി ജലവിതരണം തുടങ്ങി. ഇതോടെ മരട് നെട്ടൂര്‍ കണ്ണമാലി ചെല്ലാനം, പശ്ചിമകൊച്ചി, കോര്‍പറേഷനിലെ വിവിധ ഭാഗങ്ങളിലെ ജലക്ഷാമത്തിനാണ് അറുതി വന്നത്. കഴിഞ്ഞദിവസം കെ.ബാബു എം.എല്‍.എ, മരട് നഗരസഭ ചെയര്മാന് ആന്റണി ആശാന്‍പറമ്പില്‍ എന്നിവരുടെ ആവശ്യപ്രകാരം തിരുവനന്തപുരത്ത് ജല അതോറിറ്റിയുടെ ഉന്നതല യോഗം ചേര്‍ന്നപ്പോള്‍ വിഷയം സൂപ്രണ്ടിങ് എൻജിനീയര്‍ അവതരിപ്പിച്ചു.
തുടര്‍ന്ന് പാഴൂര്‍ പമ്പ് ഹൗസിലെ മൂന്ന് മോട്ടോറുകള്‍ പ്രവര്‍ത്തിപ്പിച്ച് ജലവിതരണം സാധാരണഗതിയിലാക്കാമെന്ന് തീരുമാനിക്കുകയായിരുന്നു. അതിനുശേഷം ജില്ല സൂപ്രണ്ടിങ് എൻജിനീയറുടെ നിർദേശപ്രകാരം പാഴൂരിലെ അസി. എക്സിക്യൂട്ടിവ് എന്‍ജിനീയര്‍ മൂന്ന് മോട്ടറും പ്രവര്‍ത്തിപ്പിച്ച് ജലവിതരണം തുടങ്ങുകയായിരുന്നു. കഴിഞ്ഞ ഫെബ്രുവരിയില്‍ മോട്ടോര്‍ കേടായതിനെത്തുടര്‍ന്ന് ജില്ലയില്‍ രൂക്ഷമായ കുടിവെള്ളക്ഷാമം അനുഭവപ്പെട്ടിരുന്നു. പിന്നീട് പൂര്‍വസ്ഥിതിയിലാക്കിയെങ്കിലും മൂന്ന് മോട്ടോറുകളില്‍ ഒരെണ്ണം സ്റ്റാന്‍ഡ് ബൈ ആയി വെച്ചതോടെ മരട്, നെട്ടൂര്‍ പ്രദേശങ്ങളില്‍ കുടിവെള്ളം ലഭിക്കാത്ത സാഹചര്യമായിരുന്നു. പ്രതിഷേധങ്ങളെത്തുടര്‍ന്ന് മൂന്ന് മോട്ടോറുകളും ഒരേസമയം പ്രവര്‍ത്തിപ്പിച്ചതോടെയാണ് കുടിവെള്ളക്ഷാമത്തിന് പരിഹാരമായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.