കുണ്ടന്നൂരിലെ ഗതാഗതക്കുരുക്ക്; യോഗം വിളിച്ച് മരട് നഗരസഭ
text_fieldsമരട്: കുണ്ടന്നൂരിൽ മാള്‍ തുറന്നതോടെ രൂക്ഷമായ ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിന്റെ ഭാഗമായി പുതിയ ഗതാഗത പരിഷ്കാരം ഏര്‍പ്പെടുത്താന്‍ തീരുമാനം. ട്രാഫിക്കിലെയും ലോ ആന്‍ഡ് ഓര്‍ഡറിലെയും പൊലീസ് ഉദ്യോഗസ്ഥരെയും ഉള്‍പ്പെടുത്തി മരട് നഗരസഭ വിളിച്ചുചേര്‍ത്ത യോഗത്തിലാണ് ശനിയാഴ്ച മുതല്‍ കുണ്ടന്നൂര്‍ മുതല്‍ കണ്ണാടികാട് വരെ സര്‍വിസ് റോഡുകള്‍ വണ്‍വേ ആക്കി മാറ്റി പുതിയ പരിഷ്കാരം ഏര്‍പ്പെടുത്തിയത്.
കഴിഞ്ഞ ദിവസം മാള്‍ തുറന്ന് പ്രവര്‍ത്തനം ആരംഭിച്ചതോടെ കുണ്ടന്നൂര്‍ ദേശീയപാത സര്‍വിസ് റോഡില്‍ വന്‍ ഗതാഗതക്കുരുക്കാണ് അനുഭവപ്പെട്ടിരുന്നത്. മാളിലേക്ക് വരുന്നവര്‍ സര്‍വിസ് റോഡിലും ദേശീയപാതയിലും അനധികൃതമായി വാഹനങ്ങള്‍ പാര്‍ക്ക് ചെയ്തിരുന്നു.
ഇതു സംബന്ധിച്ച് ‘മാധ്യമം’ വാര്‍ത്ത നല്‍കിയിരുന്നു. ഇതു പരിഗണിച്ച് സര്‍വിസ് റോഡിന്റെ വശങ്ങളില് വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാതിരിക്കാന്‍ നോ പാര്‍ക്കിങ് ബോര്‍ഡുകള്‍ സ്ഥാപിക്കാനും നാഷനല്‍ ഹൈവേയുടെ മീഡിയനില്‍ ബാരിക്കേഡ് സ്ഥാപിക്കാനും ആളുകള്‍ക്ക് ക്രോസ് ചെയ്യാനായി സീബ്ര ലൈന്‍ സ്ഥാപിക്കാനും തീരുമാനമായി.
സര്‍വിസ് റോഡുകള്‍ വീതികൂട്ടി കാനകളില്‍ സ്ലാബുകള്‍ സ്ഥാപിക്കാനും സര്‍വിസ് റോഡില്‍ ഹൈമാസ് ലൈറ്റ് സ്ഥാപിക്കാനും യോഗത്തില്‍ തീരുമാനമായി. ഈ തീരുമാനങ്ങളെല്ലാം എന്‍.എച്ച് അധികൃതരുമായി ചര്‍ച്ചചെയ്യും.
അടുത്ത ദിവസങ്ങളില്‍ തന്നെ ട്രാഫിക് റെഗുലേറ്ററി കമ്മിറ്റിയും വിളിച്ചുചേര്‍ക്കുമെന്നും നഗരസഭ ചെയര്മാന് ആന്റണി ആശാംപറമ്പില്‍ അറിയിച്ചു.മരട് നഗരസഭ ചെയര്മാന് ആന്റണി ആശാംപറമ്പിലിന്റെ അധ്യക്ഷതയില്‍ നടന്ന യോഗത്തില്‍ കൊച്ചി സിറ്റി ട്രാഫിക് ഈസ്റ്റ് എ.സി.പി എ.എ. അഷ്റഫ്, നഗരസഭ സ്ഥിരംസമിതി അധ്യക്ഷരായ പി.ഡി. രാജേഷ്, അജിത നന്ദകുമാര്‍, ചന്ദ്രകലാധരന്, കൗണ്‍സിലര്‍ സി.ആര്. ഷാനവാസ്, ശോഭ ചന്ദ്രന്, ദിഷ പ്രതാപന്, മരട് പൊലീസ് സ്റ്റേഷന് ഐ.ഒ.പി സാജു ജോര്‍ജ്, ട്രാഫിക് ഈസ്റ്റ് എസ്.ഐ ജോസഫ് ജോര്‍ജ്, തൃപ്പൂണിത്തുറ ട്രാഫിക് ഈസ്റ്റ് എസ്.ഐമാരായ ഹരികുമാര്‍, കെ.ജി. സാബു, നഗരസഭ സെക്രട്ടറി നാസിം. ഇ, മുനിസിപ്പല്‍ എൻജിനീയര്‍ ബിജു എം.ഇ എന്നിവരും ഫോറം മാള്‍ അധികൃതരും യോഗത്തില്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.