രണ്ടുമാസത്തെ വൈദ്യുതിബില്‍ 84,064; ഷോക്കടിച്ച് വീട്ടുടമ
text_fieldsമരട്: രണ്ടുമാസത്തെ വൈദ്യുതിബില്‍ കണ്ട് ഷോക്കടിച്ചിരിക്കുകയാണ് വീട്ടുടമ. നെട്ടൂര്‍ അഴീക്കകത്ത് വീട്ടില്‍ എ.എം. നാസറിന്റെ വീട്ടിലെ വൈദ്യുതി ബില്‍ വന്നത് 84,064 രൂപ. ഗാര്‍ഹിക ഉപയോഗ കണക്ഷനുള്ള വീട്ടില്‍ ആകെ ഉള്ളത് രണ്ടുപേര്‍ മാത്രം. നാസറിന്റെ മകന് ഫസലുല്‍ റഹ്മാനും ഭാര്യയും മാത്രമാണ് ഇവിടെ താമസിക്കുന്നത്. നാസറും ഭാര്യയും വിദേശത്താണ്. കഴിഞ്ഞ നവംബര്‍-ഡിസംബര്‍ മാസത്തെ ബില്ലാണ് ഉയര്‍ന്ന നിരക്കില്‍ ലഭിച്ചത്.
ഇതുവരെയുള്ള ബില്ലില്‍ ഏകദേശം 4000 രൂപയില്‍ താഴെ മാത്രമാണ് ലഭിക്കാറുള്ളതെന്നും ഇത്തരത്തില്‍ കൂടിയ വൈദ്യുതി ഉപയോഗം എങ്ങനെയെന്ന് അറിയില്ലെന്നും വീട്ടുടമ പറയുന്നു. വിഷയം ചൂണ്ടിക്കാട്ടി കെ.എസ്.ഇ.ബി മരട് സെക്ഷനില്‍ പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ മീറ്റര്‍ പരിശോധനക്ക് വിധേയമാക്കുകയും പുതിയത് മാറ്റിവെക്കുകയും ചെയ്തു. പഴയ മീറ്ററില്‍ റീഡിങ് സാധാരണ നിലയിലാണെന്ന് കണ്ടെത്തുകയും നവംബര്‍ -ഡിസംബര്‍ കാലയളവില്‍ ഉയര്‍ന്ന ഉപയോഗം മൂലമാകാം വൈദ്യുതി തുക കൂടിയതെന്നുമാണ് കെ.എസ്.ഇ.ബി അധികൃതര്‍ റിപ്പോര്‍ട്ട് നല്‍കിയത്. ലഭിച്ച ബില്‍ തുക മുഴുവനും അടക്കണമെന്ന നിലപാടാണ് കെ.എസ്.ഇ.ബി അധികൃതര്‍ സ്വീകരിച്ചത്.
മൂന്നു ഫേസുള്ള കണക്ഷനില്‍ ഒരു ലൈനില്‍ മാത്രമാണ് വൈദ്യുതി ലഭ്യമാകുന്നതെന്ന് ഫസലുല്‍ റഹ്മാന് പറയുന്നു. നിയമനടപടികളുമായി പോകുന്നതിന് കെ.എസ്.ഇ.ബി അധികൃതരുടെ ആവശ്യപ്രകാരം ബില്‍ തുകയുടെ പകുതി അടച്ചതായി ഫസലുല്‍ റഹ്മാന് പറഞ്ഞു. വിഷയം ചൂണ്ടിക്കാട്ടി എക്സിക്യൂട്ടിവ് എന്‍ജിനീയറടക്കമുള്ള ഉദ്യോഗസ്ഥരെ വിവരം ധരിപ്പിച്ചെങ്കിലും അനുകൂല നിലപാട് ലഭ്യമാകാത്തതിനെത്തുടര്‍ന്ന് കണ്‍സ്യൂമര്‍ ഫോറത്തില്‍ പരാതി നല്‍കിയിരിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.