25 പേര് ഒത്തുപിടിച്ചിട്ടും സ്ലാബ് പൊക്കിമാറ്റാനായില്ല; മുന്‍കരുതലില്ലാതെ കെട്ടിടം പൊളിച്ചത് അപകടകാരണം
text_fieldsമരട്: ''ഞങ്ങള്‍ 25 പേര് ഒത്തുപിടിച്ചിട്ടും സ്ലാബ് പൊക്കിമാറ്റാന്‍ കഴിഞ്ഞില്ല, പിന്നീട് റോഡിലൂടെ പോയ ഒരു ലോറി തടഞ്ഞുനിര്‍ത്തി ജാക്കി വാങ്ങിയാണ് കുറച്ചെങ്കിലും ഉയര്‍ത്താനായത്'' രക്ഷാപ്രവര്‍ത്തനത്തിന് ഒപ്പമുണ്ടായിരുന്ന നെട്ടൂര്‍ സ്വദേശി നവാസിന്റെ വാക്കുകളാണിത്.
ബുധനാഴ്ച രാവിലെ 11ഓടെയായിരുന്നു നാടിനെ നടുക്കിയ ദുരന്തം. ഇരുനില കെട്ടിടം പൊളിച്ചുമാറ്റുന്നതിനിടെ താഴെ ജോലി ചെയ്തിരുന്ന ഒഡിഷ സ്വദേശികളുടെ മുകളിലേക്ക് വലിയ സ്ലാബ് വന്ന് പതിക്കുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന മറ്റ് മൂന്നുപേരുടെ കരച്ചില്‍കേട്ടാണ് സമീപത്തുണ്ടായിരുന്നവര്‍ അവിടേക്കെത്തിയത്. ഭാഷ ചിലര്‍ക്ക് മനസ്സിലായില്ലെങ്കിലും സ്ലാബ് ചൂണ്ടിക്കാട്ടി കരഞ്ഞതോടെയാണ് രക്ഷാപ്രവര്‍ത്തനത്തിനെത്തിയവര്‍ക്ക് കാര്യം മനസ്സിലായത്.
15 പേരോളം കിണഞ്ഞ് ശ്രമിച്ചിട്ടും സ്ലാബ് ഉയര്‍ത്താനായില്ല. സമീപത്തെ ചുമട്ടുതൊഴിലാളികള്‍ കയറുമായി എത്തിയെങ്കിലും ഒരടിപോലും ഉയര്‍ത്താനാവാതെ രക്ഷാപ്രവര്‍ത്തകര്‍ വിഷമിച്ചു.
സ്ലാബിനടിയില്‍പെട്ട രണ്ടുപേര്‍ക്കും അപ്പോള്‍ ചെറിയ അനക്കമുണ്ടായിരുന്നു. തന്റെ ഉറ്റസുഹൃത്തുക്കളെ എത്രയും വേഗം രക്ഷപ്പെടുത്തൂ എന്ന് ഉറക്കെ കരഞ്ഞാണ് മറ്റു മൂവരും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കുചേര്‍ന്നത്. അഗ്നിരക്ഷാസേനയെ വിവരമറിയിച്ചെങ്കിലും എത്തുന്നതിനുമുമ്പേ ഉയര്‍ത്തിമാറ്റി അടിയിലുള്ളവരെ രക്ഷപ്പെടുത്താനായിരുന്നു ശ്രമം.
രക്ഷാപ്രവര്‍ത്തനങ്ങള്‍ ശ്രമകരമായതോടെ കൂടെയുണ്ടായിരുന്നയാള്‍ റോഡിലൂടെപോയ ഒരു ടിപ്പര്‍ ലോറി തടഞ്ഞുനിര്‍ത്തി അതിന്റെ ജാക്കി വാങ്ങിക്കൊണ്ടുവന്ന് സ്ലാബിനടിയില്വെച്ച് കുറച്ച് ഉയര്‍ത്തിയതോടെയാണ് ഒരാളെ പുറത്തെടുക്കാനായത്. പിന്നീട് അഗ്നിരക്ഷാസേന എത്തി പൂര്‍ണമായും ഉയര്‍ത്തിയാണ് രണ്ടാമത്തെയാളെ പുറത്തെടുക്കാനായത്. അരമണിക്കൂറോളം നീണ്ട രക്ഷാപ്രവര്‍ത്തനത്തിനൊടുവിലാണ് രണ്ടുപേരെയും പുറത്തെടുത്ത് ആശുപത്രിയിലെത്തിക്കാനായത്. കെട്ടിടം പൊളിക്കുമ്പോള്‍ സ്വീകരിക്കേണ്ട മതിയായ മുന്‍കരുതലോ സുരക്ഷാസംവിധാനങ്ങളോ തയാറാക്കാതെ അശാസ്ത്രീയ രീതിയിലായിരുന്നു പൊളിച്ചതെന്ന ആരോപണമാണ് നാട്ടുകാര്‍ ഉന്നയിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.