അവഗണനകളിൽ വീർപ്പുമുട്ടി വളന്തകാട് ദ്വീപ്
text_fieldsമരട്: അവഗണനകളില്‍ വീര്‍പ്പുമുട്ടുന്ന ഒരു നാടുണ്ട് മരട് നഗരസഭക്ക് കീഴില്‍, അതാണ് വളന്തകാട് ദ്വീപ്. സഞ്ചരിക്കാന്‍ വഴിയില്ല, മരുന്ന് വാങ്ങാന്‍ പോകണമെങ്കില്‍ വള്ളം തുഴയണം, സ്കൂളില്‍ പോകാനും വള്ളത്തെ ആശ്രയിക്കണം, കുടിവെള്ളത്തിനും അധികൃതർ കനിയണം. വിനോദസഞ്ചാരികള്‍ക്ക് മുന്നില്‍ വിസ്മയ ദ്വീപായി മാറ്റാന്‍ കഴിയുന്ന മനോഹര കാഴ്ചകള്‍ സമ്മാനിക്കുന്ന ഇടമാണിത്. കൊച്ചി നഗരത്തിന്റെ കൈയെത്തുംദൂരത്ത് ഇത്ര മനോഹരമായൊരു ഗ്രാമീണ ദ്വീപ് ഉണ്ടെങ്കിലും ശ്രദ്ധിക്കപ്പെടാതെ പോവുകയാണ്. മരട് നഗരസഭയിലെ 22ാം ഡിവിഷനിലെ വളന്തകാട് ദ്വീപിലാണ് ഈ ദുരവസ്ഥ. കുടിവെള്ളവിതരണം ഭാഗികമായി നിലച്ചിട്ട് മാസങ്ങളായി. ദ്വീപിന്റെ തെക്കുഭാഗങ്ങളില്‍ താമസിക്കുന്നവര്‍ പൂര്‍ണമായും കുടിവെള്ളം തടസ്സപ്പെട്ട നിലയിലാണ്. 45 പട്ടികജാതി കുടുംബങ്ങള്‍ മാത്രമാണ് ദ്വീപില്‍ താമസിക്കുന്നത്. ഇവരുടെ ഏക യാത്രാമാര്‍ഗം വള്ളമാണ്.
വള്ളത്തില്‍ പാത്രങ്ങള്‍ കൂട്ടിവെച്ച് ദ്വീപിന് പുറത്തുപോയി ശേഖരിച്ചാണ് കുടിവെള്ളം കൊണ്ടുവരുന്നത്. എന്നാല്‍, പുഴയില്‍ പായലുകള്‍ തിങ്ങിനിറഞ്ഞിരിക്കുന്നതിനാല്‍ വള്ളം തുഴയലും പ്രയാസകരമാണ്. നഗരസഭ സൗജന്യമായി കടത്ത് സര്‍വിസ് നടത്തുന്നുണ്ടെങ്കിലും ശാശ്വതമല്ല. നഗരസഭ വൈസ് ചെയര്‍പേഴ്സനും ഡിവിഷന് കൗണ്‍സിലറുമായ അഡ്വ. രശ്മി സനില്‍ ദ്വീപ് നിവാസികളുമായെത്തി കുടിവെള്ള പ്രശ്നം പരിഹരിക്കണമെന്നാവശ്യപ്പെട്ട് എക്സിക്യൂട്ടിവ് എൻജിനീയര്‍ക്ക് പരാതി നല്‍കിയിരുന്നു. വഴിവിളക്കുകള്‍ ഇല്ലാത്തതും നാട്ടുകാരെ ദുരിതത്തിലാഴ്ത്തുകയാണ്.
നാലുവര്‍ഷമായി പാതിവഴിയിലായ വളന്തകാട് പാലം നിര്‍മാണം ഇപ്പോഴും വഴിമുട്ടിയ നിലയിലാണ്. 2019ല്‍ ആരംഭിച്ച പാലം പണി 2023 ആയിട്ടും പൂര്ത്തിയാക്കാനാകാത്തതിനെതിരെ പ്രതിഷേധം ശക്തമായിരുന്നു. 18 മാസംകൊണ്ട് പൂര്‍ത്തീകരിക്കുമെന്നാണ് പ്രഖ്യാപിച്ചിരുന്നതെങ്കിലും നാലുവര്‍ഷം കഴിഞ്ഞിട്ടും ചുവപ്പുനാടയിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.