മൂവാറ്റുപുഴയിൽ അരക്കോടിയുടെ കൃഷിനാശം
text_fieldsമൂവാറ്റുപുഴ: നിയോജക മണ്ഡലത്തിെൻറ വിവിധ പ്രദേശങ്ങളില്‍ വെള്ളപ്പൊക്കത്തിലും കാറ്റിലും അരക്കോടി രൂപയുടെ കൃഷിനാശം സംഭവിച്ചതായി എല്‍ദോ എബ്രഹാം എം.എല്‍.എ അറിയിച്ചു. കൃഷി ഭവനുകളില്നിന്നുള്ള പ്രാഥമിക കണക്കെടുപ്പ് പ്രകാരമാണിത്. മൂവാറ്റുപുഴയാർ, കോതയാർ, കാളിയാർ, തൊടുപുഴയാർ എന്നിവ കരകവിഞ്ഞതോടെയാണ് താഴ്ന്ന പ്രദേശങ്ങളിലടക്കം ഏക്കർകണക്കിന് കൃഷി വെള്ളത്തിലായത്.
നെല്ല്, വാഴ, കപ്പ, ജാതി, തെങ്ങ്, പച്ചക്കറി കൃഷിയിടങ്ങളിൽ വെള്ളം കയറി. വെള്ളം ഇറങ്ങിയാലേ കൃഷിനാശത്തിെൻറ കണക്ക് പൂര്‍ണമാകൂവെന്ന് കൃഷി അസി. ഡയറക്ടര്‍ ടാനി തോമസ് പറഞ്ഞു. ഓണവിപണി ലക്ഷ്യമാക്കി ഇറക്കിയ കൃഷി വെള്ളത്തിലായത് കര്‍ഷകര്‍ക്ക് ആഘാതമായി.
മാറാടി പഞ്ചായത്തില്‍ കായനാട് തുറുവശ്ശേരില് ബാബു പോളിെൻറ മുന്നൂറോളം വാഴകളും തെങ്ങും ജാതിയും വെള്ളത്തിനടിയിലായി. മൂത്തേമഠത്തില് ബാലന്, പോത്തനാംകണ്ടത്തില് അവിരാച്ചന്, ചൊള്ളാല്‍ ചാക്കപ്പന് എന്നിവരുടെ വാഴകൃഷി നശിച്ചു. കായനാട് മറ്റപ്പാടം ഭാഗത്തും കൃഷിനാശമുണ്ട്.
വാളകം പഞ്ചായത്തില്‍ റാക്കാട് കൊങ്ങപ്പിള്ളി കടവിന് സമീപം കുലച്ചുതുടങ്ങിയ മുന്നൂറോളം ഏത്തവാഴകള്‍ വെള്ളത്തിലായി. രണ്ടേക്കര്‍ കപ്പ കൃഷിയും നശിച്ചു. പഞ്ചായത്ത് മെംബര്‍ പുല്ലാട്ട് പുത്തന്‍പുരയില്‍ പി.എ. മദനന് പാട്ടത്തിനെടുത്ത കൃഷിയിടത്തിലാണ് വെള്ളം കയറിയത്.
പായിപ്ര പഞ്ചായത്തില്‍ മുളവൂര്‍ തോട് കരകവിഞ്ഞ് ഏക്കര്‍കണക്കിന് കൃഷി വെള്ളത്തിനടിയിലാണ്. മൂവാറ്റുപുഴ നഗരസഭ, ആയവന, ആരക്കുഴ, ആവോലി, പൈങ്ങോട്ടൂര്‍, പോത്താനിക്കാട്, പാലക്കുഴ, മഞ്ഞള്ളൂര്‍ പഞ്ചായത്തുകളിലും വെള്ളം കയറി കൃഷി നശിച്ചു. കണക്കെടുപ്പ് വേഗത്തിലാക്കാൻ കൃഷി അസി. ഡയറക്ടര്‍മാര്‍ക്ക് നിർദേശം നല്‍കിയതായും നഷ്ടപരിഹാരം വേഗത്തിലാക്കണമെന്നും മന്ത്രി വി.എസ്. സുനില്‍കുമാറിനോട് അഭ്യർഥിച്ചിട്ടുെണ്ടന്നും എല്‍ദോ എബ്രഹാം എം.എല്‍.എ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.