പോളിങ്ങ് ബൂത്തായി നിശ്ചയിച്ച സ്കൂളിലെ സീലിങ് തകർന്നുവീണു
text_fieldsമൂവാറ്റുപുഴ: പോളിങ് ഉദ്യോഗസ്ഥർ എത്തും മുമ്പ് പോളിങ്ങ് ബൂത്തായി നിശ്ചയിച്ചിരുന്ന സ്കൂളിലെ സീലിങ് തകർന്നു. പായിപ്ര പഞ്ചായത്തിലെ 21ാം വാർഡിലെ പോളിങ് ബൂത്തായി നിശ്ചയിച്ച തൃക്കളത്തൂർ എൽ.പി സ്കൂളിലെ സീലിങാണ് തകർന്നത്.
ഇതോടെ മേൽക്കൂരയും അവശേഷിക്കുന്ന സീലിങ്ങും സുരക്ഷിതമല്ലെന്ന നിഗമനത്തിൽ ബൂത്ത് മാറ്റണമെന്ന ആവശ്യം ഉയർന്നെങ്കിലും സീലിങ് പൂർണമായി പൊളിച്ചു നീക്കി ബൂത്ത് ഇവിടെ തന്നെ സജ്ജീകരിക്കാൻ തീരുമാനിച്ചു.
ഒരു വർഷം മുമ്പാണ് സ്കൂളിൽ പഞ്ചായത്ത് ഫണ്ട് ചെലവഴിച്ച് സീലിങ്ങും മേൽക്കൂരയും നവീകരിച്ചത്. സീലിങ് പൊളിഞ്ഞു വീണത് നിമിഷങ്ങൾക്കകം തെരഞ്ഞെടുപ്പു വിഷയമായി സമൂഹ മാധ്യമങ്ങളിൽ ചർച്ച നടന്നു.
സീലിങ് പൊളിഞ്ഞു വീണത് നിർമാണത്തിലെ അപാകതയും അഴിമതിയും ആണെന്ന് എൽ.ഡി.എഫും പ്രശ്നങ്ങളൊന്നും ഇല്ലാതിരുന്ന സീലിങ് പൊളിഞ്ഞു വീണതിനു പിന്നിൽ രാഷ്ട്രീയ ലക്ഷ്യവും ദുരൂഹതയും ഉണ്ടെന്ന് യു.ഡി.എഫും ആരോപണം ഉന്നയിച്ചു.
അന്വേഷണം നടത്തണമെന്നും അഴിമതി ഉണ്ടെങ്കിൽ അതും പുറത്തു കൊണ്ടുവരണമെന്നും വാർഡ് അംഗമായ എം.സി. വിനയൻ ആവശ്യപ്പെട്ടു. വോട്ടർമാരുടെ സുരക്ഷിതത്വം ഉറപ്പു വരുത്തിയ ശേഷം മാത്രമേ സ്കൂളിൽ വോട്ടെടുപ്പ് നടത്താവൂ എന്ന് ആവശ്യപ്പെട്ട് എൽ.ഡി.എഫ് കൺവീനർ സുശീല നീലകണ്ഠൻ മുഖ്യ തെരഞ്ഞെടുപ്പ് വരണാധികാരിയായ ആർ.ഡി.ഒക്ക് പരാതി നൽകി. തുടർന്നാണ് പരിശോധന നടത്തി ബൂത്തിലെ അപകടാവസ്ഥയിലുള്ള സീലിങ് പൊളിച്ചു നീക്കി ഇവിടെ തന്നെ ബൂത്ത് സജ്ജീകരിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.