കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാതെ എത്തിയ അന്തർ സംസ്ഥാന തൊഴിലാളികളെ നാട്ടുകാർ തടഞ്ഞു
text_fieldsമൂവാറ്റുപുഴ: കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാതെ എത്തിയ അന്തർ സംസ്ഥാന തൊഴിലാളികളെ നാട്ടുകാർ തടഞ്ഞു. ഞായറാഴ്ച രാവിലെ രണ്ട് ഇന്നോവയിലും ട്രാവലറിലുമായി മാർക്കറ്റ് ബസ് സ്റ്റാൻഡിലെത്തിയ 28 അസം സ്വദേശികളെയാണ് നാട്ടുകാർ തടഞ്ഞുെവച്ചത്.
ലോക്ഡൗണിനുശേഷം നാട്ടിലേക്ക് മടങ്ങിയവരാണിവരിൽ പലരും. ഞായറാഴ്ച രാവിലെ നെടുമ്പശ്ശേരിയിൽ എത്തിയ ഇവർ നേരെ ഇങ്ങോട്ട് വരുകയായിരുന്നു. മാർക്കറ്റ് ബസ് സ്റ്റാൻഡ് പരിസരത്തെ ഒരുവീട്ടിലേക്ക് പോകാനാണ് സംഘം എത്തിയത്. എന്നാൽ, മാനദണ്ഡങ്ങൾ പാലിക്കാതെ എത്തിയ ഇവരെ മടക്കി അയക്കണമെന്നാവശ്യപ്പെട്ടാണ് നാട്ടുകാർ തടഞ്ഞത്.
കഴിഞ്ഞദിവസം പായിപ്രയിലെ സ്വകാര്യ കമ്പനിയിലേക്ക് ഇതേപോലെ തൊഴിലാളികൾ എത്തിയതിനെത്തുടർന്ന് കമ്പനിയിലെ 150ലേറെ തൊഴിലാളികൾക്ക് കോവിഡ് പടർന്നത് ചൂണ്ടിക്കാട്ടിയാണ് നാട്ടുകാർ രംഗത്തുവന്നത്.
വിവരം അറിഞ്ഞ് മുനിസിപ്പൽ കൗൺസിലറും ആരോഗ്യവകുപ്പ് അധികൃതരും െപാലീസും സ്ഥലത്തെത്തി. ഇവർ ക്വാറൻറീനിൽ കഴിയുമെന്ന ഉറപ്പുനൽകിയതോടെ െപാലീസ് ഇടപെട്ട് 10 പേരെ ബസ് സ്റ്റാൻഡിനുസമീപത്തെ വീട്ടിലേക്കുമാറ്റി.
ട്രാവലറിലെത്തിയ 16 പേരെ പേഴക്കാപ്പിള്ളിയിലെ താമസസ്ഥലത്തും എത്തിച്ചു. കഴിഞ്ഞ രണ്ടാഴ്ചക്കിടെ നിരവധി തൊഴിലാളികൾ മൂവാറ്റുപുഴയിൽ എത്തിയിരുന്നു. നാട്ടിലെ ചില ഏജൻറുമാർ വഴി വിമാനത്തിലും ടൂറിസ്റ്റ് ബസുകളിലുമായാണ് ഇവരെത്തിയത്. പായിപ്ര, മാർക്കറ്റ്, മടക്കത്താനം എന്നിവിടങ്ങളിലേക്ക് വലിയ തോതിൽതന്നെ തൊഴിലാളികൾ തിരിച്ചെത്തിയതായാണ് വിവരം.
പശ്ചിമബംഗാൾ, ബിഹാർ, അസം എന്നിവിടങ്ങളിൽനിന്നുള്ളവരാണ് കൂടുതലും. ആഗസ്റ്റിൽ വിമാനത്താവളത്തിൽനിന്ന് എയർപോർട്ട് ടാക്സികളിൽ മൂവാറ്റുപുഴയിലെത്തിയ തൊഴിലാളികളെയും നാട്ടുകാർ തടഞ്ഞിരുന്നു. ഒടുവിൽ ക്വറൻറീനിൽ പ്രവേശിച്ചുകൊള്ളാമെന്ന ഉറപ്പിലാണ് വിട്ടയച്ചത്. എന്നാൽ, രഹസ്യമായി എത്തുന്ന തൊഴിലാളികൾ ഒരു നിയന്ത്രണവുമില്ലാതെ പുറത്തിറങ്ങുന്നുണ്ട്.
ഇവർ കോവിഡ‍് നിയന്ത്രണങ്ങളൊന്നും പാലിക്കുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി. വിവിധ തൊഴിൽ കേന്ദ്രങ്ങളിൽ ഇവർ ജോലിക്കുമെത്തുന്നുണ്ട്. ഇവരെ നിയന്ത്രിക്കാൻ നടപടിവേണമെന്ന് ജനപ്രതിനിധികളും ആവശ്യപ്പെടുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.