കോവിഡ് ദുരിതങ്ങള്‍ക്കിടയിലും തദ്ദേശ തെരഞ്ഞെടുപ്പ് ആഘോഷമാക്കാന്‍ ഒരുകൂട്ടം ഗായകർ
text_fieldsമൂവാറ്റുപുഴ: കോവിഡ്‌കാല അരിഷ്ടതകൾക്കിടയിൽ എത്തിയ തദ്ദേശ തെരഞ്ഞെടുപ്പ് ആഘോഷമാക്കി മാറ്റാനുള്ള ഒരുക്കത്തിലാണ് മൂവാറ്റുപുഴയിലെ ഒരു കൂട്ടം ഗായകർ. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിന്ആരവമുയർന്നതോടെ കോവിഡ് മഹാമാരിയെ തുടർന്ന് പരിപാടികളൊന്നുമില്ലാതെ വീട്ടിൽ കുത്തിയിരിക്കുന്ന ഇവർ തെരഞ്ഞെടുപ്പ് ഗാനങ്ങൾ ചിട്ടപെടുത്തുന്ന തിരക്കിലാണ്.
പാട്ടുകൾ റെഡിയായി. പാട്ടുകളിൽ സ്ഥാനാർഥിയുടെ പേര്, ചിഹ്നം, വാർഡ് എന്നിവ ചേർത്താൽ മാത്രം മതി. പിന്നെ ഏത് ഈണത്തിൽ വേണമെന്ന ആവശ്യവും. അതിനായി പാട്ടുകാരും സ്റ്റുഡിയോയും റെഡിയായി കഴിഞ്ഞു. തെരഞ്ഞെടുപ്പ് പ്രചാരണത്തിനു കൊഴുപ്പേകാൻ പ്രചാരണ ഗാനങ്ങൾ അനിവാര്യമായ കാലഘട്ടത്തിൽ ഇത് ഗായകരുടെ അതിജീവനത്തിനുള്ള പ്രതീക്ഷ കൂടിയാണ്.
ചുവരെഴുത്തുകൾക്കും ഫ്ലെക്സ് ബോർഡുകൾക്കും പുറമേ തെരഞ്ഞെടുപ്പു പ്രചാരണത്തിന് ആവേശം വർധിപ്പിക്കുന്നതിനായി ഉപയോഗിക്കുന്നതാണ് പ്രചാരണ ഗാനങ്ങൾ. തദ്ദേശ സ്ഥാപനങ്ങളിലെ തെരഞ്ഞെടുപ്പാണ് ഇത്തരത്തിലുള്ള കലാകാരന്മാർക്ക് കൊയ്ത്തുകാലം. തിരഞ്ഞെടുപ്പ് പ്രഖ്യാപനവും സ്ഥാനാർത്ഥി നിർണയവും പൂർത്തിയായില്ലങ്കിലും നിരവധി പേർ പാട്ടിനു വേണ്ടി എത്തി കഴിഞ്ഞുവെന്ന് ഈ രംഗത്തെ പ്രശസ്തരായ ഉസ്മാൻ മൂവാറ്റുപുഴ, എം.എസ്. സഹീർ, മാഹിൻ എന്നിവർ പറയുന്നത്. ഇവരിൽ ഭരണ പ്രതിപക്ഷ കക്ഷികളുടെ സ്ഥാനാർത്ഥികളും സ്വതന്ത്രൻമാരുമുണ്ട്.
ഭരണ നേട്ടങ്ങൾ ചൂണ്ടിക്കാട്ടി ഭരണപക്ഷത്തിനായി പാട്ട് തയാറാക്കുമ്പോൾ ഭരണത്തിലെ അഴിമതിയുമൊക്കെ ഉയർത്തിക്കാട്ടിയാണ് പ്രതിപക്ഷത്തിനായി പാട്ടുകൾ രചിക്കുന്നത്. സമകാലിക വിഷയങ്ങളും പാട്ടുകളിൽ പ്രതിപാദിക്കും.
ഓരോരുത്തർക്കും അഞ്ചും ആറും ഗാനങ്ങൾ വേണം. ആരെത്തിയാലും അവരുടെ ആവശ്യം കണ്ടറിഞ്ഞ് ഗാനങ്ങൾ ചിട്ടപെടുത്തി നൽകുന്നതാണ് രീതി. പ്രശസ്തമായ മാപ്പിളപാട്ടുകളുടെ ഈണങ്ങളാലുള്ള തെരഞ്ഞെടുപ്പ് പാട്ടുകൾക്കാണ് ഡിമാന്‍ഡ് ഏറെ. പഴയകാല ഹിറ്റ് സിനിമാ ഗാനങ്ങളുടെയും കോൽകളി പാട്ടുകളുടെയും ക്രിസ്തീയ ഭക്തിഗാനങ്ങളുടെ ഈണങ്ങൾ ആവശ്യപ്പെടുന്നവരും ഉണ്ട്. ആവശ്യങ്ങൾ കണ്ടറിഞ്ഞ് പാട്ടുകൾ ചിട്ടപ്പെടുത്തുന്ന തിരക്കിലാണിവർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.