ആറ്റുവെള്ളം കണ്ടാൽ പ്രായം മറക്കും; 90ലും വള്ളം തുഴഞ്ഞ് ഫാത്തിമ
text_fieldsആറ്റുവെള്ളം കണ്ടാൽ ഫാത്തിമക്ക് പ്രായം വെറും സംഖ്യ മാത്രമാവും, പിന്നെ മനസ്സും ശരീരവും കൊച്ചു കുട്ടികളെ പോലെയാകും.
തൊണ്ണൂറാം വയസ്സിലും ഈ വയോധികക്ക് വള്ളവും വെള്ളവും ഹരമാണ്. വെള്ളപ്പൊക്കമെത്തിയാൽ പേരമക്കളെയും വള്ളത്തിൽ കയറ്റി തൊടിയിലാകെ തുഴഞ്ഞുനടക്കും.
മൂവാറ്റുപുഴ കിഴക്കേക്കര കോട്ടപ്പടിക്കൽ പരേതനായ മുഹമ്മദിെൻറ ഭാര്യയാണ് ഇവർ. പെരിയാറിെൻറ തീരത്താണ് ജനനം, ആലുവ തോട്ടുമുഖത്ത്. ചെറുപ്പകാലത്ത് പെരിയാറിലാണ് തുഴയിൽ പരിശീലനം നേടിയത്.
വിവാഹശേഷം എത്തിയത് മൂവാറ്റുപുഴയാറിെൻറ തീരത്തും. ഓരോ വർഷവും ഉണ്ടാകുന്ന വെള്ളപ്പൊക്കത്തിൽ വിശാലമായ പുരയിടവും സമീപ പ്രദേശങ്ങളും വെള്ളത്തിനടിയിലാകും. അപ്പോൾ വീട്ടിലെ സ്വന്തം വള്ളം ഇറക്കി തുഴഞ്ഞുനടക്കും.
ആദ്യകാലങ്ങളിൽ ഭർത്താവും മക്കളുമൊക്കെയായിരുന്നു വള്ളത്തിലുണ്ടാകുക. ഇത്തവണ പേരക്കുട്ടികളാണ് കൂട്ടിനുണ്ടായത്. കനത്ത മഴയിൽ മൂവാറ്റുപുഴയാറിെൻറ കൈവഴികളായ കോതമംഗലം, തൊടുപുഴ, കളിയാർ പുഴകൾ കരകവിഞ്ഞിരുന്നു.
ത്രിവേണി സംഗമത്തിന് തൊട്ടു മുകളിൽ കോതമംഗലം പുഴയുടെ ഓരത്താണ് ഫാത്തിമയുടെ വീട്. പുഴ നിറഞ്ഞ് കവിഞ്ഞതോടെ ഇവരുടെ വീടിെൻറ പരിസരത്തെല്ലാം വെള്ളം കയറിയിരുന്നു.
മൂന്നു ദിവസത്തോളം ആറ്റുവെള്ളം പുരയിടത്തിൽ നിറഞ്ഞുകിടന്നു. ഇതോടെ പ്രായം മറന്ന് ഫാത്തിമ പേരമക്കൾക്കൊപ്പം വള്ളംകളിച്ചു. നല്ല തുഴച്ചിൽക്കാരിയായി; മെയ് വഴക്കത്തോടെ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.