ആലുവ മണ്ഡലത്തിൽ പ്രകടനം മോശമായെന്ന് ബി.ജെ.പി
text_fieldsനെടുമ്പാശ്ശേരി: സീറ്റുകളുടെ എണ്ണത്തിൽ വർധനയുണ്ടായെങ്കിലും ആലുവ നിയോജകമണ്ഡലത്തിൽ തദ്ദേശ തെരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് മികവ് പുലർത്താനായില്ലെന്ന് വിലയിരുത്തൽ. പഞ്ചായത്ത്തലത്തിൽ വിശദ റിപ്പോർട്ട് ആവശ്യപ്പെട്ടിരിക്കുകയാണ്.
കഴിഞ്ഞ തെരഞ്ഞെടുപ്പിൽ മണ്ഡലത്തിൽ ആകെ ആറ് വാർഡുകളാണ് ബി.ജെ.പിക്ക് ലഭിച്ചത്. എന്നാൽ, ഇക്കുറി ഇത് ഒമ്പതായി വർധിച്ചു. കഴിഞ്ഞതവണ ഒരു സീറ്റ് മാത്രമുണ്ടായിരുന്ന ആലുവ നഗരസഭയിൽ ഇക്കുറി നാല് സീറ്റായി വർധിച്ചു. ചെങ്ങമനാട് പഞ്ചായത്തിൽ ഇക്കുറി പ്രതിപക്ഷസ്ഥാനം പിടിച്ചെടുക്കാൻ ലക്ഷ്യമിട്ട് വളരെ നേരത്തേമുതൽ പ്രവർത്തനം നടത്തിയിരുന്നു.
എന്നാൽ, കഴിഞ്ഞ തവണ അഞ്ച് വാർഡുകൾ ലഭിച്ച ചെങ്ങമനാട് ഇക്കുറി നാല് വാർഡുകൾ മാത്രമേ ലഭിച്ചുള്ളൂ. മൂന്ന് സ്ഥലത്ത് രണ്ടാം സ്ഥാനത്തെത്തിയിരുന്നു. പാർട്ടി വളരെയേറെ പ്രതീക്ഷെവച്ചിരുന്ന എടത്തല പഞ്ചായത്തിൽ ഒരുസീറ്റിലും വിജയിക്കാനായില്ല. എന്നാൽ, 14 ഇടത്ത് രണ്ടാം സ്ഥാനത്തെത്തിയത് നേട്ടമായാണ് പാർട്ടി വിലയിരുത്തത്. ചൂർണിക്കര പഞ്ചായത്തിൽ ഒരു സീറ്റ് ലഭിച്ചിട്ടുണ്ട്.
പാർട്ടിക്ക് ജില്ലയിൽ നേതാക്കളേറെയുള്ള മേഖലയാണ് നെടുമ്പാശ്ശേരി. എന്നാൽ, നെടുമ്പാശ്ശേരി പഞ്ചായത്തിൽ സമ്പൂർണ പരാജയമാണ് ബി.ജെ.പിക്ക് നേരിടേണ്ടി വന്നത്. ആർ.എസ്.എസും തെരഞ്ഞെടുപ്പുഫലം പ്രത്യേകം വിലയിരുത്താൻ തീരുമാനിച്ചിട്ടുണ്ട്. ഇതിെൻറ അടിസ്ഥാനത്തിലായിരിക്കും നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിനുള്ള പ്രവർത്തനങ്ങൾ തീരുമാനിക്കുകയെന്നറിയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.