അനധികൃതമായി മുൻഗണന റേഷൻകാർഡ് എറണാകുളം ജില്ലയിൽ കുടുങ്ങിയത് 2243 പേർ
text_fieldsപറവൂർ: അനധികൃതമായി മുൻഗണന റേഷൻ കാർഡ് കൈവശം വെച്ചവരെ പിടികൂടാൻ സർക്കാർ നടത്തിയ പരിശോധനയിൽ ജില്ലയിൽ കുടുങ്ങിയത് 2243 പേർ.
2021 മേയ് മുതലാണ് സംസ്ഥാന സർക്കാർ അനർഹമായി റേഷൻ കാർഡ് കൈവശം വെച്ചവർക്കെതിരെ നടപടി ആരംഭിച്ചത്. ‘ഓപറേഷൻ യെല്ലോ’ എന്ന പേരിൽ നടത്തിയ പരിശോധനയിൽ കുടുങ്ങിയവരുടെ കാർഡുകളെല്ലാം പൊതു വിഭാഗത്തിലേക്ക് മാറ്റി.
ഏറ്റവും കൂടുതൽ പേർ പിടിയിലായത് പറവൂർ താലൂക്ക് സപ്ലൈ ഓഫിസ് പരിധിയിലാണ്. രണ്ട് വർഷത്തിനിടെ 520 പേരാണ് പരാതിയിലും പരിശോധനയിലും പിടിയിലായത്. ഇവരിൽനിന്ന് പിഴയായി 19,08,025 രൂപ ഈടാക്കി. ജില്ലയിൽ തന്നെ ഏറ്റവും കൂടുതൽ പേർ പിടിയിലായത് പറവൂരായിരുന്നു. കുന്നത്തുനാട് താലൂക്ക് സപ്ലൈ ഓഫിസ് പരിധിയിലെ 499 പേരും ആലുവ സപ്ലൈ ഓഫിസ് പരിധിയിൽനിന്ന് 449 പേരും പിടിയിലായി. പരാതി നൽകിയവരുടെ വിവരങ്ങൾ രഹസ്യമായി സൂക്ഷിച്ചതിനാൽ കൂടുതൽ പേർ പരാതി നൽകാൻ മുന്നോട്ടുവന്നതാണ് പദ്ധതി വിജയിക്കാൻ കാരണമായത്.
ആയിരം ചതുരശ്ര അടിയിൽ കൂടുതൽ വിസ്തീർണമുള്ള വീടുള്ളവർ, നാലുചക്ര വാഹനമുള്ളവർ, 25,000 രൂപയിൽ കൂടുതൽ മാസ വരുമാനമുള്ളവർ, കേന്ദ്ര -സംസ്ഥാന -പൊതുമേഖലകളിലെ ജോലിക്കാർ എന്നിവരെയാണ് മുൻഗണന ലിസ്റ്റിൽനിന്ന് ഒഴിവാക്കിയിട്ടുള്ളത്. വിവിധ കാരണങ്ങളാൽ അനധികൃതമെന്ന് ബോധ്യമുണ്ടായിട്ടും പലരും കാർഡ് കൈവശം വെക്കുകയായിരുന്നു. പരാതികൾ സ്വീകരിക്കാൻ പ്രത്യേക രജിസ്റ്റർ തന്നെ താലൂക്ക് സപ്ലൈ ഓഫിസുകളിൽ സൂക്ഷിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.