അയൽവാസിയുടെ പരാതിയിൽ സ്റ്റേഷനിലെത്തിയ 19കാരനെ ക്രൂരമായി മർദിച്ചെന്ന്
text_fieldsപറവൂർ: പരാതിയുമായി ബന്ധപ്പെട്ട് പറവൂർ പൊലീസ് സ്റ്റേഷനിലെത്തിയ 19കാരനെ സബ് ഇൻസ്പെക്ടർ മർദിച്ചവശനാക്കിയെന്ന് പരാതി. നന്തികുളങ്ങര കണ്ടത്തിൽ വീട്ടിൽ ബിനീഷിന്റെ മകൻ അഗ്നേഷിനെ മർദ്ദിച്ചെന്നാണ് പരാതി. റൂറൽ ജില്ല പൊലീസ് മേധാവിക്ക് അഗ്നേഷ് പരാതി നൽകി. 31നായിരുന്നു സംഭവം.
അന്വേഷണ ഭാഗമായി സ്റ്റേഷനിലെത്തണമെന്ന് പൊലീസ് ആവശ്യപ്പെട്ടത് അനുസരിച്ചാണ് താൻ സുഹൃത്തുക്കളുമൊന്നിച്ച് എത്തിയതെന്ന് അഗ്നേഷ് പറഞ്ഞു.
ഒരു മാസം മുമ്പ് അയൽവാസിയായ യുവാവ് തന്നെ അസഭ്യം പറയുകയും ദേഹോപദ്രവം ഏൽപിക്കുകയും ചെയ്തതിനെതിരെ അഗ്നേഷ് പരാതി നൽകിയിരുന്നു. സ്റ്റേഷനിലെത്തുമ്പോൾ എതിർകക്ഷിയായ അയൽവാസി അവിടെ ഉണ്ടായിരുന്നു. ഡ്യൂട്ടിയിലുണ്ടായിരുന്ന സബ് ഇൻസ്പെക്ടർ തങ്ങളിരുവരെയും അകത്തെ മുറിയിലേക്ക് കൊണ്ടുപോകുകയും ക്രൂരമായി മർദിക്കുകയുമായിരുന്നുവെന്ന് അഗ്നേഷ് പരാതിയിൽ പറയുന്നു. ആക്രോശിച്ച് പുറത്ത് ആഞ്ഞിടിച്ച എസ്.ഐ ശേഷം കാലുകൾക്കിടയിൽ തന്റെ തല വെപ്പിച്ച് ശക്തിയായി അമർത്തി. കൈമുട്ടുകൊണ്ട് നിരവധി തവണ ഇടിച്ചു. ഇതോടെ താൻ തളർന്നുവീണു.
കൂടാതെ എസ്.ഐയുടെ കാലുകൾ തിരുമിക്കുകയും ചെയ്തു. ഇതുപോലുള്ള പരാതികളുമായി എത്തരുതെന്ന് ഭീഷണിപ്പെടുത്തി പേപ്പറുകളിൽ ഒപ്പിട്ടുവാങ്ങി. കഠിനമായ പുറംവേദനയും ശ്വാസതടസ്സവും ഉണ്ടായതിനെ തുടർന്ന് വൈകീട്ട് താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയ അഗ്നേഷ് തുടർച്ചയായ ഛർദി ഉണ്ടായതോടെ കളമശേരി ഗവ. മെഡിക്കൽ കോളജിലേക്ക് മാറി. എക്സ്റേയും മറ്റും എടുത്ത ശേഷം മരുന്നുകൾ വാങ്ങി തിരികെയെത്തി പറവൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. വീണ്ടും ശാരീരിക ബുദ്ധിമുട്ടുകൾ ഉണ്ടായതോടെ പറവൂർ താലൂക്ക് ഗവ. ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശക്തമായ പുറം വേദനയും വയറുവേദനയും അനുഭവപ്പെട്ടതോടെ യുവാവിനെ എറണാകുളം ജനറൽ ആശുപത്രിയിലേക്ക് കൊണ്ടുപോയി. അവിടുത്തെ പരിശോധനയിൽ നെഞ്ചിന്റെ ഭാഗത്ത് ക്ഷതമേറ്റെന്ന് കണ്ടെത്തിയതായി സൂചനയുണ്ട്.
തന്നെ മാരകമായി ദേഹോപദ്രവം ഏൽപിച്ച സബ് ഇൻസ്പെക്ടർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് റൂറൽ ജില്ല പൊലീസ് മേധാവിക്ക് നൽകിയ പരാതിയിൽ അഗ്നേഷ് പറയുന്നു.
എന്നാൽ, പരാതിയിലേതുപോലെ ഒരു മർദനവും സ്റ്റേഷനിൽ ഉണ്ടായിട്ടില്ലെന്ന് എസ്.എച്ച്.ഒ ഷോജോ വർഗീസ് പറഞ്ഞു. പരാതി ലഭിച്ചതനുസരിച്ച് വിളിച്ചുവരുത്തിയ ശേഷം പ്രശ്നം ചോദിച്ചു മനസ്സിലാക്കിയതല്ലാതെ മറ്റൊന്നും ഉണ്ടായിട്ടില്ലെന്നാണ് പൊലീസ് നിലപാട്.
ആരോപണ വിധേയനായ സബ് ഇൻസ്പെക്ടറെ റൂറൽ ജില്ല പൊലീസ് മേധാവി വിളിച്ചുവരുത്തി വിവരങ്ങൾ ആരാഞ്ഞിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.