ചേന്ദമംഗലം കവലയിൽ അപകടം പതിവാകുന്നു; റോഡ് വികസനം അകലെ
text_fieldsപറവൂർ: നഗരത്തിലെ തിരക്കേറിയ കവലകളിലൊന്നായ കിഴക്കെ നാലുവഴി എന്നു വിളിപ്പേരുള്ള ചേന്ദമംഗലം കവലയിൽ അപകടം പതിവാകുന്നു. അവസാനമായി വ്യാഴാഴ്ച പുലർച്ചേ 3.30ന് ഉണ്ടായ അപകടത്തിൽ ഒരു ജീവൻ കൂടി പൊലിഞ്ഞു. പത്ര ഏജൻറ് നന്തികുളങ്ങര കുറുപ്പംതറ സോമനാണ് (72) മരിച്ചത്. കാറിലിടിച്ച് നിയന്ത്രണം വിട്ട മൊബൈൽ പൈലിങ് ട്രക്ക് സൈക്കിൾ യാത്രികനായ സോമനെ ഇടിച്ചശേഷം സമീപത്തെ 100 വർഷത്തോളം പഴക്കമുള്ള ‘കല്ലുങ്കൽ ബിൽഡിങ്’ എന്ന വ്യാപാര സമുച്ചയത്തിലേക്ക് ഇടിച്ചുകയറുകയായിരുന്നു. ഈ സമയം ശക്തമായ മഴ പെയ്തിരുന്നു. വിതരണത്തിനായി പത്രങ്ങളെടുക്കാൻ പോകുകയായിരുന്നു സോമൻ. ട്രക്ക് പിന്നോട്ടെടുത്തപ്പോൾ ഇരുനില കെട്ടിടം തകർന്നുവീഴുകയും ചെയ്തു. അഗ്നിരക്ഷാ സേന എത്തിയാണ് ട്രക്കിനടിയിൽ നിന്ന് സോമനെയും ട്രക്കിനകത്ത് കുടുങ്ങിയ ഡ്രൈവർ ഉത്തർപ്രദേശ് സ്വദേശി ശിവകുമാറിനെയും പുറത്തെടുത്തത്.
കാബിൻ വെട്ടിപ്പൊളിച്ചാണ് ഡ്രൈവറെ രക്ഷിച്ചത്. ദേശീയപാത നിർമാണത്തിനായി പൈലിങ് നടത്തുന്നതിനായി ഉപയോഗിച്ചിക്കുന്ന മൊബൈൽ പൈലിങ് ട്രക്ക് ആയിരുന്നു അപകടത്തിൽപ്പെട്ടത്. റോഡ് പണി കരാർ എടുത്തിരിക്കുന്ന ഓറിയന്റൽ സ്ട്രക്ചറൽ എൻജിനീയേഴ്സ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയുടേതാണ് മൊബൈൽ പൈലിങ് ട്രക്ക്. ട്രക്ക് ഡ്രൈവർ ശിവകുമാറിനെയും കാർ ഓടിച്ചിരുന്ന കൊടുങ്ങല്ലൂർ എടവിലങ്ങ് ചിറ്റേഴത്ത് അംബേദ് മോഹനെയും (20) ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പരുക്കുകൾ ഗുരുതരമല്ല. കെട്ടിടത്തിന്റെ താഴത്തെ നിലയിലെ മൂന്നു കടമുറികൾ തകർന്നു. ‘ഐസ് ബർഗ്’ ഐസ്ക്രീം പാർലർ, ഹെൽമറ്റ് കട, ചെരിപ്പുകട എന്നിവ നശിച്ചു. മുകൾ നിലയിലെ കോൺഗ്രസ് ഓഫിസും ഓഫിസും ശാസ്ത്ര സാഹിത്യ പരിഷത്ത് ഓഫിസുമാണ് പ്രവർത്തിച്ചിരുന്നത്. ഇവക്കും തകരാർ സംഭവിച്ചു. പള്ളിത്താഴം കല്ലുങ്കൽ സിസിലി സണ്ണിയുടേതാണ് വ്യാപാര സമുച്ചയം.
തകരാർ കാരണം കവലയിലെ സിഗ്നലിൽ രാത്രി ബ്ലിങ്കിങ് മോഡ് ഓൺ ചെയ്തിടാൻ കഴിയില്ല. വളരെ വീതികുറഞ്ഞ കവലയാണിത്. സ്ഥല പരിചയമില്ലാത്തവർക്ക് സംസ്ഥാന പാതയിലെ കവലയെന്ന് തിരിച്ചറിയാൻ കഴിയാത്ത അവസ്ഥയാണ് അപകടങ്ങൾക്ക് കാരണം. ഇതിന് പുറമെ ബുധനാഴ്ച പുലർച്ചെ ചേന്ദമംഗലം കവലയിൽ ബസും കാറും തമ്മിലടിച്ചു അപകടം ഉണ്ടായി.
ഇടിയുടെ ആഘാതത്തിൽ കാർ പൂർണമായും തകർന്നു. അഗ്നിരക്ഷാ സേന എത്തിയാണ് അപകടത്തിൽപെട്ട കാറിന്റെ ഡോർ പൊളിച്ച് യാത്രക്കാരെ പുറത്തിറക്കിയത്.
അപകടം തുടർക്കഥയാകുന്ന ഇവിടം നഗര വികസനത്തിന് അനുസരിച്ച് പ്രധാന കവലയായ ഇവിടം റോഡ് വികസനം ഇല്ലാത്തതാണ് പ്രധാന കാരണമെന്ന് ചൂണ്ടി കാണിക്കുന്നു. അപകടം ഉണ്ടായ സ്ഥലം പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഉൾപ്പെടെയുള്ള ജന പ്രതിനിധികൾ സന്ദർശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.