നഗരസഭയിലെ ആക്രി മോഷണ കേസ്; പ്രതിക്ക് ജാമ്യം ലഭിച്ചതിൽ പ്രതിപക്ഷ പ്രതിഷേധം
text_fieldsപറവൂർ: നഗരസഭയുടെ അധീനതയിൽ സൂക്ഷിച്ച ആക്രി സാധനങ്ങൾ മോഷണംപോയ സംഭവത്തിൽ പ്രതി ചേർക്കപ്പെട്ടയാൾക്ക് ഹൈകോടതിയിൽനിന്ന് മുൻകൂർ ജാമ്യം ലഭിച്ചത് സ്റ്റാൻഡിങ് കോൺസലിന്റെ ഒത്തുകളി മൂലമെന്ന് ആരോപിച്ച് എൽ.ഡി.എഫ് കൗൺസിൽ ഹാളിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു. സെപ്റ്റംബർ 26നാണ് സംഭവം നടന്നത്. നഗരസഭ ഓഫിസിന് എതിർവശത്തുള്ള പാർക്ക് ശുചീകരിക്കാൻ തൊഴിലാളികളെ നിയോഗിച്ചിരുന്നു. ശുചീകരണത്തിന്റെ മറവിൽ സ്ഥിരം ജീവനക്കാരായ പി.എസ്. ശ്രീലേഷ്, ബിജീഷ്, താൽക്കാലിക ജീവനക്കാരനായ പി.എസ്. സുരാഗ് എന്നിവർ പാർക്കിൽ സൂക്ഷിച്ച ഇരുമ്പു ആക്രിസാധനങ്ങൾ മോഷ്ടിച്ചു.
നഗരസഭ വാഹനത്തിൽ കൊണ്ടുപോയി വിൽക്കുകയും ചെയ്തു. സെക്രട്ടറിയുടെ പരാതിയിൽ മൂവർക്കെതിരെയും പൊലീസ് കേസെടുത്തു. മൂവരും ഒളിവിൽ പോകുകയും ആഴ്ചകൾക്ക് ശേഷം ഒന്നാം പ്രതി പി.എസ്. ശ്രീലേഷ് അറസ്റ്റിലാകുകയും ചെയ്തു. ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ജാമ്യം നിഷേധിച്ചതിനെ തുടർന്ന് മൂന്നാം പ്രതി പി.എസ്. സുരാഗ് ഹൈകോടതിയെ സമീപിച്ചു.
ഹൈകോടതിയിൽ നഗരസഭ സെക്രട്ടറിയുടെയോ കൗൺസിലിന്റെയോ അറിവില്ലാതെ സ്റ്റാൻഡിങ് കോൺസലും ഗവ. പ്ലീഡറും സുരാഗിന് അനുകൂല നിലപാട് സ്വീകരിച്ചു. ഇതോടെയാണ് മുൻകൂർ ജാമ്യം ലഭിച്ചത്. താൽക്കാലിക ശുചീകരണ തൊഴിലാളിയായ സുരാഗ് താൽക്കാലിക ഡ്രൈവറാണെന്നും കുറ്റകൃത്യത്തിൽ പങ്കില്ലെന്നുമാണ് അഭിഭാഷകൻ ഹൈകോടതിയിൽ വ്യക്തമാക്കിയത്.
നഗരസഭയുടെ പരാതിയിൽ പ്രതിചേർക്കപ്പെട്ടയാൾക്ക് ജാമ്യം ലഭിക്കാൻ നഗരസഭയുടെ അനുവാദമില്ലാതെ കോടതിയിൽ പ്രസ്താവന നൽകിയതിന് സെക്രട്ടറി അഭിഭാഷകനോട് വിശദീകരണം തേടിയിരുന്നു. സെക്രട്ടറിക്ക് മറുപടി നൽകാതെ ചെയർപേഴ്സന് മറുപടി നൽകി. എൽ.ഡി.എഫ് കൗൺസിലർമാരുടെയും സി.പി.എമ്മിന്റെയും രാഷ്ട്രീയ ഇടപെടലാണ് കേസിനാധാരമെന്നും വിശദീകരണം ചോദിക്കാൻ കൗൺസിലിനാണ് അധികാരമെന്നും അഭിഭാഷകൻ മറുപടിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
കൗൺസിലിന്റെയോ സെക്രട്ടറിയുടെയോ അനുവാദമില്ലാതെ നഗരസഭക്കുവേണ്ടി നിലപാട് സ്വീകരിക്കേണ്ട സ്റ്റാൻഡിങ് കോൺസൽ, ചില രാഷ്ട്രീയ താൽപര്യം മുൻനിർത്തി പ്രവർത്തിച്ചെന്ന് പ്രതിപക്ഷ കൗൺസിലർമാർ ഒന്നടങ്കം കൗൺസിലിൽ വാദിച്ചു. ഇതിനോട് നഗരസഭ സെക്രട്ടറിയും യോജിച്ചതോടെ കൗൺസിൽ യോഗം ബഹളമയമായി. മറ്റ് അജൻഡകളിലേക്ക് കടക്കാനുള്ള ഭരണപക്ഷ ശ്രമത്തെ ചെറുത്ത പ്രതിപക്ഷം നഗരസഭ അധ്യക്ഷയുടെ ചേംബറിന് മുന്നിൽ കുത്തിയിരുന്നു. സ്റ്റാൻഡിങ് കോൺസലിനോട് വിശദീകരണം ചോദിക്കണമെന്നും ഇയാളെ നീക്കണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു. ഒടുവിൽ കൗൺസിൽ യോഗം പിരിഞ്ഞതായി പ്രഖ്യാപിച്ച് നഗരസഭ ചെയർപേഴ്സനും കോൺഗ്രസ് കൗൺസിലർമാരും ഹാളിന് പുറത്തേക്ക് പോയി. എൽ.ഡി.എഫ് കൗൺസിലർമാർ നഗരസഭ കവാടത്തിന് മുന്നിൽ സമരം നടത്തി. അഭിഭാഷകനെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും പ്രശ്നത്തിൽ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും പ്രതിപക്ഷ നേതാവ് ടി.വി. നിഥിൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.