അനിരുദ്ധൻ ആശാന് ഗുരുദക്ഷിണയായി വിദ്യാർഥികളുടെ ചവിട്ടുനാടകം
text_fieldsപറവൂർ: അനുഗ്രഹംതേടി കാസർകോട് ചട്ടഞ്ചാൽ ഹയർ സെക്കൻഡറി സ്കൂളിലെ കുട്ടികൾ ചവിട്ടുനാടക ആശാൻ അനിരുദ്ധന്റെ വീട് സന്ദർശിച്ചു. സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ചവിട്ടുനാടകം മത്സരയിനമായ വർഷം മുതൽ സംസ്ഥാന തലത്തിൽ കാസർകോട് ജില്ലയെ പ്രതിനിധീകരിക്കുന്ന ചട്ടഞ്ചാൽ ഹയർ സെക്കൻഡറി സ്കൂളിലെ കുട്ടികളാണ് ആശാനെ തേടിയെത്തിയത്. 2014 മുതൽ സ്കൂളിനെ ജില്ലയിൽ ഒന്നാംസ്ഥാനത്തെത്തിച്ച ആശാനെ ബാധിച്ച കാൻസർ രോഗം അദ്ദേഹത്തിന്റെ ശബ്ദം ഇല്ലാതാക്കിയെന്നറിഞ്ഞതിനെ തുടർന്നാണ് ആദ്യകാല ശിഷ്യരുൾപ്പെടെ ചിറ്റാറ്റുകര മാച്ചാംതുരുത്തിലെ വസതിയിൽ എത്തിയത്. ആദ്യഘട്ടം മുതൽ എല്ലാത്തിനും നേതൃത്വം വഹിച്ച രതീഷ് മാഷും ഒപ്പമുണ്ടായിരുന്നു. വിവിധ വർഷങ്ങളിൽ മത്സരിച്ച കാവ്യ, അഖില, ശ്രേയ, പാർവൺ ആർ.ദാസ്, ശിൽപ, രാഗപ്രിയ തുടങ്ങിയ കുട്ടികളും കാസർകോടുനിന്ന് വണ്ടികയറി. കുട്ടികളോടൊപ്പം രതീഷ് ആശാന്റെ വീട്ടിലെത്തുമ്പോൾ
പഞ്ചായത്ത് പ്രസിഡന്റ് ശാന്തിനി ഗോപകുമാർ, വൈസ് പ്രസിഡന്റ് ആരുഷ്, വാർഡ് അംഗങ്ങളായ സമീറ ഉണ്ണികൃഷ്ണൻ, എം.എ. സുധീഷ്, നാടൻ കലാ ഗവേഷകൻ ലാലൻ എന്നിവർ സ്വീകരിക്കാനുണ്ടായിരുന്നു. സ്നേഹനിർഭരമായ കൂടിക്കാഴ്ചയിൽ മാഷും കുട്ടികളും കണ്ണീരണിഞ്ഞു. ചികിത്സ സഹായവും സമ്മാനവും നൽകിയ കുട്ടികൾ ആശാനുമുന്നിൽ ചവിട്ടുനാടകവും അവതരിപ്പിച്ചു. പിരിയുമ്പോൾ എല്ലാവരിലും ഒരേയൊരു പ്രാർഥനയേ ഉണ്ടായിരുന്നുള്ളൂ. അടുത്തവർഷം പൂർണ ആരോഗ്യവാനായി ആശാൻ കാസർകോട്ടെത്തണമെന്ന്. ഈ വർഷം അദ്ദേഹത്തിന്റെ അനുജൻ എ.എൻ. രാജു പരിശീലനത്തിന് എത്താമെന്ന ഉറപ്പും വാങ്ങിയാണ് അവർ മടങ്ങിയത്.
12ാം വയസ്സിലാണ് അനിരുദ്ധൻ ചവിട്ടുനാടക കലാരംഗത്ത് വരുന്നത്. 1959-ൽ സെബീന റാഫിക്കൊപ്പം റിപ്പബ്ലിക് ദിന പരേഡിൽ ഡൽഹിയിൽ പങ്കെടുത്ത് അന്നത്തെ പ്രധാനമന്ത്രി ജവഹർലാൽ നെഹറുവിനൊപ്പം വേദിപങ്കിട്ട അനിരുദ്ധന്റെ അച്ഛൻ നടരാജനായിരുന്നു ആദ്യഗുരു.
ജോർജ് കുട്ടി, ഈശി ജോസഫ്, ജോസഫ് പടമാടൻ എന്നിവരുടെ കീഴിലും പരിശീലനം നേടി. 1988 മുതൽ ചവിട്ടുനാടകം പരിശീലിപ്പിക്കുന്ന അനിരുദ്ധനാശന് 3000ൽ പരം ശിഷ്യരുണ്ട്. 2004ൽ ഫോക്ലോർ അവാർഡ്, 2010ൽ സംഗീത-നാടക അക്കാദമി അവാർഡ്, മൂന്നുവട്ടം പി.ഒ.സി മാധ്യമ കമീഷൻ അവാർഡും ലഭിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.