ചേന്ദമംഗലം സഹകരണ ബാങ്ക് ക്രമക്കേട്; ഭരണസമിതിയിൽനിന്ന് 20.4 കോടി ഈടാക്കാൻ ഉത്തരവ്
text_fieldsപറവൂർ: കോൺഗ്രസ് ഭരിക്കുന്ന ചേന്ദമംഗലം സഹകരണ ബാങ്കിൽ നടന്ന വായ്പാ തട്ടിപ്പിൽ 20.4 കോടി രൂപയുടെ ക്രമക്കേട് കണ്ടെത്തിയതിനെത്തുടർന്ന് 13 ഭരണസമിതി അംഗങ്ങൾ, മൂന്ന് മുൻ സെക്രട്ടറിമാർ എന്നിവരിൽനിന്ന് നഷ്ടം ഈടാക്കണമെന്ന് ജില്ല സഹകരണ ജോയന്റ് രജിസ്ട്രാർ ഉത്തരവിട്ടു.
ഡി.സി.സി അംഗവും ബാങ്ക് പ്രസിഡന്റുമായ കെ. ശിവശങ്കരൻ, വൈസ് പ്രസിഡന്റ് കെ.ജി. റാഫേൽ, ഭരണസമിതി അംഗങ്ങളായ ബ്ലോക്ക് പഞ്ചായത്ത് അംഗം പി.വി. മണി, പഞ്ചായത്ത് അംഗങ്ങളായ വി.എം. മണി, ജോമി ജോസി, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ശ്രീജിത്ത് മനോഹർ, സി.പി. ഉണ്ണികൃഷ്ണൻ, പി. ഭരതൻ, കെ.കെ. ജിജു, കെ. കൃഷ്ണൻകുട്ടി, കെ.പി. ത്രേസ്യാമ്മ, കെ.കെ. വിലാസിനി, അരുൺ പി. ജോർജ് എന്നിവർക്കും മുൻ സെക്രട്ടറിമാരായ പി.എഫ്. സാലി, ഡി. മുരളീധരൻ, ടി.വി. ഔസേഫ് എന്നിവരടക്കം 16 പേരിൽനിന്നായി 20.4 കോടി ഈടാക്കി ബാങ്കിന്റെ സാമ്പത്തികഭദ്രത സംരക്ഷിക്കണമെന്നാണ് ഉത്തരവിൽ പറയുന്നത്. ക്രമക്കേടിന് കൂട്ടുനിൽക്കാതെ വിയോജനക്കുറിപ്പ് എഴുതിയ ഭരണസമിതിയംഗം ലിജോ കൊടിയനെ നഷ്ടത്തിന്റെ ഉത്തരവാദിത്തത്തിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്. ബാങ്കിന്റെ പണം കൈകാര്യം ചെയ്യുന്നതിൽ നിയമപ്രകാരമുള്ള നടപടികൾ സ്വീകരിക്കാതെ മനഃപൂർവം വീഴ്ചവരുത്തിയതിനാലാണ് ബാങ്കിന് നഷ്ടം സംഭവിച്ചെന്നും ഉത്തരവിലുണ്ട്. ബാങ്കിന്റെ പ്രവർത്തനപരിധിക്ക് പുറത്തുള്ള നിലം കാറ്റഗറിയിൽപെട്ട വിലക്കുറവുള്ള വസ്തു അധിക മതിപ്പുവില കണക്കാക്കി, ഈടായി സ്വീകരിച്ച് 25 ലക്ഷത്തിന്റെ 66 വായ്പകളാണ് ക്രമവിരുദ്ധമായി നൽകിയത്. 2020 ജനുവരി ഒന്നുമുതൽ 2022 ജനുവരി 10 വരെ കാലയളവിൽ നൽകിയ വായ്പകളിലാണ് ക്രമക്കേട് കണ്ടെത്തിയത്. വായ്പ വാങ്ങിയവരുടെ തിരിച്ചടവ് ശേഷി നോക്കാതെയാണ് വായ്പ അനുവദിച്ചത്. ഇതുസംബന്ധിച്ച് ഭരണസമിതി അംഗം ലിജോ കൊടിയൻ ഉൾപ്പെടെയുള്ളവർ സഹകരണ വകുപ്പിന് പരാതി നൽകി. തുടർന്ന് നടത്തിയ പ്രാഥമിക അന്വേഷണത്തിലും 65 (1), 68 (1) വകുപ്പുകളിലുള്ള അന്വേഷണങ്ങളിലും ക്രമക്കേട് വ്യക്തമായിരുന്നു. സഹകരണ വകുപ്പിന്റെ അന്വേഷണത്തിനെതിരെ ബാങ്ക് ഭരണസമിതി ഹൈകോടതിയിൽ ഹരജി നൽകിയെങ്കിലും അനുകൂല തീരുമാനമുണ്ടായില്ല.
അന്വേഷണ റിപ്പോർട്ടിന്മേൽ ആവശ്യമായ തുടർനടപടികൾ സ്വീകരിക്കാൻ ജില്ല ജോയന്റ് രജിസ്ട്രാറോട് ഹൈകോടതിയും നിർദേശിച്ചു. തുടർന്നാണ് 20.4 കോടിയുടെ നഷ്ടോത്തരവാദിത്തം ചുമത്തി ജോയന്റ് രജിസ്ട്രാർ ഉത്തരവിട്ടത്. ഇതുപ്രകാരം 28.47 ലക്ഷം മുതൽ 1.59 കോടി വരെ ഓരോരുത്തരും തിരിച്ചടക്കേണ്ടി വരും. ഉത്തരവ് ലഭിച്ച് ഒരുമാസത്തിനകം പലിശസഹിതം ഇവരിൽനിന്ന് ഈടാക്കുന്നതിനും അല്ലാത്തപക്ഷം റവന്യൂ റിക്കവറി അടക്കം നിയമനടപടികൾ സ്വീകരിക്കുന്നതിനും ബാങ്ക് സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന ഉദ്യോഗസ്ഥയെ ചുമതലപ്പെടുത്തിയിട്ടുണ്ട്.
ബാങ്കിൽ അഡ്മിനിസ്ട്രേറ്റർ ഭരണം വേണം -എൽ.ഡി.എഫ്
പറവൂർ: ചേന്ദമംഗലം സഹകരണ ബാങ്കിൽ ബാങ്കിൽ ഭരണസ്തംഭനം ഒഴിവാക്കാൻ അഡ്മിനിസ്ട്രേറ്ററെ നിയോഗിക്കണമെന്ന് എൽ.ഡി.എഫ് ചേന്ദമംഗലം കമ്മിറ്റി ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ ആവശ്യപ്പെട്ടു. കൺവീനർ ടി.എം. പവിത്രൻ, ജില്ല പഞ്ചായത്ത് അംഗം എ.എസ്. അനിൽകുമാർ, ചേന്ദമംഗലം പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.യു. ശ്രീജിത്ത്, സി.പി.എം ലോക്കൽ സെക്രട്ടറി ടി.ആർ. ലാലൻ, സി.പി.ഐ ലോക്കൽ സെക്രട്ടറി കെ.എസ്. ശിവദാസ്, ബാങ്ക് ഭരണസമിതി അംഗം ലിജോ കൊടിയൻ എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.