തട്ടിപ്പ് കേസ് പ്രതികളെ പൊലീസ് സംരക്ഷിക്കുന്നതായി പരാതി
text_fieldsപറവൂർ: കോടതിയുടെ നിർദേശത്താൽ കേസെടുത്തെങ്കിലും കോടികളുടെ തട്ടിപ്പ് കേസിലെ പ്രതികളെ അറസ്റ്റ് ചെയ്യാതെ പൊലീസ് സംരക്ഷിക്കുന്നതായി പരാതി. ചിറ്റാറ്റുകര പൂയ്യപ്പിള്ളി, കോയമ്പത്തൂരിനടുത്ത് ന്യൂസിദ്ധാ പുദൂർ എന്നിവിടങ്ങളിൽ വൈൻ ജി ഡി ട്രേഡിങ്ങ് പ്രൈവറ്റ് ലിമിറ്റഡ് എന്ന പേരിൽ പ്രവർത്തിച്ചിരുന്ന സ്ഥാപനത്തിെൻറ ദമ്പതികളടക്കമുള്ള മൂന്ന് ഡയറക്ടർമാരാണ് ഏഴരക്കോടിയിലധികം രൂപ, ഉയർന്ന ലാഭവിഹിതം നൽകാമെന്ന് വിശ്വസിപ്പിച്ച് പലരിൽ നിന്നായി പണം തട്ടിയെടുത്തെന്ന് പരാതിയുള്ളത്.
കൂനമ്മാവ് കൊച്ചു തുണ്ടത്തിൽ ഷൈൻ (38) രണ്ട് ലക്ഷം രൂപ കമ്പനിയിൽ നിക്ഷേപിച്ചെങ്കിലും മുതലോ ലാഭ വിഹിതമോ നൽകാതെ വഞ്ചിച്ചതിന് പറവൂർ പൊലീസിൽ പരാതി നൽകിയെങ്കിലും കേസെടുത്തില്ല. ആലുവ റൂറൽ എസ്.പി.ക്ക് പരാതി നൽകിയിട്ടും പൊലീസ് നിഷ്ക്രിയത്വം തുടർന്നതിനാൽ പറവൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് ഒന്നാം നമ്പർ കോടതിയെ സമീപിച്ച് കേസെടുക്കാൻ ഉത്തരവിട്ടതോടെയാണ് പൊലീസ് കേസെടുത്തത്.
വൈൻ ജി.ഡി ഡയറക്ടർമാരായ പൂയപ്പിള്ളി കളത്തിൽ അനിൽകുമാർ, ഭാര്യ ശോഭ, നീറിക്കോട് സ്വദേശി ഷാജി എന്നിവർക്കെതിരെയാണ് വഞ്ചനാക്കുറ്റത്തിന് കേസെടുത്തത്.അനിൽകുമാർ ഖത്തറിലാണ്. എന്നാൽ, കേസെടുത്ത് രണ്ട് മാസം പിന്നിട്ടിട്ടും നാട്ടിലുള്ള പ്രതികളെ അറസ്റ്റ് ചെയ്യാൻ പൊലീസ് തയാറാകുന്നില്ലെന്നാണ് പരാതിക്കാരുടെ ആക്ഷേപം.
2, 20,000 രൂപ നഷ്ടപ്പെട്ടതിന് പാലക്കാട് മണ്ണാർക്കാട് സ്വദേശി മുണ്ടയിൽ ഉണ്ണികൃഷ്ണൻ നൽകിയ പരാതിയിലും കേസെടുത്തിട്ടുണ്ട്. സ്ക്രാപ്പ് ബിസിനസ് വിപുലീകരണത്തിനെന്ന് പറഞ്ഞാണ് പ്രതികൾ പണം സമാഹരിച്ചത്. ഒരു ലക്ഷം നിക്ഷേപിച്ചാൽ 40 ആഴ്ച അയ്യായിരം രൂപ വീതം നൽകും എന്നായിരുന്നു വാഗ്ദാനം. വിശ്വാസം ഉറപ്പിക്കാൻ ബാങ്ക് ഗ്യാരൻറിയും കുറച്ച് പേർക്ക് നൽകിയിരുന്നു. കുറച്ചു പേർക്ക് ആഴ്ച തോറും നികുതിയും സർവിസ് ചാർജും കഴിച്ച് 4500 രൂപ വീതം നൽകിയിരുന്നു. ഇതോടെയാണ് കൂടുതൽ പേർ പണം നിക്ഷേപിക്കാൻ തയാറായത്. ബാങ്ക് ഗ്യാരൻറി ലഭിച്ച കുറച്ച് പേർക്ക് മുതലും ലാഭവും ലഭിച്ചു.
സംശയാസ്പദ അക്കൗണ്ട് എന്ന് കണ്ടെത്തിയതിനെ തുടർന്ന് അക്കൗണ്ട് ബാങ്ക് ബ്ലോക്ക് ചെയ്തിരിക്കയാണ്. പലവട്ടം പരാതിക്കാരുമായി ഒത്തുതീർപ്പ് ചർച്ച നടത്തിയെങ്കിലും പ്രതികൾ ഉറപ്പുകൾ പാലിച്ചില്ല.കേരളത്തിലും തമിഴ്നാട്ടിലുമായി നിരവധി പേർക്കാണ് പണം നഷ്ടപ്പെട്ടിട്ടുള്ളത്. പൊലീസ് പ്രതികളെ സംരക്ഷിക്കുന്നതിനെതിരെ മുഖ്യമന്ത്രിക്ക് പരാതി നൽകുമെന്ന് പണം നഷ്ടപ്പെട്ടവർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.