പറവൂർ സഹകരണ ബാങ്കിലെ അഴിമതി അന്വേഷിക്കാൻ കോടതി ഉത്തരവ്
text_fieldsപറവൂർ: എൽ.ഡി.എഫ് ഭരിക്കുന്ന പറവൂർ സഹകരണ ബാങ്കിലെ ഇൻകംടാക്സ് അഴിമതി ഉൾപ്പെടെ ആരോപണങ്ങൾ അന്വേഷിക്കാൻ മൂവാറ്റുപുഴ വിജിലൻസ് കോടതി ഉത്തരവിട്ടതായി കോൺഗ്രസ് മണ്ഡലം പ്രസിഡന്‍റ് അനു വട്ടത്തറ, ബ്ലോക്ക് സെക്രട്ടറി രമേഷ് ഡി. കുറുപ്പ് എന്നിവർ വാർത്തസമ്മേളനത്തിൽ അറിയിച്ചു.
എറണാകുളം വിജിലൻസ് ആൻഡ് ആന്‍റി കറപ്ഷൻ ബ്യൂറോയിലെ ഡി.വൈ. എസ്.പിക്കാണ് അന്വേഷണച്ചുമതല. മൂന്ന് മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് ഉത്തരവിൽ പറയുന്നു. ബാങ്ക് അംഗവും കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറിയുമായ എൻ. മോഹനൻ ആണ് പരാതിക്കാരൻ. പരാതിക്കാരൻ വിവരാവകാശ നിയമപ്രകാരം ശേഖരിച്ച വൗച്ചറുകൾ, രേഖകൾ, ഓഡിറ്റ് റിപ്പോർട്ടുകൾ എന്നിവ പരിശോധിച്ചാണ് നിർദേശം നൽകിയത്. 2013 മുതൽ 2021 വരെ കാലയളവിൽ നടന്ന ഇൻകംടാക്സ് ഇടപാടിൽ ആർ.ബി.ഐ നിയമങ്ങൾക്ക് വിരുദ്ധമായി പണം കൈമാറി.
ഇതിനായി ബാങ്ക് ചുമതലപ്പെടുത്തിയ അഭിഭാഷകന് ഫീസ് നൽകാനും മറ്റു ചെലവുകൾക്കും വൻ തുക ചെലവഴിച്ചു. പണം നൽകിയ രേഖകളിലും വൗച്ചറുകളിലും പൊരുത്തക്കേടുണ്ട്. ബാങ്കിനുസമീപം പുതിയ കെട്ടിടം നിർമിക്കാൻ ഭൂമി വാങ്ങിയതും ഓണത്തിന് സൗജന്യമായി അരി വിതരണം ചെയ്തതും ബാധ്യത മറച്ചുവെച്ച് വായ്പ പുതുക്കി കൂടുതൽ തുക നൽകിയതും ഉൾപ്പെടെ പരാതികളിൽ ബാങ്കിന് വലിയ സാമ്പത്തിക നഷ്ടം ഉണ്ടായിട്ടുണ്ടോ എന്നും പരിശോധിക്കണം.
പൊതുപ്രവർത്തകർക്കെതിരെ കേസെടുക്കുമ്പോൾ 17 എ വകുപ്പുപ്രകാരം സർക്കാറിന്‍റെ മുൻകൂർ അനുമതി വാങ്ങണമെന്ന നിയമം ഇതിന് ബാധകമല്ലെന്നും ഉത്തരവിലുണ്ട്.അഴിമതി ആരോപണങ്ങൾ സംബന്ധിച്ച് സി.പി.എം അന്വേഷണം നടത്തിയെങ്കിലും പ്രതികളെ രക്ഷിക്കാൻ ഒതുക്കിയതായി കോൺഗ്രസ് മണ്ഡലം കമ്മിറ്റി ആരോപിച്ചു.
ആരോപണങ്ങളിൽ കഴമ്പില്ലെന്ന ഏരിയ സെക്രട്ടറിയുടെ നിലപാട് തെറ്റാണെന്ന് കോടതി നിരീക്ഷണങ്ങളിൽ വ്യക്തമാണെന്നും ബാങ്ക് ഭരണസമിതി രാജിവെച്ച് അന്വേഷണം നേരിടണമെന്നും മണ്ഡലം പ്രസിഡന്‍റ് അനു വട്ടത്തറ, ബ്ലോക്ക് സെക്രട്ടറിമാരായ രമേഷ് ഡി. കുറുപ്പ്, ഡെന്നി തോമസ്, ജോസ് മാളിയേക്കൽ എന്നിവർ ആവശ്യപ്പെട്ടു. എന്നാൽ, കേസിൽ അന്വേഷണം ഉണ്ടാകുന്നത് സാധാരണ നടപടിയാണെന്നും അന്വേഷണം നേരിടാൻ തയാറാണെന്നും ബാങ്കിന്‍റെ ഭാഗത്തുനിന്ന് തെറ്റുണ്ടായിട്ടില്ലെന്നും ബാങ്ക് പ്രസിഡന്‍റ് കെ.എ. വിദ്യാനന്ദൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.