ഏഴിക്കരയിൽ തർക്കം രൂക്ഷം; രണ്ട് ബ്രാഞ്ച് സമ്മേളനങ്ങൾ നിർത്തിവെച്ചു
text_fieldsപറവൂർ: മേഖലയിൽ സി.പി.എം ബ്രാഞ്ച് സമ്മേളനങ്ങൾക്ക് തുടക്കമായെങ്കിലും ഏഴിക്കരയിൽ സമ്മേളനങ്ങൾ മുന്നോട്ട് കൊണ്ടുപോകാനാകാതെ നേതൃത്വം വിഷമസന്ധിയിൽ. ഏഴിക്കരയിൽ ഇതുവരെ നടന്ന മൂന്ന് ബ്രാഞ്ച് സമ്മേളനങ്ങളിൽ രണ്ടെണ്ണം പൂർത്തീകരിക്കാനാകാതെ നിർത്തിവെച്ചു.
പഞ്ചായത്ത് പടി, നന്ത്യാട്ടുകുന്നം വെസ്റ്റ് ബ്രാഞ്ച് സമ്മേളനങ്ങളാണ് ബ്രാഞ്ച് സെക്രട്ടറി തെരഞ്ഞെടുപ്പിൽ മത്സരം വന്നതോടെ നിർത്തിവച്ചത്. 20ന് നടന്ന പഞ്ചായത്ത് പടി സമ്മേളനം സംസ്ഥാന കമ്മിറ്റി അംഗം എസ്. ശർമയാണ് ഉദ്ഘാടനം ചെയ്തതത്. ഏരിയ കമ്മിറ്റിയിൽനിന്ന് യേശുദാസ് പറപ്പിള്ളിയും ലോക്കൽ സെക്രട്ടറി എ.എസ്. ദിലീഷും പങ്കെടുത്തിരുന്നു.
ഏരിയ സെക്രട്ടറി ടി.ആർ. ബോസിനെതിരെ രൂക്ഷ വിമർശനമാണ് അംഗങ്ങൾ ഉയർത്തിയത്. ഏരിയയിൽ പാർട്ടി പിന്നോട്ട് പോയതും വർഗ ബഹുജന സംഘടനകളുടെ തകർച്ചയുമെല്ലാം പറഞ്ഞായിരുന്നു വിമർശനം. സംസ്ഥാന നേതൃത്വത്തിനെതിരേയും വിമർശനമുയർന്നു. എന്നാൽ, സംസ്ഥാന-ഏരിയ നേതൃത്വങ്ങളെ സംരക്ഷിച്ചുള്ള മറുപടിയാണ് എസ്. ശർമയിൽ നിന്നുണ്ടായത്.
ശർമ മടങ്ങിയതിന് ശേഷമാണ് ബ്രാഞ്ച് സെക്രട്ടറി സ്ഥാനത്തേക്ക് മത്സരം ഉണ്ടായത്. നിലവിലെ സെക്രട്ടറി ലാലുവിനെതിരെ ലോക്കൽ നേതൃത്വത്തിന്റെ പിന്തുണയോടെ മുരളി എന്നയാൾ മത്സരത്തിനെത്തി. മത്സരം ഒഴിവാക്കാൻ ശ്രമം നടത്തിയെങ്കിലും പിന്മാറാൻ ഇരുവരും തയാറാകാത്തതോടെ സമ്മേളനം നിർത്തി വെച്ച് നേതാക്കൾ മടങ്ങുകയായിരുന്നു.
ലോക്കൽ സെക്രട്ടറിയുടെ ആശീർവാദത്തോടെയാണ് മുരളി മത്സര രംഗത്തെത്തത്തിയതെന്നാണ് വിവരം. ശനിയാഴ്ച നടന്ന നന്ത്യാട്ടുകുന്നം ബ്രാഞ്ച് സമ്മേളനം ഏരിയ സെക്രട്ടറി ടി.ആർ. ബോസ് ആണ് ഉദ്ഘാടനം ചെയ്തത്. എ.ഡി.ജി.പി, പി. ശശി വിഷയത്തിൽ മുഖ്യമന്ത്രി സ്വീകരിക്കുന്ന നിലപാടിനെതിരെ അംഗങ്ങൾ രംഗത്ത് വന്നു. സാമൂഹ്യ മാധ്യമത്തിലൂടെ ഏരിയ സെക്രട്ടറിക്കെതിരെ നിരന്തരം ആരോപണങ്ങൾ ഒരാൾ ഉന്നയിച്ചിട്ടും സോഷ്യൽ മീഡിയയുടെ ചുമതലക്കാർ മറുപടി നൽകാത്തതിലായിരുന്നു വിമർശനം.
ഒരു ഏരിയ കമ്മിറ്റിയംഗത്തിന്റെ സാമ്പത്തിക ഇടപാട്, മറ്റൊരു ഏരിയ കമ്മിറ്റിയംഗത്തിന്റെ ഭാര്യ സമുദായ സംഘടനയിൽ നടത്തിയ സാമ്പത്തിക ക്രമക്കേട്, പാർട്ടിയെ അവഹേളിക്കുന്ന രീതിയിൽ സോഷ്യൽ മീഡിയയിൽ പാർട്ടി അംഗങ്ങൾ നടത്തുന്ന ഇടപെടൽ, ഏരിയ - ലോക്കൽ നേതൃത്വത്തിന്റെ കഴിവുകേടുകൾ, ഏഴിക്കരയിൽ സമീപകാലത്തെ തിരഞ്ഞെടുപ്പിൽ നേരിട്ട തിരിച്ചടികളുമെല്ലാം അംഗങ്ങൾ ചർച്ചയിൽ ഉയർത്തി. പറവൂരിലെ സഹകരണ ബാങ്കിൽ അഴിമതി നടത്തിയയാളെ സംരക്ഷിക്കുകയാണെന്നും വിമർശനം ഉയർന്നു.
വിമർശനങ്ങൾക്കൊന്നും എരിയ സെക്രട്ടറി ടി.ആർ. ബോസിന് മറുപടിയുണ്ടായില്ല. ഗാന്ധി സ്മാരക സഹകരണ ബാങ്ക് പ്രസിഡന്റും നിലവിലെ ബ്രാഞ്ച് സെക്രട്ടറിയുമായ കെ.കെ. സുധിക്കെതിരെ ദേവദാസിന്റെ പേര് ഭൂരിപക്ഷം അംഗങ്ങളും നിർദേശിച്ചതോടെയാണ് സമ്മേളനം മത്സരത്തിലേക്ക് നീങ്ങിയത്.
രണ്ടു പേരും പിൻമാറാൻ തയാറാകാതിരുന്നതിനാൽ സമ്മേളനം നിർത്തിവെക്കാൻ എരിയ സെക്രട്ടറി നിർദേശിക്കുകയായിരുന്നു. ലോക്കൽ നേതൃത്വത്തിന്റെ സംഘടന വിരുദ്ധ പ്രവണതകൾക്കെതിരെ കൂടുതൽ ബ്രാഞ്ച് സമ്മേളനങ്ങളിൽ സമാന രീതിയിലുള്ള പ്രശ്നങ്ങൾ ഉണ്ടാകാൻ സാധ്യതയേറെയാണ്. ഇത് ഏരിയ -ജില്ല നേതൃത്വത്തിനും വരും ദിവസങ്ങളിൽ തലവേദനക്ക് വഴിവക്കാനാണ് സാധ്യത.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.