വിദ്യാർഥിനിയുടെ മരണം; ബസ് സ്റ്റാൻഡിലേക്ക് മാർച്ച് നടത്തി സഹപാഠികൾ
text_fieldsപറവൂർ: സ്വകാര്യ ബസ് ഡ്രൈവറുടെ അശ്രദ്ധമൂലം മാല്യങ്കര എസ്.എൻ.എം കോളജിന് മുന്നിൽ വിദ്യാർഥിനി മരിക്കാനിടയായ സംഭവത്തിൽ പ്രതിഷേധിച്ച് എസ്.എഫ്.ഐ ഏരിയ കമ്മിറ്റി നേതൃത്വത്തിൽ വിദ്യാർഥികൾ സ്വകാര്യ ബസ് സ്റ്റാൻഡിലേക്ക് പ്രതിഷേധ മാർച്ചും ധർണയും നടത്തി. പ്രതിഷേധത്തിൽ പങ്കെടുത്ത പ്രവർത്തകരിൽ ഒരാൾക്ക് നേരെ പൊലീസ് അതിക്രമം നടത്തിയെന്ന് ആരോപിച്ച് സമരക്കാരും പൊലീസും ചെറിയതോതിൽ വാക്കേറ്റമുണ്ടായി. സി.പി.എം ഏരിയ സെക്രട്ടറി ടി.ആർ. ബോസ് ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് ആദിൽ സുകുമാരൻ അധ്യക്ഷത വഹിച്ചു.
വ്യാഴാഴ്ച വൈകീട്ട് നാലിന് കോളജിൽ പരീക്ഷ എഴുതിയ ശേഷം സഹപാഠിക്കൊപ്പം ബൈക്കിൽ നിൽക്കെ അമിത വേഗത്തിൽ നിയന്ത്രണംവിട്ട ബസ് കയറി രണ്ടാം വർഷ ബി.കോം വിദ്യാർഥിനി ആലുവ കീഴ്മാട് ഇരുമ്പനത്ത് വീട്ടിൽ ജോയി-ഷെൽമി ദമ്പതികളുടെ മകൾ ജിസ്മി (19) ദാരുണമായി മരിച്ചിരുന്നു. കൊടുങ്ങല്ലൂരിൽനിന്ന് മാല്യങ്കര പാലം വഴി എറണാകുളത്തേക്ക് പോയ സൗപർണിക ബസാണ് അപകടം വിതച്ചത്. വിദ്യാർഥികളെ കയറ്റാതിരിക്കാൻ കോളജിന് മുന്നിലെത്തുമ്പോൾ വേഗം കൂട്ടി പതിവായി കടന്നുപോകുന്ന ബസാണിത്.
ഇതുസംബന്ധിച്ച് പലവട്ടം വിദ്യാർഥികൾ പരാതി ഉന്നയിച്ചെങ്കിലും അധികാരികൾ ഫലപ്രദമായി ഇടപെടാതിരുന്നതാണ് അപകടത്തിനിടയാക്കിയത്.
സ്വകാര്യ ബസുകളുടെ മരണപ്പാച്ചിൽ അവസാനിപ്പിക്കണമെന്നും എസ്.എഫ്.ഐ ആവശ്യപ്പെട്ടു. ജില്ല സെക്രട്ടേറിയറ്റ് അംഗം സേതുപാർവതി, ഏരിയ സെക്രട്ടറി അതുൽ മോഹൻ, ജില്ല കമ്മിറ്റി അംഗം കെ.എസ്. അശ്വതി, കെ.എ. അതുൽജിത് എന്നിവർ സംസാരിച്ചു.
അതേസമയം, അപകടമുണ്ടാക്കിയ ബസ് വടക്കേക്കര പൊലീസ് കസ്റ്റഡിയിലെടുത്തു. ബസ് ഡ്രൈവർ പള്ളിപ്പുറം സ്വദേശി ആയുഷിനെ (22) അറസ്റ്റ് ചെയ്തു. ഇയാൾക്കെതിരെ മനഃപൂർവമല്ലാത്ത നരഹത്യക്കാണ് കേസെടുത്തിരിക്കുന്നത്. ഇയാളുടെ ലൈസൻസ് സസ്പെൻഡ് ചെയ്യാൻ നടപടി സ്വീകരിക്കുമെന്ന് പൊലീസ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.