കുഴിയടച്ച് കുഴിയാക്കി ജല അതോറിറ്റി
text_fieldsപറവൂർ: പൈപ്പുകൾ പൊട്ടിയുണ്ടാകുന്ന വലിയ കുഴികൾ കൃത്യതയോടെ അടക്കുന്നതിൽ ജല അതോറിറ്റി കാണിക്കുന്ന അനാസ്ഥ അപകടം ക്ഷണിച്ചുവരുത്തുന്നു. കരാറുകാർ തോന്നുംവിധം കുഴി അടച്ച് സ്ഥലം വിടുകയാണ് പതിവ്. വലിയ കുഴികളിൽ മണ്ണ് നിറച്ച് മുകൾ ഭാഗത്ത് ടൈൽ വിരിക്കുന്നതോടെ അവയുടെ പണി കഴിഞ്ഞു. മഴയിൽ മണ്ണ് ഇരുന്ന് ഉണ്ടാകുന്ന കുഴികളിൽ വെള്ളം കെട്ടിക്കിടക്കുന്നതാണ് യാത്രക്കാർക്കും വാഹനങ്ങൾക്കും ഭീഷണി ഉയർത്തുന്നത്. സ്ഥാനം തെറ്റിയുള്ള ടൈലുകൾ ഇരുചക്ര വാഹനങ്ങളെ അപകടത്തിലാക്കുന്നു. പറവൂർ ടൗണിൽ റസ്റ്റ് ഹൗസിന് സമീപം പ്രധാന റോഡിലും ചേന്ദമംഗലം കവലയിലും ഇത്തരത്തിലെ അപകടക്കെണികൾ കാണാം.
തോന്നിയകാവ് ക്ഷേത്രത്തിന് സമീപവും ചേന്ദമംഗലത്തും വാട്ടർ അതോറിറ്റി പൈപ്പ് പൊട്ടിയത് മൂലമുള്ള കുഴികൾ അശാസ്ത്രീയമായാണ് അടച്ചത്. രാത്രിയിൽ പരിചയമില്ലാത്ത വാഹനയാത്രക്കാരാണ് ഇത്തരം കുഴികളിൽ ചാടുന്നത്. എന്നാൽ, കുഴികൾ അടക്കുന്നതിന്റെ പേരിൽ ഓരോ വർഷവും ലക്ഷങ്ങളാണ് ചെലവിടുന്നത്. ഒരേ സ്ഥലത്ത് രണ്ടും മൂന്നും തവണ നന്നാക്കി തുക അടിച്ചു മാറ്റുന്ന രീതിയും ഉണ്ടത്രെ.
റസ്റ്റ് ഹൗസിന് മുന്നിലെ വലിയ കുഴി ഒരിക്കൽ നന്നാക്കിയതാണ്. ടൈലുകൾ താഴ്ന്നപ്പോൾ വീണ്ടും ശരിയാക്കി. ഇപ്പോൾ വീണ്ടും വലിയ കുഴി രൂപപ്പെട്ട് വെള്ളം കെട്ടിക്കിടക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.